News - 2024

ദാരിദ്ര്യ നിർമാർജനത്തിനു പത്തുലക്ഷം ഡോളറിന്റെ പദ്ധതിയുമായി കത്തോലിക്ക സംഘടന

സ്വന്തം ലേഖകന്‍ 28-09-2019 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: ദാരിദ്ര്യ നിർമ്മാര്‍ജ്ജനത്തിനായി നവീന ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ പ്രത്യേക പദ്ധതിയുമായി കത്തോലിക്ക സംഘടന. 165 കത്തോലിക്ക ജീവകാരുണ്യ സംഘടനകളുടെ മാതൃ പ്രസ്ഥാനമായ കാത്തലിക് ചാരിറ്റീസ് യുഎസാണ് ദാരിദ്ര്യ നിർമ്മാര്‍ജ്ജനത്തിനായി പുതിയ ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തില്‍ പുതു ആശയവുമായി രംഗത്ത് വരുന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ സംഘടനകൾക്ക് പത്തുലക്ഷത്തോളം ഡോളര്‍ കൈമാറും. കാത്തലിക് ചാരിറ്റീസ് യുഎസ്എ അധ്യക്ഷയായ സിസ്റ്റർ ഡോണ മാർക്കമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രഖ്യാപനം വ്യാഴാഴ്ച നടത്തിയത്.

വിവിധ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തവും, നവീനവുമായ രീതികളിൽ പരിഹരിക്കുന്നതിനായി പ്രസ്ഥാനത്തിലൂടെ അവസരം നൽകാൻ ആഗ്രഹിക്കുന്നതായി സിസ്റ്റർ ഡോണ വ്യക്തമാക്കി. വലിയ മാറ്റങ്ങൾക്ക് കാരണമാകാന്‍ സാധ്യതയുള്ള ആശയങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇതു ഇടയാക്കുമെന്നും സിസ്റ്റർ ഡോണ പ്രത്യാശ പ്രകടിപ്പിച്ചു. നിര്‍ധനരായ സാധുക്കള്‍ക്ക് വേണ്ടി വിവിധ കത്തോലിക്ക സംഘടനകൾ പാർപ്പിടവും, ഭക്ഷണവും, മെഡിക്കൽ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോള്‍ ആദ്യം സഹായ ഹസ്തവുമായി ഓടിയെത്തുന്നതും കത്തോലിക്ക സംഘടനകളാണ്. ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.

More Archives >>

Page 1 of 493