India - 2024

എറണാകുളം അതിരൂപതയിൽ ജൂലൈ 1ന് നിബന്ധനകളോടെ പൊതു ദിവ്യബലി ആരംഭിക്കുന്നു

പ്രവാചക ശബ്ദം 28-06-2020 - Sunday

എറണാകുളം അങ്കമാലി അതിരൂപതയിൽ ജൂലൈ 1 മുതല്‍ നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആര്‍ച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിലിന്റെ സർക്കുലർ. ഇരുപത്തിയഞ്ചു പേര്‍ക്ക് മാത്രമാകും പ്രവേശനം. കൊറോണ വൈറസിന്റെ ഭീതി ഉടനെ വിട്ടകലുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, കൃത്യമായ നിബന്ധനകളോടെ ജൂലൈ ഒന്നാം തീയതി മുതൽ ദേവാലയങ്ങളിൽ അനുദിന ദിവ്യബലിയർപ്പണം ആരംഭിക്കാൻ അനുവാദം നൽകുകയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.

പൊതുനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ ‍

- കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർ മാത്രമേ അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കാവൂ.

- വിവാഹത്തിനും മനസമ്മതത്തിനും പരമാവധി 50 പേർക്കും മൃതസംസ്കാരശുശ്രൂഷയിൽ 20 പേർക്കും പങ്കെടുക്കാവുന്നതാണ്. മറ്റെല്ലാ തിരുക്കർമ്മങ്ങൾക്കും 25 പേർ മാത്രമെ പാടുള്ളു.

- ആരാധനാലയത്തിൽ എത്തുന്നവർ മാസ്ക് ധരിച്ചിരിക്കണം.

- ഒരോ ദിവസവും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെ പേര്, സ്ഥലം, ഫോൺനമ്പർ എന്നിവ ഒരു രജിസ്റ്റർ ബുക്കിൽ കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരോ, പോലീസോ, മറ്റ് അധികാരികളോ ആവശ്യപ്പെട്ടാൽ ഉടനെ നൽകാൻ സാധിക്കുന്നവിധം ഈ രജിസ്റ്റർ വികാരിയച്ചന്റെ ഓഫീസിൽ സൂക്ഷിച്ചിരിക്കണം.

- വ്യക്തികൾ തമ്മിൽ ആറ് അടി അകലം പാലിക്കത്തക്കവിധമായിരിക്കണം ദേവാലയത്തിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടത്.

- 10 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും രോഗികളും ഗർഭിണികളും പൊതുപരിപാടികളിലൊന്നും പങ്കെടുക്കാൻ പാടില്ല എന്ന സർക്കാർ നിർദ്ദേശം കൃത്യമായി പാലിക്കണം.

- തിരുക്കർമ്മങ്ങൾക്കു മുൻപും ശേഷവും കാർമ്മികൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കരങ്ങൾ ശുദ്ധമാക്കേണ്ടതാണ്. സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കരങ്ങൾ കഴുകിയാലും മതിയാകും.

- കഴിയുന്നത് അകന്നുനിന്ന് കൈകൾ നിവർത്തിപ്പിടിച്ച് ഉള്ളംകൈയ്യിൽ വിശുദ്ധ കുർബാന സ്വീകരിക്കേണ്ടതാണ്.

- കൂടുതൽ ആളുകൾക്ക് പങ്കെടുക്കുന്നതിനായി കുർബാനയുടെ എണ്ണം കൂട്ടുന്നതിന് തടസ്സമില്ല.

- ഹോട്ട് സ്പോട്ട് കണ്ടയിന്റ് മെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ സർക്കാരിന്റെ നിബന്ധനകൾ കർശനമായി പാലിക്കണം.

- ഇടവകാതിർത്തിക്കുള്ളിൽ രോഗവ്യാപനസാധ്യത കൂടുതലാണെന്ന് ഇടവക വികാരിക്ക് ബോധ്യമാവുകയാണെങ്കിൽ, അതിരൂപതാ കച്ചേരിയിൽ നിന്ന് അനുവാദം വാങ്ങി, നിശ്ചിത ദിവസങ്ങളിലേയ്ക്ക് പള്ളി അടച്ചിടാവുന്നതാണ്.

- ഇടവകകളിൽ വികാരിയച്ചന്മാർ അർപ്പിക്കുന്ന കുർബാനയുടെ ലൈവ് സ്ട്രീമിങ് നടത്തുകയാണെങ്കിൽ പള്ളിയിൽ വരാൻ സാധിക്കാത്ത ആ ഇടവകയിലുള്ള വിശ്വാസികൾക്ക് തങ്ങളുടെ പള്ളിയിലെ കുർബാനയിൽത്തന്നെ ഓൺലൈനായി പങ്കെടുക്കാൻ സാധിക്കും.

- ഓൺലൈൻ കുർബാന ആർച്ച്ബിഷപ്പ്സ് ഹൗസിൽ നിന്നും എല്ലാ ദിവസവും രാവിലെ 6.30-ന് ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 6.30-നും 8.30-നും വി. കുർബാന ഉണ്ടായിരിക്കും.


Related Articles »