News
400 വർഷങ്ങൾക്കു മുന്‍പ് യേശുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശ്വാസികളെ സ്മരിച്ച് ജപ്പാനിലെ കത്തോലിക്ക സഭ
പ്രവാചകശബ്ദം 18-12-2023 - Monday
ടോക്കിയോ: നാനൂറ് വർഷങ്ങൾക്കു മുന്‍പ് രാജ്യത്ത് കൊലചെയ്യപ്പെട്ട അന്‍പതോളം വരുന്ന ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് ജപ്പാനിലെ കത്തോലിക്കാ സഭ. 1623 ഡിസംബർ നാലാം തീയതി എടോ എന്നറിയപ്പെടുന്ന നഗരത്തിലെ പാലത്തിൽവെച്ച് അവരെ അഗ്നിക്കിരയാക്കുകയായിരുന്നു. ഈ നഗരമാണ് പിന്നീട് ടോക്കിയോയെന്ന് പുനർ നാമകരണം ചെയ്തത്. ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിസിയോ ഇസാവോ രക്തസാക്ഷികളായ ക്രൈസ്തവരുടെ സ്മരണാർത്ഥം തക്കനാവാ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും, ഇവര്‍ കൊല്ലപ്പെട്ട ഫുഡാ നോ സുചി എന്ന സ്ഥലത്ത് നേരിട്ടെത്തി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തിരിന്നു.
2022 ഒക്ടോബർ മാസം മുതല്‍ രക്തസാക്ഷികളുടെ സ്മരണാർത്ഥം 15 മാസം ജപ്പാനിലെ മെത്രാന്മാർ പ്രത്യേകം നീക്കിവെച്ചിരുന്നു. ഇതിന്റെ സമാപനത്തിന്റെ ഭാഗമായിട്ടാണ് വിശുദ്ധ കുർബാന അർപ്പണവും, പ്രാർത്ഥനയും നടന്നത്. ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ സമകാലീനനായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് 1549 -ല്‍ ജപ്പാനിൽ സുവിശേഷം എത്തിക്കുന്നത്. ജപ്പാനിലെ ഭാഷ പഠിച്ച ഫ്രാൻസിസ് സേവ്യർ ആയിരക്കണക്കിന് ആളുകളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു. ഇതിനിടയിൽ ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ, അഗസ്റ്റിനിയൻ സഭകളിലെ മിഷ്ണറിമാരും ജപ്പാനിലേക്കെത്തി.
രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ജപ്പാനിൽ ആറര ലക്ഷത്തോളം വിശ്വാസികളും, നൂറ്റിയന്‍പതോളം വൈദികരും ഉണ്ടായെന്ന് 1614ലെ കണക്കിനെ ഉദ്ധരിച്ചുകൊണ്ട് ജപ്പാനിലെ മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ കാലയളവിലും ക്രൈസ്തവ വിശ്വാസികൾക്കെതിരെ ശക്തമായ പീഡനങ്ങൾ നടന്നിരുന്നു. 1589-ൽ സമുറായി നേതാവായിരുന്ന ടൊയോട്ടമി ഹിടയോഷി ക്രൈസ്തവ വിശ്വാസത്തെ നിരോധിച്ചു. 1597 ഫെബ്രുവരി അഞ്ചാം തീയതി, വൈദികരും, കുട്ടികളും ഉൾപ്പെടെ 26 ക്രൈസ്തവ വിശ്വാസികളെ ദീർഘദൂരം നടത്തി നാഗസാക്കിയിൽവച്ച് കുരിശിൽ തറച്ച് കൊന്നത് ക്രൈസ്തവ വിശ്വാസികൾക്കെതിരെ നടന്ന ക്രൂരപീഡനങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമായിരിന്നു.
ഈ വിശ്വാസികൾ തങ്ങളെ കുരിശിലേറ്റാൻ കൊണ്ടുപോകുന്ന വേളയിൽ ധൈര്യത്തോടെ കാണപ്പെട്ടുവെന്നും ദൈവത്തിന് നന്ദിയര്‍പ്പിച്ചുവെന്നും ചരിത്ര രേഖകളില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ രക്തസാക്ഷിത്വം ജപ്പാനിലെ ക്രൈസ്തവ വിശ്വാസികൾക്ക് വലിയ പ്രചോദനമായി മാറി. കടുത്ത പീഡനങ്ങളെ തുടർന്ന് ജപ്പാനിലേക്ക് ക്രൈസ്തവ വിശ്വാസികൾ പതിനാറാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ രഹസ്യമായിട്ടാണ് തങ്ങളുടെ വിശ്വാസം പിന്തുടർന്നിരുന്നത്. നിരവധി ക്രൈസ്തവർക്ക് മരണം വരിക്കേണ്ടിവന്നു. 1867 മുതൽ 1912 വരെ രാജ്യം ഭരിച്ച മീജി രാജാവാണ് ജപ്പാനിൽ മതസ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ വീണ്ടും തുറന്നു നൽകിയത്. ഏകദേശം ഒരു ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തു ഇന്നുള്ളത്.