Youth Zone - 2024

വിവാഹം അനാവശ്യമായി വൈകരുത്, ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കണം: മോൺ. മാത്യു കല്ലിങ്കൽ

സ്വന്തം ലേഖകന്‍ 10-12-2019 - Tuesday

കൊച്ചി: കുഞ്ഞുങ്ങൾ ഉദരത്തിൽ വെച്ചു കൊല്ലപ്പെടരുതെന്ന് പഠിപ്പിക്കുന്നത് പോലെ വിവാഹം അനാവശ്യമായി വൈകരുതെന്നും ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുവാനുള്ള പഠനങ്ങളും നിർദേശങ്ങളും യഥാവസരം സഭ നൽകേണ്ടതുണ്ടെന്നും വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപതയിലെ ഒന്നാം ഫൊറോനാ പ്രോ ലൈഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവന്റെ സുവിശേഷം പ്രഘോഷിക്കുന്നതിനു കത്തോലിക്ക സഭ വലിയ പ്രാധാന്യം നൽകുന്നുവെന്നും, പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശുശ്രുഷകൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബജീവിതം ത്യാഗം നിറഞ്ഞ കാര്യമാണ്. ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിച്ച വളർത്തുവാൻ ദമ്പതികൾ തയ്യാറാവണം. ഗർഭാവസ്ഥയിൽ വൈകല്യം ഉണ്ടെന്നു ഡോക്ടർമാർ വിധിച്ച ഒരുപാട് കുഞ്ഞുങ്ങൾ പിന്നീട് യാതൊരു കുറവുമില്ലാതെ ജനിച്ചു വളരുന്ന ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഭ്രുണഹത്യ ചെയ്യുന്ന കുടുംബങ്ങളിൽ സമാധാനവും പ്രത്യാശയും നിലനിൽക്കുവാൻ ബുദ്ധിമുട്ടാണ്. അറിവില്ലാത്ത കാലത്ത് ഭ്രുണഹത്യ ചെയ്തവരോ അതിനു പ്രോത്സാഹനം ചെയ്തവരോ അനുതപിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ഉദരത്തിൽ കുഞ്ഞു ജനിക്കുന്നതിനു മുൻപ് മാതാപിതാക്കളുടെ മനസ്സിലാണ് കുഞ്ഞു ജനിക്കേണ്ടതെന്നു അധ്യക്ഷ പ്രസംഗം നിർവഹിച്ച മോൺസിഞ്ഞോർ ജോസഫ് പടിയാരം പറമ്പിൽ അഭിപ്രായപ്പെട്ടു.

ഫൊറോനയിലെ എല്ലാ ഇടവകളിലും സമിതികൾ നിലവിൽ വന്നതായി രൂപതാ ഡയറക്ടർ പ്രഖ്യാപിച്ചു. ഇടവകാ ഭാരവാഹികളുടെ ലിസ്റ്റ് വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു മാത്യു കല്ലുങ്കൽ സംസ്ഥാന പ്രസിഡന്റ് സാബു ജോസിന് കൈമാറി. തേവര സെന്റ് ജോസഫ് പള്ളിയിൽവെച്ചു നടന്ന വരാപ്പുഴ അതിരൂപത പ്രോ ലൈഫ് സമിതിയുടെ ഒന്നാം ഫൊറോനാ കൺവെൻഷനിൽ കെസിബിസി പ്രോ ലൈഫ് സംസ്ഥാന പ്രസിഡന്റ് സാബുജോസ്, ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ , അതിരൂപത ഡയറക്ടർ ഫാ. ആന്റണി കോച്ചേരി, തേവര പള്ളി വികാരി ഫാ. ജോജി കുത്തുകാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് ആഴ്ച്ചങ്ങാടൻ, മേഖല പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, സെക്രട്ടറി ജോയിസ് മുക്കുടം, അതിരൂപത സെക്രട്ടറി ലിസ തോമസ്, ഷാജി പി. ജോർജ് എന്നിവർ പ്രസംഗിച്ചു.

ഒന്നാം ഫോറോനയിലെ വല്ലാർപാടം, ബോൾഗാട്ടി, മുളവുകാട്, വെണ്ടുരുത്തി, പെരുമാനൂർ, കടവന്ത്ര, തേവര എന്നെ ഇടവകകളിലെ അംഗങ്ങളാണ് ഈ കൺവെൻഷനിൽ പങ്കെടുത്തത്. കൺവെൻഷനോടനുബന്ധിച്ചു വചനവിസ്മയം എന്ന ബൈബിൾ മാജിക് ഷോയും ഉണ്ടായിരുന്നു.

More Archives >>

Page 1 of 9