Life In Christ - 2024

നൈജീരിയ ക്രിസ്ത്യാനികളുടെ കൊലക്കളം: 2020ലെ ആദ്യ രണ്ടുമാസങ്ങളില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 13-03-2020 - Friday

ആനംബ്രാ - പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 2020-ലെ ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം മുന്നൂറ്റിഅന്‍പതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആനംബ്രാ ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി). “നൈജീരിയ: പ്രതിരോധമില്ലാത്ത ക്രിസ്ത്യാനികളുടെ കൊലക്കളം” (Nigeria: A Killing Field Of Defenseless Christian) എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉള്ളത്. 2015-ന് ശേഷം ഏതാണ്ട് 11,500ത്തോളം ക്രൈസ്തവര്‍ നൈജീരിയയില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിലെ നൈജീരിയന്‍ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2015 ജൂണ്‍ മുതലുള്ള കണക്കാണിത്. ഇതില്‍ 7,400 ക്രിസ്ത്യാനികളുടെ കൊലക്കുത്തരവാദികള്‍ മുസ്ലീം ജിഹാദി ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികളാണ്. തീവ്രവാദി സംഘടനയായ ബൊക്കോ ഹറാം 4,000 പേരെ കൊന്നൊടുക്കിയപ്പോള്‍, റോഡ്‌ കൊള്ളക്കാരാല്‍ കൊല്ലപ്പെട്ടത് 150-200 ക്രിസ്ത്യാനികളാണ്. സമീപകാലങ്ങളില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഫുലാനികള്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നിരവധിപേരാണ് ഭവനങ്ങള്‍ വിട്ട് പലായനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇസ്ളാമിക ഗോത്രക്കാരുടെ ആക്രമണങ്ങളുടെ 100% ഇരകളും ക്രിസ്ത്യാനികളാവുമ്പോള്‍, 2015-ന് ശേഷം ബൊക്കോ ഹറാം കൊലപ്പെടുത്തിയ 6000 പേരില്‍ 4000-വും ക്രിസ്ത്യാനികളാണ്. 20 ലക്ഷത്തോളം പേര്‍ നൈജീരിയയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്.

ഇന്റര്‍സൊസൈറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് 2018-ല്‍ ഫുലാനികളാല്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 2400 ആണ്. 2019-ല്‍ ഈ സംഖ്യ 1000-1200 ആയിരുന്നു. 2019-ല്‍ ബൊക്കോ ഹറാമിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരമാണ്. കഴിഞ്ഞ 57 മാസങ്ങള്‍ക്കുള്ളില്‍ 8 കത്തോലിക്കാ പുരോഹിതരടക്കം 20 പുരോഹിതരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അൻപതോളം പേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായി. ഇതേ കാലയളവില്‍ തന്നെ ഏതാണ്ട് രണ്ടായിരത്തോളം ദേവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ക്രിസ്ത്യന്‍ ക്രിമിനോളജിസ്റ്റായ എമേക ഉമീഗ്ബ്ലാസിസിന്റെ നേതൃത്വത്തില്‍, ക്രിമിനിനോളജിസ്റ്റുകള്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, സുരക്ഷയേക്കുറിച്ചും സമാധാനത്തേക്കുറിച്ചും, കലാപത്തെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഇന്റര്‍സൊസൈറ്റി 2010 മുതല്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ്.


Related Articles »