Faith And Reason - 2024

ബൈബിളില്‍ തൊട്ട് പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ നിയുക്ത ഗ്രീക്ക് പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ 07-02-2020 - Friday

ഏഥന്‍സ്: ഗ്രീസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എകാടെരിനി സാകെല്ലാരോപോളോ ബൈബിളില്‍ തൊട്ട് പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സാകെല്ലാരോപോളോയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ഏഥന്‍സ്-മാസിഡോണിയന്‍ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതപരമല്ലാത്ത സത്യപ്രതിജ്ഞയുടെ കാര്യം പരിഗണനയില്ലെന്ന് സാകെല്ലാരോപോളോയുടെ അടുത്ത സഹായി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഥന്‍സ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ ബൈബിളില്‍ തൊട്ട് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഗ്രീസിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പരമ്പരാഗതമായി അധികാരത്തിലേറുന്നത്.

2015-ല്‍ ഇതില്‍ നിന്ന്‍ വ്യത്യസ്തമായി മുന്‍ പ്രധാനമന്ത്രിയും നിരീശ്വരവാദിയുമായ അലെക്സിസ് സിപ്രാസ് അധികാരത്തിലേറിയപ്പോള്‍ ബൈബിള്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു. “ഭരണഘടനയേയും നിയമങ്ങളേയും സംരക്ഷിക്കാമെന്നും, അവയുടെ വിശ്വസ്തമായ ആചരണം ഉറപ്പുവരുത്താമെന്നും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും, ഗ്രീക്ക് ജനതയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാമെന്നും, ജനതയുടെ പൊതുതാല്‍പ്പര്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഏകവും ദൈവീകവുമായ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു” എന്നാണ് ഗ്രീക്ക് സത്യപ്രതിജ്ഞയില്‍ പറയുന്നത്.

2018-ലും ചില മന്ത്രിമാര്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുടെ അസാന്നിധ്യത്തില്‍ മതനിരപേക്ഷ സത്യപ്രതിജ്ഞയാണ് ചെയ്തത്. 1941-ല്‍ നിലവില്‍ വന്നതിനു ശേഷം ആദ്യമായിട്ടായിരുന്നു അത്തരമൊരു സത്യപ്രതിജ്ഞ അരങ്ങേറിയത്. മുതിര്‍ന്ന ജഡ്ജിയും പരിസ്ഥിതി ഭരണഘടനാ നിയമങ്ങളില്‍ നിപുണയുമായ എകാടെരിനി സാകെല്ലാരോപോളോയുടെ സത്യപ്രതിജ്ഞ വരുന്ന മാര്‍ച്ച് 31-നാണ് നടക്കുക. ഗ്രീസിന്റെ ചരിത്രത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതയാണ്‌ സാകെല്ലാരോപോളോ. തങ്ങളുടെ പുതിയ പ്രസിഡന്റ് പാരമ്പര്യമനുസരിച്ച് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഗ്രീക്ക് ജനത വരവേറ്റിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 23