Faith And Reason - 2024

മരണം മുന്നിൽ കണ്ടപ്പോൾ നവജാത ശിശുവിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വീട്ടുമാമോദിസ നൽകി: പിന്നാലെ അത്ഭുതകരമായ സൗഖ്യം

സ്വന്തം ലേഖകൻ 25-11-2019 - Monday

ലാറ്റിനമേരിക്കൻ രാജ്യമായ പരാഗ്വേയിലെ സ്വൂഡാഡ് ഡെൽ എസ്റ്റേ എന്ന  നഗരത്തിലെ ഫയർഫോഴ്സ് ജീവനക്കാർക്കൊരു ഫോൺ കോളും അതിനു പിന്നാലെ സംഭവിച്ച അത്ഭുതകരമായ സൗഖ്യ സാക്ഷ്യവുമാണ് ഇപ്പോൾ കത്തോലിക്ക മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഒക്ടോബർ ഇരുപത്തിനാലാം തീയതിയാണ് സംഭവം. ഒരു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ  രക്ഷിക്കാനെത്തണമെന്നായിരുന്നു ഫയർഫോഴ്സ് ജീവനക്കാരോടു ഒരാൾ അഭ്യർത്ഥിച്ചത്.

തുടർന്ന് മൂന്നു ജീവനക്കാരും, ഒരു ഡ്രൈവറും ഉടനെ തന്നെ സംഭവ സ്ഥലത്തെത്തി. ജോർജ്  കോർവാളൻ എന്ന മുൻ സെമിനാരി വിദ്യാർഥിയായിരുന്നു  ജീവനക്കാരിലൊരാൾ. അവർ സംഭവസ്ഥലത്ത് ചെന്നപ്പോൾ 13 വയസ്സ്  മാത്രമുള്ള അമ്മയുടെ കൈകളിൽ പിഞ്ചു  കുഞ്ഞിനെ കണ്ടു. വളരെ ചെറിയ ഒരു അനക്കം മാത്രമേ കുഞ്ഞിന് ഉണ്ടായിരുന്നുള്ളൂ.  ആശുപത്രിയിലേക്കുള്ള വഴിയിൽ  കുഞ്ഞിനെ ജീവനിലേക്ക് കൊണ്ടുവരാൻ ഫയർഫോഴ്സ് ജീവനക്കാർ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും അത് ഫലവത്തായില്ല.

ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിന് മാമോദീസ നൽകാനായി അല്പം വെള്ളം കൊണ്ടുവരാൻ ജോർജ്  കോർവാളൻ  നേഴ്സിനോട് ആവശ്യപ്പെട്ടു.  ഇത്തരത്തിലുള്ള അത്യാഹിത ഘട്ടങ്ങളിൽ ആർക്കുവേണമെങ്കിലും മാമോദിസ  നൽകാൻ സാധിക്കുമെന്നും, ആ  ഘട്ടത്തിൽ ദൈവത്തിന്റെ കൈകളിൽ  കുഞ്ഞിനെ ഭരമരൽപ്പിക്കാനാണ് തനിക്ക് തോന്നിയതെന്നും അതിനാലാണ് താൻ  കുഞ്ഞിന് മാമോദിസ നൽകിയതെന്നും ജോർജ്  കോർവാളൻ പറയുന്നു.  പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ  നിന്നെ ഞാൻ മാമോദിസ മുക്കുന്നുവെന്ന്  പറഞ്ഞ നിമിഷത്തിൽ കുഞ്ഞ് ജീവനിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങി. 

സ്ട്രെച്ചറിൽ കിടത്തിയപ്പോൾ കുഞ്ഞ് കരയാനും ആരംഭിച്ചു. ഉടനെതന്നെ  കുഞ്ഞിനെ ആശുപത്രിയിലെ പീഡിയാട്രിക് എമർജൻസി വാർഡി ലേക്ക് മാറ്റി. പിന്നീട് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പലരും ഈ സംഭവത്തെ ഒരു  അത്ഭുതമായാണ് നോക്കി കാണുന്നത്.  കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ദൈവം ജോർജ് കോർവാളനെയും  സംഘത്തെയും ഉപകരണമാക്കിയെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു.

സംഭവങ്ങളുടെ വിവരണം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ജോർജ് കോർവാളൻ കുട്ടിക്ക് മാമോദിസ നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


Related Articles »