Faith And Reason - 2024
ഫിലിപ്പീന്‍സില്‍ 21 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് മെത്രാപ്പോലീത്ത
പ്രവാചക ശബ്ദം 15-07-2020 - Wednesday
മനില: രാജ്യത്തിനുവേണ്ടി ഇരുപത്തിയൊന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഫിലിപ്പീൻസിലെ ലിംഗായൻ- ഡാഗുപ്പാൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ്. കൊറോണ വൈറസ് വ്യാപനവും, രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ - സാമൂഹിക അരക്ഷിതാവസ്ഥയും കണക്കിലെടുത്താണ് മെത്രാപ്പോലീത്ത ആഹ്വാനം നല്‍കിയിരിക്കുന്നത്. നാളെ ജൂലൈ പതിനാറാം തീയതി മുതൽ ഓഗസ്റ്റ് അഞ്ചാം തീയതി വരെ നീണ്ടുനിൽക്കുന്നതാണ് പ്രാർത്ഥനാ ദിനങ്ങൾ. നാളെ കർമ്മല മാതാവിന്റെ തിരുനാൾ ദിനവും, ഓഗസ്റ്റ് അഞ്ചാം തീയതി റോമിലെ സെന്റ് മേരി മേജർ ബസലിക്കയുടെ പ്രതിഷ്ഠയുടെ സ്മരണ പുതുക്കുന്ന ദിനവുമാണെന്നത് ശ്രദ്ധേയമാണ്.
ഇതു സംബന്ധിച്ചു അതിരൂപതയിലെ ഇടവക വൈദികർക്ക് അയച്ച കത്തിൽ, ജനങ്ങൾക്കിടയിലും വൈദികർക്കിടയിലും നിലനിൽക്കുന്ന നിസ്സഹായാവസ്ഥയെ അദ്ദേഹം സ്മരിച്ചു. പ്രതിസന്ധിയുടെ ഈ നാളുകളില്‍ വിശ്വാസികളെ എങ്ങനെ സഹായിക്കണം എന്ന ആശയക്കുഴപ്പം വൈദികർക്കിടയിലും ഉണ്ട്. നമ്മൾ പ്രാർത്ഥനയിലേക്ക് തിരിയുകയാണ്, നമ്മൾ ദൈവമാതാവിലേക്ക് തിരിയുകയാണ്. ദൈവമാതാവിനെ ആശ്രയിച്ചാൽ നമ്മൾ നിസ്സഹായരാകേണ്ടി വരില്ല. ഈ ദിവസങ്ങളിൽ മരിയൻ സമർപ്പണം നടത്താനും ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ് വൈദികരോടും, വിശ്വാസി സമൂഹത്തോടും ആവശ്യപ്പെട്ടു.
മരിയൻ സമർപ്പണ പ്രാർത്ഥനയും, രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും അതിരൂപതയിൽ അർപ്പിക്കുന്ന ഓരോ വിശുദ്ധ ബലികളിലും ചൊല്ലണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ദൈവനിഷേധത്തിന്റെ അവസ്ഥയിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും, ചെയ്ത പാപത്തിന്റെ ഫലം നമ്മൾ കാണുന്നുണ്ടെന്നും സോക്രട്ടീസ് വില്ലേഗാസ് അഭിപ്രായപ്പെട്ടു. ആത്മീയ മുറിവ് ഉണങ്ങാനായി നമ്മൾ മനസ്തപിക്കണമെന്നും, മരിയൻ സമർപ്പണം നടത്തണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ഈ ദിവസങ്ങളില്‍ കുടുംബങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക