Faith And Reason - 2024

അബോര്‍ഷനും സ്വവര്‍ഗ്ഗ വിവാഹത്തിനുമെതിരെ സംസാരിച്ചു: പ്രകോപിതരായി ഡെമോക്രാറ്റുകളുടെ ഇറങ്ങിപ്പോക്ക്

സ്വന്തം ലേഖകന്‍ 17-02-2020 - Monday

വിര്‍ജീനിയ: അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയ ജനപ്രതിനിധി സഭയില്‍ പ്രാരംഭ പ്രാര്‍ത്ഥനക്കായി എത്തിയ സുവിശേഷ പ്രഘോഷകന്‍ ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തെയും കടുത്ത ഭാഷയില്‍ അപലപിച്ചതിനെ തുടര്‍ന്ന് ഡെമോക്രാറ്റ് പ്രതിനിധികളുടെ ഇറങ്ങിപ്പോക്ക്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ സെഷന്‍ തുടങ്ങുന്നതിന് മുന്‍പായുള്ള പ്രാരംഭ പ്രാര്‍ത്ഥനയ്ക്കായി എത്തിയ വാറെന്‍ടണിലെ ഫാദേഴ്സ് വേ ചര്‍ച്ചിലെ പാസ്റ്ററായ റവ. റോബര്‍ട്ട് എം. ഗ്രാന്റ് ജൂനിയറുടെ വാക്കുകളാണ് കടുത്ത ഗര്‍ഭഛിദ്ര അനുകൂലികളായ ഡെമോക്രാറ്റുകളെ പ്രകോപിപ്പിച്ചത്. പ്രാര്‍ത്ഥന മധ്യേ നടത്തിയ പ്രസംഗത്തില്‍ മതനിരപേക്ഷമായ സ്വതന്ത്ര ബില്ലുകള്‍ പാസ്സാക്കി ദൈവ കോപം ക്ഷണിച്ചു വരുത്തരുതെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കുകയായിരിന്നു.

പുതുതായി ഉണ്ടാക്കുന്ന നിയമങ്ങള്‍ വഴി സംസ്ഥാനത്തിന്റെ മേല്‍ ദൈവം കോപം ക്ഷണിച്ചുവരുത്തരുതെന്ന് അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു. ഭൂമിയുടെ മേലുള്ള ദൈവകോപത്തെപ്പറ്റി ബൈബിള്‍ ചരിത്രത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമ്മളും അതില്‍ നിന്നും ഒഴിവാക്കപ്പെട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെ കടുത്ത ഭാഷയില്‍ അപലപിച്ച അദ്ദേഹം ആസൂത്രിതമായ നാഗരിക വംശഹത്യയാണെന്നും ഇത് തടയുവാന്‍ പ്രതിനിധികള്‍ക്ക് കഴിയുമെന്നും പറഞ്ഞു. ഡെമോക്രാറ്റുകളുടെ രോഷത്തിനിടെ ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ‘ആമേന്‍’ പറയുന്നുണ്ടായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പുരുഷനും സ്ത്രീയും തമ്മിലുള്ള പാരമ്പര്യ വിവാഹ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം നിയമസാമാജികരോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ എല്ലീന്‍ ഫില്ലര്‍-കോണ്‍ പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ അദ്ദേഹം തന്റെ പ്രസംഗം തുടര്‍ന്നപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ഡെല്‍. മൈക്കേല്‍ വെബര്‍ട്ടാണ് അദ്ദേഹത്തെ പ്രാര്‍ത്ഥനക്കായി ക്ഷണിച്ചത്. ദശകങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് വിര്‍ജീനിയ ജെ\നറല്‍ അസംബ്ലിയുടെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കയ്യില്‍ വരുന്നത്. റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ മുന്‍പ് വോട്ടിംഗില്‍ തള്ളിക്കളഞ്ഞ ചില ബില്ലുകള്‍ പാസ്സാക്കിയെടുക്കുവാനുള്ള തന്ത്രപ്പാടിലാണ് ഡെമോക്രാറ്റുകള്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 24