Faith And Reason - 2024

ലവ് ആൻഡ് മേഴ്സി ഫൗസ്റ്റീന സിനിമയുടെ ചിത്രീകരണ വേളയിലെ ദൈവാനുഭവം വെളിപ്പെടുത്തി നായിക നടി

സ്വന്തം ലേഖകന്‍ 05-11-2019 - Tuesday

ലവ് ആൻഡ് മേഴ്സി ഫൗസ്റ്റീന സിനിമയുടെ ചിത്രീകരണവേളയിൽ തങ്ങൾക്ക് ശക്തമായ ദൈവാനുഭവം ഉണ്ടായതായി ചിത്രത്തിൽ വിശുദ്ധ ഫൗസ്റ്റീനയായി വേഷമിട്ട പോളിഷ് നടി കമില കമിൻസ്കാ. കാത്തലിക് ന്യൂസ് സർവീസുമായുള്ള ഒരു അഭിമുഖത്തിലാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയയുടെ ഡയറി തനിക്ക് പ്രസ്തുത വേഷം ചെയ്യാൻ സഹായമായതായും കമില പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിന് മുമ്പേ ഡയറി വായിച്ച് തീർക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും, അത് വിശുദ്ധ ഫൗസ്റ്റീനയുടെ സന്ദേശങ്ങളായതിനാൽ, ചിത്രത്തിൽ താൻ എന്താണ് ചെയ്യേണ്ടതെന്ന് ഡയറിയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചുവെന്നും കമില കമിൻസ്കാ വിശദീകരിച്ചു. ചിത്രത്തിന്റെ ഓഡീഷനു വേണ്ടി അവർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും, ഫൗസ്റ്റീനയുടെ കഥാപാത്രമായിരുന്നില്ല ആദ്യം കമിലക്ക് ലഭിച്ചത്. ഫൗസ്റ്റീനയുടെ വേഷം ചെയ്യാൻ പറ്റിയ ആളെ അന്വേഷിച്ച് കണ്ടെത്താനുള്ള സഹായവും സിനിമയുടെ പിന്നണി പ്രവർത്തകർ കമിലയോട് അഭ്യർത്ഥിച്ചിരുന്നു. പിന്നീട് സംവിധായകനുൾപ്പെടെയുള്ളവർ കമിലയെ തന്നെ വിശുദ്ധ ഫൗസ്റ്റീനയുടെ കഥാപാത്രത്തിനുവേണ്ടി തെരഞ്ഞെടുക്കുകയായിരുന്നു.

'നമ്മൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്നു' എന്ന ലളിതമായ സന്ദേശം ഈ ലോകത്തിന് നൽകിയതിന് വിശുദ്ധ ഫൗസ്റ്റീനയോട് നാം നന്ദിയുള്ളവരായിരിക്കണമെന്ന് കമില ഓർമിപ്പിച്ചു. ദൈവത്തിന്റെ സ്നേഹം നമ്മൾക്കെല്ലാം അവകാശപ്പെട്ടതാണെന്നും കമില കമിൻസ്കാ കൂട്ടിച്ചേർത്തു. ഒക്ടോബർ 28 ആം തീയതി പ്രദർശനം നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസംബർ രണ്ടാം തീയതി മറ്റൊരു സ്ക്രീനിങും ക്രമീകരിച്ചിട്ടുണ്ട്.


Related Articles »