Faith And Reason - 2024
ദക്ഷിണ കൊറിയയിൽ ക്രൈസ്തവ ജനസംഖ്യയില്‍ അന്‍പത് ശതമാനത്തോളം വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 16-01-2020 - Thursday
സിയോൾ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ദക്ഷിണ കൊറിയയിൽ ക്രൈസ്തവ ജനസംഖ്യയില്‍ ശക്തമായി വളര്‍ച്ചയുണ്ടായതായി പുതിയ കണക്കുകൾ. കൊറിയൻ കത്തോലിക്ക പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ശനിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കത്തോലിക്കരുടെ വർദ്ധനവ് 48.6 ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. 1999-ൽ മുപ്പത്തിയൊന്‍പത് ലക്ഷത്തോളമായിരുന്ന കത്തോലിക്കർ 2018-ൽ അമ്പത്തിയെട്ടു ലക്ഷത്തോളമായി വർദ്ധിച്ചെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
രൂപതകളുടെ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സുവോൺ രൂപത 89.3 ശതമാനവും ദെജോൺ രൂപത 79.1ശതമാനവും ഉയ്‌ജോങ്‌പ് രൂപത 78.9 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. വര്‍ഷം തോറുമുള്ള കത്തോലിക്ക വിശ്വാസികളുടെ വർദ്ധനവ് ഒരു ശതമാനത്തിൽ താഴെയാണെന്നിരിക്കെ 2014ൽ ഫ്രാൻസിസ് പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു 2.2 ശതമാനമായി ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. 1999-2018 കാലയളവില്‍ രാജ്യത്തിന്റെ ആകെ കത്തോലിക്ക ജനസംഖ്യ അനുപാതം 8.3ൽ നിന്നും 11.1 ശതമാനമായി വര്‍ദ്ധിച്ചു.
എന്നാൽ, രൂപതകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മിഷൻ പ്രവർത്തനങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ പുനഃസുവിശേഷവത്കരണത്തിനു നൽകണമെന്ന നിര്‍ദ്ദേശം റിപ്പോർട്ടിലുണ്ട്.
കത്തോലിക്ക വിശ്വാസികളെ പ്രായപരിധിയുടെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുമ്പോൾ എഴുപതുകളിലും എൺപതുകളിലും ഉള്ള വിശ്വാസികളുടെ എണ്ണം മാത്രമാണ് നൂറു ശതമാനത്തിലധികം വർദ്ധിച്ചിരിക്കുന്നത്. കത്തോലിക്ക വിവാഹങ്ങളുടെ എണ്ണം 41.5ശതമാനമായി ചുരുങ്ങിയെങ്കിലും വൈദികരുടെ എണ്ണത്തിൽ 52.2% വർദ്ധനവാണ് അതേ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മിഷ്ണറിമാരായി സേവനം ചെയ്യുന്നവരുടെ എണ്ണം 204.2 ശതമാനത്തോളം വർദ്ധിച്ചു. ലോകത്തെ ഏറ്റവും ശക്തമായ ക്രൈസ്തവ പീഡനം അരങ്ങേറുന്ന ഉത്തരകൊറിയയുടെ അയല്‍രാജ്യമായ തെക്കന്‍ കൊറിയ യേശുവിലേക്ക് ഓരോ ദിവസവും അടുത്തുകൊണ്ടിരിക്കുന്നുവെന്ന വസ്തുതയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക