News - 2024

പാപ്പയെ കാണാന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഒഴിവാക്കി അംഗോള പ്രസിഡന്റ് വത്തിക്കാനില്‍

സ്വന്തം ലേഖകന്‍ 14-11-2019 - Thursday

റോം: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസിഡന്റിന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന ലോക രാഷ്ട്രങ്ങളിലെ അലിഖിത നിയമം മാറ്റിവെച്ച് അംഗോള പ്രസിഡന്റ് ജൊവാവോ ലൊറെന്‍കോ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ പതിനൊന്നിലെ അംഗോളയുടെ 44-മത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്കായി അദ്ദേഹം വത്തിക്കാനിലെത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസിഡന്റിന്റെ സാന്നിധ്യമുണ്ടായിരിക്കണമെന്ന ലോക രാഷ്ട്രങ്ങളിലെ പതിവിന് വിപരീതമായാണ് ലൊറെന്‍കോ വത്തിക്കാനിലെത്തിയതെന്ന വസ്തുത കൂടിക്കാഴ്ചയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ ലൈബ്രറിയില്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സാമൂഹ്യ സൗഹാര്‍ദ്ദവും, സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും, അംഗോള നേരിടുന്ന സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാഷ്ട്രങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. റോമിലെ അംഗോള എംബസ്സിയില്‍ വെച്ച് ഇരുപാര്‍ട്ടികളും നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കുമെന്നു അംഗോള പ്രസിഡന്‍ഷ്യല്‍ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കൂടിക്കാഴ്ചയില്‍ പ്രധാന കത്തുകളും, അജപാലക രേഖകളും പാപ്പ അംഗോള പ്രസിഡന്റിന് കൈമാറി. ഒരു പ്രസിദ്ധ അംഗോളന്‍ കലാകാരന്റെ പെയിന്റിംഗാണ് പ്രസിഡന്‍റ് പാപ്പക്ക് സമ്മാനിച്ചത്. ലൊറെന്‍കോയുടെ പത്നി അന ഡിയാസ് ലൊറെന്‍കോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം പ്രസിഡന്റിന്റെ അഭാവത്തില്‍ ഡെപ്യൂട്ടി പ്രസിഡന്റ് ബോര്‍ണിറ്റോ ഡി സൂസയാണ് അംഗോളയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് അധ്യക്ഷത വഹിച്ചത്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2009-ല്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ അംഗോളയില്‍ സന്ദര്‍ശനം നടത്തിയിരിന്നു.


Related Articles »