Faith And Reason - 2024
ഇറ്റലിയില്‍ പൊതു ബലിയര്‍പ്പണം പുനഃരാരംഭിച്ചു: ആഹ്ലാദം പങ്കുവെച്ച് മലയാളി കന്യാസ്ത്രീയുടെ ഫേസ്ബുക്ക് കുറിപ്പ്
പ്രവാചക ശബ്ദം 20-05-2020 - Wednesday
റോം: രണ്ടു മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ ഇറ്റലിയില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ആരംഭമായി. നീണ്ട കാലയളവിന് ശേഷം ലഭിച്ച അസുലഭ അവസരത്തിനായി നിരവധി വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയിരിന്നു. സെന്‍റ് പീറ്റേഴ്സ് ബസിലിക്ക അടക്കമുള്ള പ്രമുഖ ദേവാലയങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ദേവാലയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. ദേവാലയത്തിന്റെ പ്രധാന കവാടത്തിനടുത്ത് തന്നെ ശരീര ഊഷ്മാവ് കണ്ടെത്തി നിരീക്ഷിച്ചതിന് ശേഷമേ പ്രവേശന അനുമ്തി. എല്ലാ ദേവാലയങ്ങളിലും സാനിറ്റൈസര്‍ അടക്കമുള്ള കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
ദിവ്യകാരുണ്യ സ്വീകരണ സമയത്ത് മുഖാവരണവും ഗ്ലൌസും അണിഞ്ഞാണ് വൈദികര്‍ വിശ്വാസികള്‍ക്കിടയിലേക്ക് ചെന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേവാലയം തുറന്നതിന്റെ അത്യാഹ്ലാദമാണ് ഓരോ വിശ്വാസിക്കും റോമില്‍ നിന്നു പങ്കുവെയ്ക്കാനുള്ളത്. ഇറ്റലിയില്‍ സേവനം ചെയ്യുന്ന മലയാളി സന്യാസിനി സിസ്റ്റര്‍ സോണിയ തേരേസ് ദേവാലയം തുറന്നതിന്റെ ആഹ്ലാദം പങ്കുവെച്ചുകൊണ്ടു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നീണ്ട എഴുപതു ദിവസത്തിന് ശേഷം രണ്ട് കിലോമീറ്റർ ദൂരത്തുള്ള പള്ളി ലക്ഷ്യമാക്കി നടക്കുമ്പോൾ സന്തോഷം കൊണ്ട് അറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നുവെന്നും സിസ്റ്റര്‍ കുറിച്ചു.
സിസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നല്ല തണുപ്പും കോരിചൊരിയുന്ന മഴയും വകവയ്ക്കാതെ തുടിക്കുന്ന ഹൃദയത്തോടെ രണ്ട് കിലോമീറ്റർ ദൂരത്തുള്ള പള്ളി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. 70 ദിവസമായിട്ട് ഫ്രാൻസിസ് പാപ്പ അർപ്പിച്ചിരുന്ന വി. കുർബാന ലൈവിൽ കാണുവാനുള്ള അവസരങ്ങളെ ഉണ്ടായിരുന്നുള്ളു. 70 ദിവസം 70 വർഷം പോലെ നീണ്ടതായിരുന്നു. ഇന്നലെ ഇറ്റലിയിലെ പള്ളികളുടെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നപ്പോൾ വി. കുർബാനക്കുവരുന്ന വിശ്വാസികളുടെ എണ്ണവും വർദ്ധിച്ചു.
ഒന്നിടവിട്ടുള്ള ബെഞ്ചുകളിൽ ഈരണ്ടുപേർ എന്ന കണക്കിൽ ഏകദേശം രണ്ട് മീറ്റർ അകലം പരസ്പരം, എല്ലാവർക്കും മാസ്ക് നിർബന്ധം, പള്ളിക്കുളിൽ കടന്നാൽ ഉടൻ കൈകൾ ശുദ്ധീകരിക്കാനുള്ള സംവിധാനം, വി. കുർബാന കൈകളിൽ സ്വീകരിക്കണം, അതും പുരോഹിതൻ ഓരോരുത്തരും നിൽക്കുന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടുവന്ന് തരും...ഇങ്ങനെ നീളുന്നു ഇറ്റലിയിലെ ക്രൈസ്തവ വിശ്വാസികളുടെ പുതിയ ജീവിത ശൈലികൾ. കൊറോണയോടെപ്പം ജീവിക്കുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. ചുറ്റും പാതിയിരിക്കുന്ന അജ്ഞാത ശത്രുവിനെ അതിജീവിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ജീവനും കൊണ്ട് പോകും. ഒരുവൻ്റെ ശ്രദ്ധ മരിക്കുമ്പോൾ അവിടെ അവൻ്റെ മരണം ജനിക്കുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on