Youth Zone - 2024
വിദ്യാര്‍ത്ഥികളെ തങ്ങളുടെ വലയിലാക്കുവാന്‍ കെണിയുമായി സാത്താന്‍ സംഘടന
പ്രവാചക ശബ്ദം 28-07-2020 - Tuesday
മസാച്ചുസെറ്റ്സ്: ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ വലയിലാക്കുവാന്‍ സാമ്പത്തിക സഹായമെന്ന പേരില്‍ കെണിയുമായി സാത്താന്‍ ആരാധക സംഘടനയായ സാത്താനിക് ടെംപിള്‍. മസാച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് “ദി ഡെവിള്‍സ് അഡ്വൊക്കേറ്റ് സ്കോളര്‍ഷിപ്പ്” എന്ന്‍ പേരിട്ടിരിക്കുന്ന ഗ്രാന്റ് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിത്വം, നിരീശ്വരചിന്ത, നല്ല സമൂഹത്തിന് വേണ്ടിയുള്ള സാത്താനിക ദൗത്യത്തിന്റെ മറ്റ് ഘടകങ്ങള്‍ എന്നീ ഗുണങ്ങളുള്ള ഹൈസ്കൂള്‍ ബിരുദധാരികളേയാണ് ഈ സ്കോളര്‍ഷിപ്പുകൊണ്ട് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. സാത്താന്‍ സേവ സംഘത്തിലേക്കു കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള തന്ത്രമായാണ് സ്കോളര്‍ഷിപ്പിനെ പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്.
ഇത് സാധൂകരിക്കുന്ന നിര്‍ദേശങ്ങളാണ് സംഘം പുറപ്പെടുവിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. "സാത്താനിക സംഘടനയുടെ തത്വങ്ങള്‍ക്കും ദൗത്യത്തിനും അനുസൃതമായ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്?, നിങ്ങളുടെ ആത്മാവിനെ തകര്‍ക്കുകയും, ആത്മവിശ്വാസത്തിന് തുരങ്കം വെക്കുകയും, നിങ്ങള്‍ വെറുക്കുകയും ചെയ്യുന്ന അധ്യാപകരില്‍ ആരെങ്കിലെക്കുറിച്ചും വിവരിക്കുക" എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നവര്‍ക്കു മാത്രമേ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുവാന്‍ കഴിയുകയുള്ളു എന്നാണ് സംഘടന പറയുന്നത്. അഞ്ഞൂറു ഡോളറിന്റെ രണ്ട് സ്കോളര്‍ഷിപ്പുകള്‍ക്ക് വേണ്ടി ഇതിനോടകം അന്‍പതോളം അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞതായി സംഘടനയുടെ സഹസ്ഥാപകനായ മാല്‍ക്കം ജാറി വെളിപ്പെടുത്തി.
2013-ല്‍ സ്ഥാപിതമായ സാത്താനിക് ടെംപിളിന് അമേരിക്കയില്‍ 15 ചാപ്റ്ററുകളും കാനഡയില്‍ ഒരു ചാപ്റ്ററുമുണ്ട്. ആടിന്റെ തലയോട് കൂടിയ സാത്താനിക പ്രതീകത്തെ ആരാധിക്കുന്ന ഇവര്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍ പ്രതീകങ്ങള്‍ക്കെതിരെ രോഷാകുലരാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ക്രൈസ്തവ സഭകള്‍ക്ക് സമാനമായി നികുതിവിമുക്ത പദവിക്ക് വേണ്ടിയുള്ള ഇവരുടെ അപേക്ഷ ആഭ്യന്തര റെവന്യൂ സര്‍വീസ് അംഗീകരിച്ചതായി സംഘടന അവകാശപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളെ സാത്താന്‍ ആരാധനയിലേക്ക് ആകര്‍ഷിക്കുകയാണ് ഈ സ്കോളര്‍ഷിപ്പിലൂടെ സംഘടന ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു നിരീക്ഷകര്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക