News - 2025
കത്തോലിക്കർ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന്, രാജ്യത്തിൻറെ നന്മക്കുവേണ്ടി പ്രവർത്തിക്കണം: സ്കോട്ടിഷ് മെത്രാന്മാർ
അഗസ്റ്റസ് സേവ്യർ 06-04-2016 - Wednesday
രാജ്യത്തിൻറെ ഭാവി മറ്റുള്ളവരെ ഏൽപ്പിച്ചു മാറി നിൽക്കാതെ, കത്തോലിക്കർ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് രാജ്യത്തിൻറെ നന്മക്കുവേണ്ടി പ്രവർത്തിക്കണമെന്ന് സ്കോട്ട് ലൻണ്ട് ബിഷപ്പുമാർ ആഹ്വാനം ചെയ്യുന്നു.
ഈ വരുന്ന വാരാന്ത്യത്തിൽ (9/10, ഏപ്രിൽ) സ്കോട്ട് ലൻണ്ടിലെ അഞ്ഞൂറിൽ പരം വരുന്ന എല്ലാ കത്തോലിക്കാ ഇടവകകളിലും വായിക്കുവാനായി എട്ടു മെത്രാന്മാർ ചേർന്ന് അയയ്ക്കുന്ന ഇടയലേഖനത്തിലൂടെയാണ്, ഇടവകാംഗങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ ചേരാനും അതുവഴി കൂടുതൽ കാര്യക്ഷമമായി രാജ്യഭരണത്തിൽ പങ്കെടുക്കാനും ആവശ്യപ്പെടുന്നത്. മാത്രമല്ല, വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കാനും അങ്ങനെ രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാനും ക്രൈസ്തവർ ശ്രമിക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു.
ഭ്രൂണഹത്യ ഉൾപ്പടെയുള്ള നിർണ്ണായക വിഷയങ്ങളിൽ പാർലിമെന്റാണ് തീരുമാനങ്ങൾ എടുക്കുന്നതും നിയമനിർമ്മാണം നടത്തുന്നതും എന്ന വസ്തുത പരിഗണിച്ചാണ്, തിരഞ്ഞെടുപ്പുകളിൽ കത്തോലിക്കർ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് മെത്രാന്മാർ നിർദ്ദേശിക്കുന്നത്.
ഇടയലേഖനത്തിലെ നിർദ്ദേശങ്ങൾ
1. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക എന്നത് കത്തോലിക്കരുടെ ധർമ്മമാണ്. അതു കൊണ്ട് ഈ വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ കത്തോലിക്കരും വോട്ടു ചെയ്ത് അവരവരുടെ പൗരധർമ്മം നിർവ്വഹിക്കണമെന്ന് മെത്രാന്മാർ അഭ്യർത്ഥിക്കുന്നു.
2. പാർലിമെന്റിന് നിർണ്ണായക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരമുണ്ടെന്നു മനസിലാക്കുക. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, നികുതി എന്നീ കാര്യങ്ങളിൽ പാർലിമെന്റാണ് തീരുമാനങ്ങൾ എടുക്കുന്നത്. കത്തോലിക്കാ സഭ അനുവദിക്കാത്ത ഭ്രൂണഹത്യ എന്ന വിഷയത്തിലും പാർലിമെന്റാണ് നിയമനിർമ്മാണം നടത്തേണ്ടത് എന്ന് ഓർമ്മിച്ചിരിക്കുക
3. പാർട്ടികളോടും സ്ഥാനാർത്ഥികളോടും രാഷ്ട്രീയ പാർട്ടികളോടും നിങ്ങളുടെ കത്തോലിക്കാ വീക്ഷണങ്ങൾ പങ്കുവെയ്ക്കുക. കത്തോലിക്കാ വീക്ഷണങ്ങളുമായി ഒത്തു പോകുമെന്ന് നിങ്ങൾക്ക് വിശ്വാസമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക.
4. ഈ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ ക്രൈസ്തവ ഉൾക്കാഴ്ച്ച നിങ്ങളെ നയിക്കട്ടെ. ബലഹീനർക്കു വേണ്ടിയുള്ള വീക്ഷണം, മനുഷ്യ ജീവന്റെ മഹത്വത്തിലേക്കുള്ള ഉൾക്കാഴ്ച്ച, കുടുംബത്തിലേക്കുള്ള ഉൾക്കാഴ്ച്ച നീതിയിലേക്കും ന്യായത്തിലേക്കുമുള്ള ഉൾക്കാഴ്ച്ച, ഈ കത്തോലിക്കാ വീക്ഷണങ്ങൾ നിങ്ങളെ നയിക്കട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു
5. രാജ്യത്തിൻറെ ഭാവി മറ്റുള്ളവരെ ഏൽപ്പിച്ചു മാറി നിൽക്കരുത്. കത്തോലിക്കർ രാഷട്രീയ പാർട്ടികളിൽ ചേരുന്നത് ഉചിതമായിരിക്കും എന്ന് ഞങ്ങൾ കരുതുന്നു. ക്രൈസ്തവ വീക്ഷണങ്ങളിലൂടെയുള്ള സാമൂഹനന്മയ്ക്കും സാമൂഹ പരിവർത്തനത്തിനും കത്തോലിക്കരുടെ രാഷ്ട്രീയ പങ്കാളിത്തം പ്രധാനമാണ് എന്ന് ഞങ്ങൾ കരുതുന്നു.