Videos

'ദയവായി ഞങ്ങള്‍ക്ക് ദേവാലയങ്ങൾ തുറന്നു നൽകൂ': ബ്രിട്ടീഷ് ക്രൈസ്തവരുടെ വീഡിയോ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 26-04-2020 - Sunday

ലണ്ടന്‍: ദേവാലയങ്ങൾ തുറന്നു നൽകി കൂദാശകളിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് മെത്രാന്മാരോട് അഭ്യർത്ഥിച്ചുകൊണ്ടു ബ്രിട്ടീഷ് ക്രൈസ്തവരുടെ വീഡിയോ. മെത്രാന്മാർ എല്ലാവരും വളരെയേറെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് മനസ്സിലാക്കുന്നുവെന്നും, അപ്രകാരം ഒരു അവസ്ഥയിലൂടെ തന്നെയാണ് തങ്ങളും കടന്നു പോകുന്നതെന്നും പറഞ്ഞുകൊണ്ട് ഒരു യുവതിയാണ് വീഡിയോയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കില്ലെങ്കിലും ദിവ്യകാരുണ്യ ഈശോയുമായി ഉണ്ടാകേണ്ട അടുപ്പത്തിന്റെ ആവശ്യകത നിരവധിപേർ വീഡിയോയിൽ വിശദീകരിക്കുന്നതു കാണാം. വീഡിയോ, രാജ്യത്തെ എല്ലാ മെത്രാന്മാർക്കും അയച്ചു കൊടുത്തിട്ടുണ്ട്.

ദൈവത്തിൽ നിന്നും, കൂദാശകളിൽ നിന്നും, മനുഷ്യനിൽ നിന്നും ഒഴിഞ്ഞുമാറി, വ്യത്യസ്തമായ ഒരു വിശ്വാസ ജീവിതം നയിക്കാൻ ആളുകൾക്ക് ഓൺലൈൻ കുർബാനകൾ വഴിയൊരുക്കുമെന്ന് മാർപാപ്പ പങ്കുവെച്ച ആശങ്ക, വീഡിയോയിൽ ഒരു യുവതി ഉദ്ധരിച്ചു. ഇസബെൽ വോഗൻ സ്പ്രൂസ്, ബെൻ താച്ചർ, സാറ താച്ചർ എന്നിവർ ചേർന്നാണ് വീഡിയോ നിർമ്മിച്ചത്. ദേവാലയങ്ങൾ തുറക്കാൻ തങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്യണമെന്ന ആവശ്യവുമായി നിരവധി വിശ്വാസികൾ തന്നെ സമീപിച്ചിരുന്നുവെന്ന് ഇസബെൽ വോഗൻ സ്പ്രൂസ് പറഞ്ഞു. ദിവ്യകാരുണ്യ ഈശോടുളള സ്നേഹമാണ് വീഡിയോ പിറവിയെടുക്കാൻ മുഖ്യകാരണമെന്ന് അവർ വിശദീകരിക്കുന്നു.

കുമ്പസാരിക്കാനുള്ള ആഗ്രഹവും, ഈയൊരു അവസ്ഥയിൽ ധൈര്യമായി മുന്നോട്ടു പോകാൻ വൈദികർക്കും, മെത്രാൻമാർക്കും പിന്തുണ നൽകണമെന്ന് ചിന്തയും ഇങ്ങനെ ഒരു വീഡിയോ നിർമ്മിക്കാൻ പ്രേരണ ഘടകമായെന്നും ഇസബെൽ വോഗൻ കൂട്ടിച്ചേർത്തു. സൂപ്പർമാർക്കറ്റ് സന്ദർശിക്കുവാന്‍ അനുവാദം നല്‍കുന്നതിന് സമാനമായി ദേവാലയ സന്ദർശനവും കുമ്പസാരവും, സുരക്ഷിതമായി ചെയ്യാമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൗജന്യ പോണോഗ്രഫി പോലുള്ളവ പല വെബ്സൈറ്റുകളും ഈ നാളുകളിൽ നൽകുന്നതിനാൽ, കുമ്പസാരിക്കാൻ പോകാൻ സാധിക്കാതെ പലയാളുകളും ആശങ്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇസബെൽ വോഗൻ ചൂണ്ടിക്കാട്ടി.

പ്രോലൈഫ് ആക്ടിവിസ്റ്റായ റോബർട്ട് കോൾക്യൂനും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് തന്നെ ദേവാലയങ്ങള്‍ തുറന്നുനല്‍കി കൂദാശകൾ പരികർമ്മം ചെയ്യാൻ സാധിക്കുമെന്ന സന്ദേശമാണ് വീഡിയോയിലൂടെ നൽകാൻ ഉദ്ദേശിച്ചതെന്ന് റോബർട്ട് പറഞ്ഞു. വിശ്വാസികളുടെ അഭ്യര്‍ത്ഥനക്ക് മറുപടിയുമായി ചില മെത്രാന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വീഡിയോയിലൂടെ വിശ്വാസികൾ ഉന്നയിച്ച ആവശ്യങ്ങൾ തന്നെ സ്പർശിച്ചുവെന്ന് സ്കോട്ടിഷ് ബിഷപ്പ് ജോൺ കീനൻ പറഞ്ഞു.

ദേവാലയങ്ങൾ തുറക്കുന്നതിനെ പറ്റി സർക്കാരുമായി ചർച്ച നടത്താമെന്ന് നിരവധി മെത്രാന്മാർ വീഡിയോയുടെ സംഘാടകർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഇംഗ്ലീഷ് - വെയിൽസ് മെത്രാൻ സമിതി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ദേവാലയങ്ങൾ തുറക്കാനുള്ള തങ്ങളുടെ ആവശ്യം ഔദ്യോഗികമായി തന്നെ പ്രസ്തുത കൂടിക്കാഴ്ചയിൽ മെത്രാന്മാർ ചർച്ച ചെയ്യുമെന്ന ആത്മവിശ്വാസം ഇസബെൽ വോഗൻ സ്പ്രൂസ് പ്രകടിപ്പിച്ചു. മാർച്ച് ഇരുപതാം തീയതിയാണ് പൊതുജന പങ്കാളിത്തതോടെയുള്ള ബലിയര്‍പ്പണം ബ്രിട്ടനിൽ നിർത്തിവെച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »