Faith And Reason - 2024
മിഷ്ണറിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്യന്‍ പോലീസിന്റെ പര്യടനം പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍ 11-02-2020 - Tuesday
സാന്റിയാഗോ: ദരിദ്ര മേഖലകളില്‍ പ്രേഷിത വേല ചെയ്തുകൊണ്ടിരിക്കുന്ന കത്തോലിക്കാ മിഷ്ണറിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് തെക്കേ അമേരിക്കയിലൂടെ നടത്തുന്ന പ്രേഷിത പര്യടനം പുരോഗമിക്കുന്നു. ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പതിനാറോളം പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇക്കഴിഞ്ഞ ജനുവരി 29ന് ചിലിയില്‍ നിന്നും ആരംഭിച്ച പര്യടനം അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ, ബൊളീവിയ, പെറു തുടങ്ങിയ രാജ്യങ്ങളിലൂടെ ഏതാണ്ട് ഒന്‍പതിനായിരത്തിനടുത്ത് മൈല്‍ ദൂരമാണ് താണ്ടുന്നത്. ഈ മേഖലകളില്‍ സുവിശേഷ വേല ചെയ്തുകൊണ്ടിരിക്കുന്ന പ്രേഷിതരെ സന്ദര്‍ശിക്കുവാനും, ദരിദ്ര സാഹചര്യങ്ങളില്‍ കഴിയുന്ന സമൂഹങ്ങളെ സഹായിക്കുകയുമാണ് പര്യടനത്തിന്റെ ലക്ഷ്യം.
2000-ല്‍ ഇറ്റാലിയന്‍ പോലീസ് രൂപം നല്‍കിയ ‘മോട്ടോ ഫോര്‍ പീസ്’ എന്ന സന്നദ്ധ സംഘടനയാണ് മോട്ടോര്‍ സൈക്കിള്‍ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ഐക്യവും, സൗഹൃദവും, സാംസ്കാരികമായ പങ്കുവെക്കലും ഈ പര്യടനത്തിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ചിലിയില്‍ എത്തിയത് മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൂന്ന്‍ നഗരങ്ങളിലെ വൃദ്ധ സദനങ്ങളും, അനാഥാലയങ്ങളും സന്ദര്‍ശിക്കുകയും, സാന്റിയാഗോ അതിരൂപത സന്ദര്‍ശിച്ച് സെലസ്റ്റീനോ അവോസ് മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരിന്നു.
നേപ്പാളിലെ ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ സംഭാവന ചെയ്യുക, കുടിവെള്ളം ശുദ്ധീകരിക്കുന്ന മെഷീനുവേണ്ട പണം സമാഹരിക്കുക, ആഫ്രിക്കയിലെ വിവിധ മേഖലകളില്‍ വൈദ്യ സഹായമെത്തിക്കുക, ബൊളീവിയയില്‍ അനാഥാലയം പണികഴിപ്പിക്കുക തുടങ്ങിയവ സംഘടന മുന്‍ പര്യടനങ്ങളില്‍ നടത്തിയ സേവനങ്ങളില്‍ ചിലതാണ്. വത്തിക്കാന്റെ ഇന്റഗ്രല്‍ ഹുമന്‍ ഡെവലപ്മെന്റ് ഡിക്കാസ്റ്റ്റിയുടെ സഹകരണത്തോടെയാണ് മോട്ടോര്‍ സൈക്കിള്‍ പര്യടനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മോട്ടോ ഫോര്‍ പീസിന്റെ വൈസ് പ്രസിഡന്റായ സെലസ്റ്റീനോ സ്വാരസ് പറഞ്ഞു. 2018-ലാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് തെക്കേ അമേരിക്ക സന്ദര്‍ശിക്കുവാന്‍ ‘മോട്ടോ ഫോര്‍ പീസ്’നെ പ്രോത്സാഹിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക