Faith And Reason - 2024
ദൈവവിളികൾ വർദ്ധിക്കാത്തതിന്റെ കാരണം വൈദികരുടെ വിശുദ്ധി കുറവ്: ബിഷപ്പ് വെല്ലിംഗ്ടൺ കൂരോസ്
സ്വന്തം ലേഖകന്‍ 19-10-2019 - Saturday
റോം: വൈദിക ബ്രഹ്മചര്യമല്ല, മറിച്ച് വൈദികരുടെ വിശുദ്ധി കുറവാണ് ദൈവവിളികൾ വർദ്ധിക്കാത്തതിന്റെ പ്രധാന കാരണമെന്ന് ആമസോൺ സിനഡിൽ പങ്കെടുക്കുന്ന ബ്രസീലിയൻ മെത്രാനായ വെല്ലിംഗ്ടൺ ഡി കൂരോസ് വിയേര. വിവാഹം കഴിഞ്ഞ ആമസോൺ നിവാസികളായ പുരുഷന്മാരെ പൗരോഹിത്യ ശുശ്രൂഷക്കുവേണ്ടി പരിഗണിക്കണമെന്ന വിഷയം സിനഡ് പരിഗണിക്കവെയാണ് ക്രിസ്റ്റലാൻഡിയ രൂപതയുടെ മെത്രാനായ അദ്ദേഹം പ്രസ് കോണ്‍ഫറന്‍സില്‍ പ്രസ്താവന നടത്തിയത്.
ആമസോണ്‍ മേഖലയിലെ വൈദികരുടെ കുറവിന് കാരണം വൈദിക ബ്രഹ്മചര്യമല്ലെന്നും മറിച്ച് വൈദികരുടെ വിശുദ്ധിയില്‍ വന്ന കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയിപ്പോൾ വിവാഹം കഴിഞ്ഞവരെ പുരോഹിതരായി നിയമിച്ചാൽ തന്നെ, ഏറ്റവും പ്രധാനപ്പെട്ട ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗീക വിവാദങ്ങളും മെത്രാന്മാരുടെയും, വൈദികരുടെയും, ഡീക്കൻമാരുടെയും വിശുദ്ധിയില്ലായ്മയുമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ വൈദികർ, അവരുടെ ജനത്തോട് അടുത്ത് നിൽക്കാറുണ്ടെങ്കിലും, ക്രിസ്തുവിന്റെ പരിമളവും സന്ദേശവും ആളുകളിലേക്ക് കൈമാറാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ചില വൈദികർ ക്രിസ്തുവിൽ നിന്നും ആളുകളെ അകറ്റുകയാണ് ചെയ്യുന്നത്, ചിലർ അവരവരുടെ തന്നെ പ്രഘോഷകരായി മാറിയിരിക്കുകയാണെന്നും ബിഷപ്പ് വെല്ലിംഗ്ടൺ കൂട്ടിച്ചേർത്തു. യുവാക്കൾ വിശുദ്ധിയുടെ മാതൃകകളാണ് അന്വേഷിക്കുന്നതെന്നും, അതിനാൽ തന്നെ താന്‍ വിശുദ്ധ ജീവിതം നയിച്ചാൽ, തനിക്ക് വൈദികരുടെ കുറവ് അനുഭവപ്പെടില്ലെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.