News - 2025
ഭാരതത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറയുന്നു; സഭയും സര്‍ക്കാരും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍
സ്വന്തം ലേഖകന്‍ 14-05-2016 - Saturday
ന്യൂഡല്‍ഹി: ഭാരതത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നു കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രോഗികളുടെ എണ്ണം കുറഞ്ഞതായി പറയുന്നത്. 2001-2003 കാലഘട്ടത്തില്‍ 0.38 ശതമാനം രോഗികളുണ്ടായിരുന്നുവെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു താഴ്ന്നു 2015-ല്‍ 0.26 ശതമാനത്തിലേക്കു എത്തി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണവും ശുശ്രൂഷകളും നടത്തി രോഗികളുടെ എണ്ണം കുറയ്ക്കുവാന്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ തീരുമാനമെടുത്തിട്ടുണ്ട്.
"എയ്ഡ്‌സ് ബാധിച്ചവരുടെ ഇടയില്‍ സര്‍ക്കാരുമായി വളരെ കാതലായ പ്രവര്‍ത്തനമാണു സഭ നടത്തുന്നത്. രോഗികളുടെ എണ്ണം കുറയുന്നതില്‍ സന്തോഷമുണ്ട്. എന്നിരുന്നാലും ഇന്ത്യയുടെ ആകെ ജനസഖ്യയുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ എണ്ണവും വളരെ കൂടുതലാണ്. ഇതിനു മാറ്റം വരണം". കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയറക്ടര്‍ ഫാദര്‍ മാത്യൂ എബ്രാഹാം പറഞ്ഞു.
അമ്മയില്‍ നിന്നും കുഞ്ഞിലേക്കു പകരുന്ന എയ്ഡ്‌സ് രോഗത്തിനും ലൈംഗീക തൊഴിലാളികളില്‍ നിന്നും പകരുന്ന എയ്ഡ്‌സ് രോഗത്തിനും വലിയ രീതിയിലുള്ള കുറവ് ഉണ്ടായിട്ടുണ്ട്. എയ്ഡ്‌സ് രോഗികളുടെ ഇടയില്‍ ആവശ്യമായ പരിചരണവും സഹായങ്ങളും നല്‍കുകയെന്നത് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്റെ മുഖ്യചുമതലകളില്‍ ഒന്നാണ്. എയ്ഡ്‌സ് ബാധിച്ച മുതിര്‍ന്നവര്‍ക്കു തൊഴില്‍ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന അസോസിയേഷന്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിലും പ്രത്യേകം ശ്രദ്ധ നല്കുന്നുണ്ട്.