Youth Zone
പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മതം മാറ്റി നിര്‍ബന്ധിത വിവാഹം: ആഗോള ക്രൈസ്തവരുടെ സഹായം അഭ്യര്‍ത്ഥിച്ച് അഭിഭാഷക
സ്വന്തം ലേഖകന്‍ 19-01-2020 - Sunday
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിതയാക്കിയ സംഭവത്തില്‍ ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് അഭിഭാഷക രംഗത്ത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ ഹുമ യൗനൂസ് എന്ന പെണ്‍കുട്ടിയുടെ അഭിഭാഷക തബാസ്സും യൗസഫാണ് ദുഖാര്‍ത്തരായ മാതാപിതാക്കളുടെ പക്കലേക്ക് അവളെ തിരികെ കൊണ്ടുവരുവാന്‍ ആഗോള ക്രൈസ്തവ സമൂഹം സഹായിക്കണമെന്നു അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.
“ഇന്നിത് ഹുമക്ക് സംഭവിച്ചു. നാളെ മറ്റേതൊരു പെണ്‍കുട്ടിക്കും സംഭവിക്കാം” ക്രൈസ്തവ വിശ്വാസി കൂടിയായ യൗസഫ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇസ്ലാം മതവിശ്വാസിയായ അബ്ദുല്‍ ജബ്ബാര്‍ എന്ന വ്യക്തി ഹുമയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധ പൂര്‍വ്വം വിവാഹം ചെയ്തത്. കേസ് ഉടനെ ഹൈക്കോടതിയില്‍ അവതരിപ്പിക്കുകയാണെന്നും, നിയമ പോരാട്ടത്തില്‍ തങ്ങളെ സഹായിക്കണമെന്നും ആഗോള സമൂഹത്തോട് പ്രത്യേകിച്ച് ലോക നേതാക്കളോടും, ഫ്രാന്‍സിസ് പാപ്പയോടും, കത്തോലിക്കാ സഭയോടും, മനുഷ്യാവകാശ സംഘടനകളോടും ഇന്നലെ കറാച്ചിയില്‍ വിവിധ മനുഷ്യാവകാശ സംഘടനകളുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലൂടെ യൗസഫ് അഭ്യര്‍ത്ഥിച്ചു.
ഹുമയുടെ മാതാപിതാക്കള്‍ നിസ്സഹായരാണെന്നും പോലീസില്‍ പരാതി നല്‍കിയതിനു ശേഷം നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അഭിഭാഷക വെളിപ്പെടുത്തി. നിയമ നടപടികളുമായി മുന്നോട്ട് പോയാല്‍ മതനിന്ദാക്കുറ്റം ചുമത്തുമെന്ന ഭീഷണി ഹുമയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ച കാര്യവും അവര്‍ വെളിപ്പെടുത്തി. ഹുമക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലും, ഇപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ ആയതിനാലും നിയമപരമായി തങ്ങള്‍ക്ക് ഹുമയെ കാണുവാന്‍ കഴിയുകയില്ലെന്ന നിയമപരമായ നൂലാമാലയും അവര്‍ ചൂണ്ടിക്കാട്ടി. ഹുമയുടെ അവസ്ഥ ഹൃദയഭേദകമാണെന്നും, എത്രകാലം തട്ടിക്കൊണ്ടുപോയവരുടെ പക്കല്‍ തുടരുന്നുവോ, അത്രത്തോളം അവള്‍ക്ക് ശാരീരിക-മാനസിക പീഡനങ്ങള്‍ സഹിക്കേണ്ടതായി വരുമെന്നും യൗസഫ് പറയുന്നു.
ബാല വിവാഹം കുറ്റകരമാക്കിക്കൊണ്ടുള്ള ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. മതപരിവര്‍ത്തനം കുറ്റകരമല്ലാത്തതിനാല്‍ ക്രിസ്ത്യാനികളും, ഹിന്ദുക്കളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ പെണ്‍കുട്ടികളെ കുറ്റവാളികളില്‍ നിന്നും സംരക്ഷിക്കുവാന്‍ ബുദ്ധിമുട്ടുകയാണ്. സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി ഒരു യുവതിയെ തട്ടിക്കൊണ്ടു പോകുന്നത് കുറ്റകരമാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. നിയമം എല്ലാവര്‍ക്കും തുല്യമാണെന്ന് പാക്കിസ്ഥാനി ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും, മതന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോള്‍ നിയമം വ്യത്യസ്തമാകുന്നത് എങ്ങനെയാണെന്നും യൗസഫ് ചോദിക്കുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക