Youth Zone - 2024
പാപ്പ പറഞ്ഞുവെന്ന പേരിൽ വ്യാജ തർജ്ജമയുമായി വീഡിയോ: സത്യം തുറന്നുക്കാട്ടി യുവ മലയാളി വൈദികന്‍
സ്വന്തം ലേഖകന്‍ 03-11-2019 - Sunday
റോം: ഫ്രാൻസിസ് മാർപാപ്പ ഇറ്റാലിയൻ ഭാഷയിൽ നൽകിയ സന്ദേശത്തിന്റെ വ്യാജ തർജ്ജമയുമായി ഇറങ്ങിയ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ മുന്നറിയിപ്പുമായി യുവവൈദികന്റെ പോസ്റ്റ്. പാപ്പ പറയുന്നതില്‍ നിന്നും പൂര്‍ണ്ണമായി വിഭിന്നമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വ്യാജ വീഡിയോ പ്രചരണം. ഈ സാഹചര്യത്തിൽ, റോമില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. മാത്യു ജിന്റോ മുരിയാന്‍കരി എന്ന മലയാളി വൈദികനാണ് ശരിയായ തർജ്ജമയും, വ്യാജ തർജ്ജമയും തമ്മിൽ താരതമ്യപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തു സത്യം തുറന്നുക്കാട്ടിയിരിക്കുന്നത്.
തന്നെ അനുഗമിക്കരുതെന്നും, തന്റെ യഥാർത്ഥ ലക്ഷ്യമെന്നത് ഒരു ലോക മതം സൃഷ്ടിക്കുകയാണെന്നും മാർപാപ്പ പറയുന്നതായി വ്യാജ വീഡിയോയുടെ തർജ്ജമയിൽ കാണാം. സാബത്ത് ദിവസം ഞായറാഴ്ച ദിവസമല്ല മറിച്ച് ശനിയാഴ്ചയാണെന്നും വ്യാജ തർജ്ജമയിലുണ്ട്.എന്നാൽ യഥാർത്ഥത്തിൽ ഇതിൽനിന്നും തീർത്തും വിഭിന്നമാണ് മാർപാപ്പ നൽകിയ സന്ദേശം. ഹൃദയത്തിൻറെ ഭാഷയിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നു പറഞ്ഞതാണ് മാർപാപ്പയുടെ യഥാർഥ സന്ദേശം തുടങ്ങുന്നത്. ഹൃദയത്തിന്റെ ഭാഷ ലളിതവും, കൂടുതൽ വിശ്വാസ യോഗ്യവുമാണെന്നും മാർപാപ്പ പറയുന്നു. നമ്മൾ ഓരോരുത്തരും ചെയ്ത പാപങ്ങൾ നമ്മളെ പരസ്പരം അകറ്റിയെന്നും പാപ്പ വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചു.
നമുക്ക് പല പാരമ്പര്യങ്ങളും, സംസ്കാരങ്ങളുമാണ് ഉള്ളതെങ്കിലും നമ്മൾ സഹോദരരെ പോലെ പരസ്പരം കാണണമെന്നും പാപ്പ ഓർമിപ്പിച്ചു. സഹോദരൻ, സഹോദരനെ ആശ്ലേഷിക്കുന്നതു പോലെ ഞാനും നിങ്ങളെ ആശ്ലേഷിക്കുന്നുവെന്ന് പറഞ്ഞാണ് പാപ്പയുടെ യഥാർത്ഥ വീഡിയോ സന്ദേശം അവസാനിക്കുന്നത്. ഈ വാക്കുകളാണ് അജ്ഞാതനായ വ്യക്തി വളച്ചൊടിച്ചു പ്രചരിപ്പിച്ചത്. അതേസമയം ഫാ. മാത്യു ജിന്റോ മുരിയാന്‍കരിയുടെ സത്യം തുറന്നുക്കാട്ടികൊണ്ടുള്ള വീഡിയോയും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.