Faith And Reason - 2024

നാഗസാക്കി സ്ഫോടനത്തിലെ ഉരുകിയ ജപമാല ജാപ്പനീസ് ക്രിസ്തീയ വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം

സ്വന്തം ലേഖകന്‍ 10-12-2019 - Tuesday

നാഗസാക്കി: ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക നടത്തിയ ആറ്റം ബോംബാക്രമണത്തില്‍ ഉരുകിയ നിലയില്‍ കണ്ടെത്തിയ ജപമാല അക്കാലങ്ങളില്‍ നാഗസാക്കിയില്‍ ആഴത്തില്‍ വേരോടിയിരുന്ന ക്രിസ്തീയ വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു. നാഗസാക്കിയിലെ അറ്റോമിക് ബോംബ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ജപമാലയുടെ ഫോട്ടോ ഉള്‍പ്പെടെ ചാള്‍സ് വൈറ്റ് എന്ന ട്വിറ്റര്‍ ഉപയോക്താവ് നടത്തിയ ട്വീറ്റാണ് ജപമാലയെ വീണ്ടും ആഗോള ശ്രദ്ധയില്‍ കൊണ്ടുവന്നത്. “കഴിഞ്ഞ ആഴ്ച നാഗസാക്കി അറ്റോമിക് ബോംബ്‌ മ്യൂസിയത്തില്‍ കണ്ട ഉരുകിയ ജപമാല. നിരോധനത്തിന്റേയും, കടുത്ത മതപീഡനത്തിന്റേയും നീണ്ട 250 വര്‍ഷങ്ങള്‍ അതിജീവിച്ച രഹസ്യ വിശ്വാസികളുടേയും, അവരുടെ കുടുംബങ്ങളുടേയും, മിഷ്ണറി പ്രവര്‍ത്തനങ്ങളുടേയും ഒരു കേന്ദ്രമായിരുന്നു നാഗസാക്കി” എന്ന വിവരണത്തോടെയാണ് ചാള്‍സ് ജപമാലയുടെ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

അണുബോംബ് വര്‍ഷിച്ച സ്ഥലത്തു നിന്നും അറുനൂറു മീറ്റര്‍ അകലെ അഗ്നിക്കിരയായ വീടിന്റെ അവശിഷ്ടത്തില്‍ നിന്നുമാണ് ഉരുകിയ ഈ ജപമാല ലഭിച്ചത്. ചില്ലുകൊണ്ടുള്ള മുത്തുകളാല്‍ നിര്‍മ്മിച്ചിരുന്ന ജപമാല സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീ ധരിച്ചിരുന്നതാണ്. അവരുടെ മകളാണ് പില്‍ക്കാലത്ത് ഇത് അറ്റോമിക് ബോംബ്‌ മ്യൂസിയത്തിന് കൈമാറിയത്. സ്ഫോടന ദിവസം ജപമാല സംഭാവന ചെയ്ത ആളിന്റെ അമ്മ ഒരു ബന്ധുവിന്റെ വീട്ടില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നുവെന്നും, ഉറാകാമി കത്തീഡ്രലില്‍ വെച്ചാണ് അവര്‍ മരിച്ചതെന്നും ജപമാലയോടൊപ്പമുള്ള മ്യൂസിയം വിവരണത്തില്‍ പറയുന്നു.

തൊട്ടടുത്ത ദിവസം അഗ്നിക്കിരയായ ഭവനത്തില്‍ തന്റെ അമ്മക്കായി തിരച്ചില്‍ നടത്തിയ മകളാണ് മിഠായി പോലെ ഉരുകിയ നിലയിലുള്ള ജപമാല കണ്ടെത്തുന്നത്. തന്റെ അമ്മയുടെ ഓര്‍മ്മക്കായി സൂക്ഷിച്ചിരുന്ന ഈ ജപമാല അണുസ്ഫോടനത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അവര്‍ അറ്റോമിക് മ്യൂസിയത്തിന് കൈമാറിയത്. ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമായിട്ടാണ് 1945-ലെ ആറ്റംബോംബാക്രമണങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ന്യൂക്ലിയര്‍ ആക്രമണത്തില്‍ രണ്ടരലക്ഷത്തോളം നിരപരാധികളായ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്.


Related Articles »