Faith And Reason - 2024

ബധിരരായ വിശ്വാസികള്‍ക്ക് ആംഗ്യഭാഷയില്‍ കൗദാശിക ഒരുക്കം നല്‍കി അമേരിക്കന്‍ രൂപത

പ്രവാചക ശബ്ദം 24-12-2020 - Thursday

ഫിലാഡെല്‍ഫിയ: കൂദാശകള്‍ സ്വീകരിക്കുവാന്‍ കഴിയാത്ത ബധിരര്‍ക്ക് കൂദാശകളെക്കുറിച്ച് അറിയുന്നതിനും, സ്വീകരിക്കുന്നതിനും സഹായകമാകുന്ന വിധത്തില്‍ അമേരിക്കന്‍ ആംഗ്യഭാഷയിലുള്ള കൗദാശിക രൂപീകരണ പരിപാടി ശ്രദ്ധയാകര്‍ഷിക്കുന്നു. “കൃപയുടെ കരങ്ങള്‍; കത്തോലിക്കാ കൂദാശകള്‍ അമേരിക്കന്‍ ആംഗ്യ ഭാഷയില്‍” എന്ന ഉദ്യമം ഫിലാഡല്‍ഫിയ രൂപതയുടെ ഡഫ് അപ്പോസ്തലേറ്റ് ചാപ്ലൈനായ ഫാ. സീന്‍ ലൂമിസാണ് വികസിപ്പിച്ചെടുത്തത്. ഓരോ കൂദാശയെക്കുറിച്ചും 6-10 മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്ന്‍ ഭാഗങ്ങളുള്ള വീഡിയോയായിട്ടാണ് പരിപാടിക്ക് രൂപം കൊടുത്തിരിക്കുന്നത്. കത്തോലിക്ക പാരമ്പര്യത്തിലും വിശുദ്ധ ലിഖിതങ്ങളിലും കൂദാശകളുടെ സാന്നിധ്യം, കൂദാശകളെക്കുറിച്ചുള്ള ദൈവശാസ്ത്രം, വ്യക്തി ജീവിതത്തില്‍ കൂദാശകള്‍ക്കുള്ള പ്രാധാന്യം എന്നിവയാണ് വീഡിയോകളുടെ പ്രതിപാദ്യ വിഷയം.

ബധിരരെ ദൈവവചനങ്ങളുമായും, സഭാ പ്രബോധങ്ങളുമായി പരിചയപ്പെടുത്തുന്നതിനായി കൂദാശകള്‍ എവിടെ എങ്ങനെ സ്ഥാപിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അവതരണമാണ് ആദ്യത്തെ വീഡിയോ. കൂദാശകളെക്കുറിച്ചുള്ള ദൈവശാസ്ത്രമാണ് രണ്ടാമത്തെ വീഡിയോയുടെ പ്രമേയം. കൂദാശ സ്വീകരിക്കുമ്പോള്‍ ദൈവീക പദ്ധതിയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചെല്ലാം വളരെ ആഴത്തില്‍ ഈ വീഡിയോ വിവരിക്കുന്നു. ദൈവകൃപയില്‍ ജീവിക്കേണ്ടതിനെക്കുറിച്ചാണ് മൂന്നാമത്തെ വീഡിയോ പറയുന്നത്. ദൈവകൃപക്ക് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും ഈ വീഡിയോ പറയുന്നുണ്ട്. വിശുദ്ധരുടേയും, മതബോധനത്തില്‍ നിന്നുമുള്ള വാക്യങ്ങളും, ചിത്രങ്ങളും അടങ്ങിയ വര്‍ക്ക്ബുക്കും പരിപാടിയുടെ ഭാഗമാണ്. ശരിയായ മതബോധനം ലഭിക്കാത്തതാണ് ബധിരരായ വിശ്വാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ഫാ. ലൂമിസ് ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു. ഇതേ കാരണങ്ങളാണ് ഭൂരിഭാഗം ബധിരരും കൂദാശകളില്‍ തല്‍പ്പരരാകാത്തതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേള്‍വിക്കുറവൊന്നുമില്ലെങ്കിലും സെമിനാരി പഠനകാലത്ത്‌ തന്നെ ഫാ. ലൂമിസ് അമേരിക്കന്‍ ആംഗ്യ ഭാഷ പഠിച്ചു തുടങ്ങിയിരുന്നു. ഫാ. ലൂമിസിന്റെ നേതൃത്വത്തില്‍ ഫിലാഡെല്‍ഫിയ രൂപതയിലെ ഡഫ് അപ്പസ്തോലേറ്റ് പതിമൂന്നു വിവിധ ദേവാലയങ്ങളില്‍ ആംഗ്യഭാഷ വിവര്‍ത്തകരെ വെച്ച് പൂര്‍ണ്ണമായും ആംഗ്യഭാഷയിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ട്. ജന്മനാ ബധിരനും ബോസ്റ്റണ്‍ അതിരൂപതയുടെ ഡഫ് അപ്പോസ്തലേറ്റ് ചാപ്ലൈനും ഡയറക്ടറുമായ ഫാ. ഷോണ്‍ കാരി ഇത്തരത്തിലുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ക്രാക്കോവില്‍ നടന്ന ലോക യുവജന ദിനാഘോഷത്തില്‍ പങ്കെടുത്ത ബധിരരായ യുവജനങ്ങള്‍ക്ക് നേതൃത്വം നല്കിയത് ഇദ്ദേഹമാണ്.


Related Articles »