Faith And Reason - 2025
കൊറോണ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥനയുമായി പോളിഷ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 27-03-2020 - Friday
വാർസോ: കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടി പോളിഷ് പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി പ്രാര്‍ത്ഥിച്ചു. പ്രസിദ്ധമായ ‘ജസ്‌ന ഗോറെ’ തീർത്ഥാടനകേന്ദ്രത്തിലാണ് പോളിഷ് ജനതക്ക് വേണ്ടിയും പഠനം ജോലി സംബന്ധമായി ഇതര രാജ്യങ്ങളിൽ കഴിയുന്ന പൌരന്മാര്‍ക്ക് വേണ്ടിയും പ്രസിഡന്റ് പ്രാർത്ഥന നടത്തിയത്. രാജ്യത്തിന് സ്വര്‍ഗ്ഗീയ സംരക്ഷണം നൽകണമേയെന്ന പ്രാർത്ഥനയുമായാണ് അദ്ദേഹം തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയത്. ദേവാലയത്തിലെ സായാഹ്‌ന പ്രാർത്ഥനയിലും അദ്ദേഹം പങ്കുകൊണ്ടു.
വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' അഥവാ 'ബ്ലാക്ക് മഡോണ' ചിത്രം സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ‘ജസ്‌ന ഗോറെ’. ഇവിടെ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് ഇന്നും കാണുന്നത്. 2017-ല്‍ പോളണ്ടിന്റെ സംരക്ഷകയെന്നറിയപ്പെടുന്ന 'ബ്ലാക്ക് മഡോണ' ചിത്രത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക കറന്‍സി രാജ്യം പുറത്തിറക്കിയിരിന്നു. അന്ന്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനും കത്തോലിക്കാ വിശ്വാസിയായ ആൻഡ്രസെജ് ഡൂഡ നേരിട്ടെത്തിയിരിന്നു. പോളണ്ടിന്റെ ആകെ ജനസംഖ്യയുടെ 85 ശതമാനവും കത്തോലിക്ക വിശ്വാസികളാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക