Arts - 2024
ഏഴ് കോടി ജനങ്ങളിലേക്ക് യേശുവിനെ എത്തിക്കാൻ ആംഗ്യഭാഷ ചിത്രം ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 27-12-2019 - Friday
ബധിരരുടെ ഇടയിൽ സുവിശേഷവത്കരണം നടത്തുന്ന ഡെഫ് മിഷൻസ് യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആംഗ്യഭാഷയിൽ സിനിമ നിർമ്മിക്കുവാൻ ഒരുങ്ങുന്നു. യേശുവിന്റെ ജനനം, പരസ്യ ജീവിതം, മരണം, പുനരുത്ഥാനം തുടങ്ങിയവയെ പ്രധാനമായും ആസ്പദമാക്കിയായിരിക്കും ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുക. ഡെഫ് മിഷൻസിന്റെ കണക്കനുസരിച്ച് ചിത്രം ഏഴ് കോടിയോളം ആളുകളിലേക്ക് എത്തും. ത്രീത്വൈക ദൈവം കേൾവിയുള്ളവർക്ക് മാത്രമാണെന്ന തെറ്റായ ധാരണ ബധിരരായ നിരവധി ആളുകൾക്കുണ്ടെന്ന് ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
കേൾവി ശക്തിയുള്ളവരുടെ സുവിശേഷ വത്കരണത്തിനായി വിവിധ സഭകൾ നൽകുന്ന സാമ്പത്തിക സഹായങ്ങളെ സംബന്ധിച്ച് ബധിരർക്കിടയിൽ തെറ്റായ ധാരണയുണ്ടെന്നും ബധിരരായവർ ദൈവത്തിനും പ്രിയപ്പെട്ടവരാണ് ബോധ്യം സിനിമയിലൂടെ നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. അതേസമയം സിനിമയുടെ ചിത്രീകരണത്തിനായി നാലു വർഷമെങ്കിലും കാലയളവ് എടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ചലച്ചിത്രത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് ഡെഫ് മിഷൻസ് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.