Youth Zone - 2024
പൊന്തിഫിക്കല്‍ സംഘടനയുടെ ക്രിസ്തുമസ് സമ്മാനം 19,000 സിറിയന്‍ കുട്ടികള്‍ക്ക്
സ്വന്തം ലേഖകന്‍ 27-12-2019 - Friday
ഡമാസ്കസ്: യുദ്ധവും ആഭ്യന്തര കലഹങ്ങളും കാരണം ദുരിതമനുഭവിക്കുന്ന സിറിയയിലെ ഭവനരഹിതരായ കുട്ടികള്‍ക്ക് പൊന്തിഫിക്കല്‍ ജീവകാരുണ്യ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ന്റെ ക്രിസ്തുമസ് സമ്മാനം. വസ്ത്രങ്ങള്‍, ഷൂസ്, കളിപ്പാട്ടങ്ങള്‍, ഭക്ത സാധനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ക്രിസ്തുമസ് സമ്മാനങ്ങള്‍ ആയിരകണക്കിന് സിറിയന്‍ കുട്ടികള്‍ക്ക് നല്‍കിയ സന്തോഷം തെല്ലൊന്നുമല്ല. തുടര്‍ച്ചയായ ഏട്ടാമത്തെ കൊല്ലമാണ് എസിഎന്‍ സിറിയയില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇക്കൊല്ലം ഏതാണ്ട് പത്തൊന്‍പതിനായിരത്തോളം കുഞ്ഞുങ്ങള്‍ക്കാണ് സംഘടനയുടെ ക്രിസ്തുമസ് സമ്മാനം ലഭിച്ചത്.
സിറിയയിലെ ഭവനരഹിതരായ കുട്ടികളെ സഹായിക്കുന്ന എസിഎന്‍ പദ്ധതിയുടെ പങ്കാളിയായ സിസ്റ്റര്‍ ആനി ഡെമര്‍ജിയാന്‍ സംഭാവനകള്‍ നല്‍കിയവര്‍ക്ക് റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെ കൃതജ്ഞത അറിയിച്ചിട്ടുണ്ട്. 'നിങ്ങള്‍ നല്‍കിയ ക്രിസ്തുമസ് സമ്മാനങ്ങള്‍ സിറിയയില്‍ ഉടനീളമുള്ള 19,000 കുട്ടികളില്‍ പുഞ്ചിരിക്ക് കാരണമായി' എന്നാണ് സിസ്റ്റര്‍ ആനിയുടെ സന്ദേശത്തില്‍ പറയുന്നത്. ആലപ്പോയിലെ പ്രായമായവരും, വികലാംഗരായ ക്രൈസ്തവര്‍ക്കിടയില്‍ ഭക്ഷണം, സോപ്പ്, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഷൂസ് തുടങ്ങിയവ വിതരണം ചെയ്യുന്ന എ.സി.എന്‍ പദ്ധതിയേയും സിസ്റ്റര്‍ പ്രശംസിച്ചു.
ആലപ്പോയിലെ ലാറ്റിന്‍ ബിഷപ്പ് ജോര്‍ജ്ജ് എബൌ ഖാസെന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് എ.സി.എന്‍ പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയില്‍ പങ്കാളിയായത്. ഭക്ഷണപൊതികള്‍ക്ക് പുറമേ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഇന്ധനത്തിനും മറ്റുമുള്ള സാമ്പത്തിക സഹായവും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിറിയയില്‍ ഉടനീളം വിവിധ പദ്ധതികള്‍ക്ക് എസിഎന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും, മരുന്നും, വാടകയിളവും, ഭവനങ്ങളുടെയും ദേവാലയങ്ങളുടെയും അറ്റകുറ്റപ്പണികളും, സ്ത്രീകള്‍ക്കും, കന്യാസ്ത്രീകള്‍ക്കും, പുരോഹിതര്‍ക്കുമുള്ള സഹായപദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം സിറിയയിലെ ഏതാണ്ട് നൂറ്റിഎണ്‍പതിലധികം ജീവകാരുണ്യ-അജപാലക പദ്ധതികളെയാണ് സംഘടന പിന്തുണച്ചത്. അതേസമയം രാജ്യത്തുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ 1700 ക്രൈസ്തവര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. 600 പേര്‍ തട്ടിക്കൊണ്ടുപോകലിനിരയാവുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 2010-ല്‍ ആലപ്പോയില്‍ ഉണ്ടായിരിന്ന ക്രിസ്ത്യന്‍ ജനസംഖ്യ 1,80,000-ല്‍ നിന്നും 29,000-മായാണ് ചുരുങ്ങിയിരിക്കുന്നത്.