News

സിറിയൻ പട്ടണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 21 ക്രൈസ്തവരെ വധിച്ചു

സ്വന്തം ലേഖകന്‍ 12-04-2016 - Tuesday

കഴിഞ്ഞയാഴ്ച്ച സിറിയൻ സേന തിരിച്ചുപിടിച്ച ഖ്വരാട്ടെയ്ൻ പട്ടണം വിട്ടൊഴിയുന്നതിനു മുമ്പ്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ, സ്ത്രീകളും കുട്ടികളും ഉൾപ്പടെ 21 ക്രൈസ്തവരെ വധിച്ചു എന്ന് സിറിയൻ ഓർത്തോഡക്സ് സഭാ മേധാവി പാത്രിയാർക്കീസ് ഇഗ്‌നേഷ്യസ് എഫ്രേം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ പട്ടണം മുസ്ലീം ഭീകരരുടെ നിയന്ത്രണത്തിലായതിനു ശേഷം അനവധി ക്രൈസ്തവർ പട്ടണം വിട്ട് ഒഴിഞ്ഞു പോകുകയുണ്ടായി. മുന്നൂറോളം ക്രൈസ്തവർ പട്ടണം വിട്ടു പോകാതെ അവിടെ തന്നെ തുടരുകയായിരുന്നു. അതിൽപ്പെട്ട 21 പേരാണ് കൊല്ലപ്പെട്ടത്.

പട്ടണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവരും ISIS അടിച്ചേൽപ്പിച്ച ഇസ്ലാം നിയമം ലംഘിച്ചവരുമാണ് വധിക്കപ്പെട്ടത് എന്ന് അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ അഞ്ചു ക്രൈസ്തവരെ പറ്റി വിവരമൊന്നുമില്ല; അവർ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

തട്ടികൊണ്ടു പോകപ്പെട്ട പലരും, ബന്ധുക്കൾ മോചനദ്രവ്യം നൽകിയതിനെ തുടർന്ന് വിട്ടയക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവരായ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി വിൽപ്പന നടത്തിയും, ISIS അവരുടെ പ്രവർത്തനങ്ങൾക്കുള്ള പണം സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനെല്ലാം ഒരു രാഷ്ട്രീയപരിഹാരം ഉണ്ടാകുമെന്ന് സഭ പ്രതീക്ഷിക്കുന്നു.

നൂറ്റാണ്ടുകളായി തങ്ങൾ ജീവിച്ചു പോരുന്ന ഒരു യാഥാർത്ഥ്യമാണ് ഇസ്ലാമിക് ഭീകരത എന്നും ഈയടുത്ത കാലത്തു മാത്രമാണ് അത് ഇത്ര ക്രൂരവും നിന്ദ്യവുമായി തീർന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

"മറ്റു മതങ്ങളുമായുള്ള സഹവർത്തിത്വത്തിന് ഞങ്ങൾ എന്നും ശ്രമിച്ചുകൊണ്ടിരിക്കും.'' അദ്ദേഹം പറഞ്ഞു.

1500 വർഷം പഴക്കമുള്ള ക്രൈസ്തവ ആശ്രമം ഉൾപ്പടെ ദേവാലയങ്ങളും വീടുകളും തകർത്തിട്ടാണ് ISIS ഈ പട്ടണം വിട്ട് പിൻവാങ്ങിയത്. പട്ടണം വിട്ടു പോയ ക്രൈസ്തവരും മുസ്ലിങ്ങളുമുൾപ്പടെ പതിനായിരക്കണക്കിന് ജനങ്ങൾ ഖ്വരാട്ടെയിനിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്.

More Archives >>

Page 1 of 31