Social Media
പാന്തയോൺ: വിജാതീയരുടെ അമ്പലം കത്തോലിക്ക ദേവാലയമായി മാറിയ കഥ
ഫാ. ജിന്‍റോ മുരിയങ്കരി 25-01-2023 - Wednesday
റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പായി വാസ്തുവിദ്യയും ശിൽപകലയും സമ്മേളിക്കുന്ന പാന്തയോൺ ഇറ്റാലിയൻ തലസ്ഥാനനഗരിയിൽ തലയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 1900 വർഷങ്ങളായി (113–125 AD). ഗ്രീക്കു അമ്പലങ്ങളോട് ശിൽപകലയിൽ സാമ്യമുളള പോർട്ടിക്കോയും റോമൻ വാസ്തുവിദ്യയുടെ മാസ്മരികത തുടിക്കുന്ന പ്രധാന കെട്ടിടവും ഡോമും ഒന്നുചേരുന്ന ഈ വിസ്മയാവഹമായ അമ്പലം പണികഴിപ്പിച്ചത് ലൂസിയൂസിന്റെ പുത്രനായ, മൂന്നു പ്രാവശ്യം റോമിന്റെ കോൺസലായിരുന്ന മാർക്കുസ് അഗ്രിപ്പായാണെന്ന് പാന്തയോണിന്റെ പ്രവേശനഭാഗത്ത് മുകളിലായി ലത്തീൻ ഭാഷയിൽ എഴുതി വച്ചിരിക്കുന്നു.
എന്നാൽ റോമൻ സാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തിയായിരുന്ന അഗസ്തസിന്റെ നിർദ്ദേശപ്രകാരം മാർക്കുസ് അഗ്രിപ്പ (45–12 BC) പണികഴിച്ച പാന്തയോൺ അഗ്നിബാധയിൽ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് അതേസ്ഥലത്ത് ഹാഡ്രിയൻ ചക്രവർത്തി 125 AD യിൽ പണികഴിച്ച അമ്പലമാണ് ഇന്ന് കാണുന്ന പാന്തയോണെന്നും, മാർക്കൂസ് അഗ്രിപ്പയുടെ പേര് അദ്ദേഹം നിലനിർത്തുകയായിരുന്നെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.
പാന്തയോൺ എന്ന വാക്കിന്റെ അർത്ഥം
എല്ലാ ദൈവങ്ങൾക്കും വേണ്ടി- എന്നാണ്. അതുകൊണ്ട് തന്നെ റോമിലെ എല്ലാ വിജാതീയ ദൈവങ്ങൾക്കും സമർപ്പിച്ച അമ്പലമായി ചരിത്രകാരന്മാർ പാന്തയോണിനെ കാണുന്നു. ഒരു താങ്ങുമില്ലാതെ നിൽക്കുന്ന 142 അടി (43 മീറ്റർ) വ്യാസവും അതിന്റെ അടിത്തട്ടിൽ നിന്ന് 71 അടി (22 മീറ്റർ) ഉയരവുമുളള പാന്തയോണിന്റെ താഴികക്കുടം(ഡോം) ലോകത്തിലെത്തന്നെ വലിയ ഡോമുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റെ മുകൾഭാഗം തുറന്നുകിടക്കുകയാണ് എന്നത് ശിൽപികളെയും വിനോദസഞ്ചാരികളെയും ഒരേപോലെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
‘ഓക്കുളസ്’ അഥവാ കണ്ണ് എന്ന് വിളിക്കുന്ന ഈ വലിയ ദ്വാരമാണ് താഴികക്കുടത്തിന്റെ ഭാരം സമാനമായി വീതിച്ച് നല്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാന്തയോൺ സന്ദർശിച്ച വിശ്വപ്രസിദ്ധ ശിൽപിയായ മൈക്കൾ ആഞ്ചലോ അഭിപ്രായപ്പെട്ടത് "ഇത് മാനുഷികരൂപകൽപനയല്ല മറിച്ച് മാലാഖയുടേതാണ്" എന്നാണ്. മൈക്കൾ ആഞ്ചലോ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ നാമത്തിലുളള ബസിലിക്കയിലെ താഴികക്കുടം രൂപകൽപനചെയ്തത് പാന്തയോണിന്റെ താഴികകുടത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ്.
ദേവാലയമായി മാറിയ അമ്പലം
പാന്തയോൺ അമ്പലം കത്തോലിക്കാ ദേവാലയമായി മാറുന്നത് ഏഴാം നൂറ്റാണ്ടിലാണ്. ബൈസന്റൈൻ ചക്രവർത്തിയായിരുന്ന ഫോക്കാസ് 609 AD യിൽ ബോണിഫേസ് നാലാമൻ മാർപാപ്പക്ക് പാന്തയോൺ നല്കുകയും, അതേവർഷം മെയ് പതിമൂന്നിന് മാർപാപ്പയുടെ നിർദ്ദേശപ്രകാരം അത് കൂദാശചെയ്യുകയും, മാതാവിന്റെയും രക്തസാക്ഷികളുടെയും പേരിലുളള കത്തോലിക്കാദേവാലയമായി അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. മാതാവിൻറെ ഐക്കൺ ചിത്രവും റോമിലെ ഭൂഗർഭ സെമിത്തേരികളായിരുന്ന കാറ്റെക്കോമ്പുകളിൽ നിന്നും കണ്ടെടുത്ത രക്തസാക്ഷികളുടെ തിരുശേഷിപ്പും ഈ ദൈവാലയത്തിൽ വണക്കത്തിനായി മാർപാപ്പ പ്രതിഷ്ഠിച്ചു.
പാന്തയോണിലെ പന്തകുസ്താചരണം
സെഹിയോൻ ഊട്ടുശാലയിൽ സമ്മേളിച്ചിരുന്ന മാതാവിന്റെയും ശ്ലീഹന്മാരുടെയുംമേൽ സഹായകനായ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തിൽ ഇറങ്ങിവന്നതിനെയാണ് പെന്തകുസ്താത്തിരുന്നാളിൽ നാം അനുസ്മരിക്കുന്നത്. ഈ അനുസ്മരണം റോമിലെ എല്ലാ ദൈവാലയങ്ങളിലും നടത്താറുണ്ടെങ്കിലും പാന്തയോണിലെ ആഘോഷം വളരെ പ്രത്യേകത നിറഞ്ഞതാണ്. പന്തകുസ്താദിവസം അർപ്പിക്കുന്ന ആഘോഷപൂർവ്വമായ വി.കുർബാനയുടെ അവസാനഭാഗത്തായി തീനാവുകളുടെ രൂപത്തിലുളള പരിശുദ്ധാത്മാവിന്റെ ആഗമനത്തെ അനുസ്മരിപ്പിക്കത്തക്കവിധം ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ പാന്തയോണിന്റെ ഡോമിനു മുകളിലുളള ഓക്കുളസിലൂടെ വിശ്വാസികളുടെമേൽ വർഷിക്കുന്നു. റോമിലെ അഗ്നിശമനസേനയാണ് ഇതിനായുളള ഒരുക്കങ്ങൾ നടത്തുന്നത്. പ്രസ്തുത കർമ്മത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ എല്ലാവർഷവും എത്താറുണ്ടെങ്കിലും ഇതിൽ നാലിലൊന്നു പേർക്ക് മാത്രമാണ് പാന്തയോണിന്റെ ഉളളിൽ പ്രവേശിക്കാൻ സാധിക്കാറുളളു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
#repost