Faith And Reason - 2024

മാനസാന്തരത്തിന്റെ അടിയന്തര ആവശ്യത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് പാപ്പയുടെ നോമ്പുകാല സന്ദേശം

സ്വന്തം ലേഖകന്‍ 25-02-2020 - Tuesday

വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ പൗലോസ് അപ്പോസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാമത്തെ ലേഖനത്തിലെ "ഞങ്ങള്‍ വഴി ദൈവം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോട് രമ്യതപ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്" (2 കോറി. 5:20) എന്ന വചനമാണ് പാപ്പയുടെ 2020 നോമ്പുകാല സന്ദേശത്തിന്‍റെ മുഖ്യ പ്രമേയം. വ്യക്തിപരമായ മനപരിവര്‍ത്തനത്തിന്റെ അടിയന്തിര ആവശ്യമുണ്ടെന്നും അതില്ലെങ്കില്‍, സാത്താന്റെ പ്രലോഭനങ്ങളും തിന്മയുടെ സാന്നിധ്യവും ഭൂമിയില്‍ നരകം സൃഷ്ടിക്കുമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

യേശുവിന്റെ മരണത്തിനും, പുനരുത്ഥാനത്തിനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാനുള്ള ഒരവസരം കൂടിയാണ് ഈ നോമ്പുകാലത്തിലൂടെ ദൈവം നമുക്ക് തന്നിരിക്കുന്നതെന്നും ഇത്തവണ നമ്മുടെ മാനസാന്തരത്തെ നിസ്സാരമായി കാണരുതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. മാനസാന്തരത്തിനായി ക്ഷണിക്കുന്ന പെസഹാരഹസ്യത്തെ ആശ്ലേഷിക്കാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളോടു ആഹ്വാനം ചെയ്തു.

പെസഹാരഹസ്യത്തെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുകയെന്നാല്‍, യുദ്ധങ്ങള്‍ക്കും, വിവിധതരം അക്രമങ്ങള്‍ക്കും ഇരകളാകുന്ന ജനിക്കാനിരിക്കുന്ന ശിശുക്കള്‍ മുതല്‍, പ്രായമായവര്‍ വരെയുള്ള നിഷ്കളങ്കരിലൂടെ മുറിവേല്‍ക്കപ്പെടുന്ന ക്രൂശിതനായ ക്രിസ്തുവിനോടു അനുതാപം തോന്നുകയാണ്. അമിതമായ ലാഭേച്ച, പാരിസ്ഥിതിക പ്രശ്നങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയവയേയും ക്രിസ്തുവിന്റെ മുറിവുകള്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥന ഒരു കടമയെന്നതിനേക്കാള്‍ ഉപരിയായി നമ്മെ നിലനിര്‍ത്തുന്ന ദൈവസ്നേഹത്തിനു പ്രത്യുത്തരം നല്‍കുവാനുള്ള നമ്മുടെ ആവശ്യത്തിന്റെ പ്രകാശനമാണെന്ന കാര്യവും പാപ്പ ആവര്‍ത്തിച്ചിട്ടുണ്ട്.

ദൈവത്തോട് അനുരഞ്ജിതരാകുവാനും, പെസഹാ രഹസ്യങ്ങളില്‍ കണ്ണുകള്‍ ഉറപ്പിക്കുവാനും, മാനസാന്തരപ്പെട്ട് ദൈവവുമായി തുറവിയോട് ആത്മാര്‍ത്ഥമായി സംവദിക്കുവാന്‍ സഹായിക്കണമെന്ന് പരിശുദ്ധ കന്യകാമാതാവിനോട് അപേക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പയുടെ ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശം അവസാനിക്കുന്നത്. ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 7-ന് ഒപ്പിട്ടിരിക്കുന്ന സന്ദേശം ഇക്കഴിഞ്ഞ ഫെബ്രുവരി 24-നാണ് വത്തിക്കാന്‍ പുറത്തുവിട്ടത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »