Arts
ലിമായിലെ വിശുദ്ധ റോസിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ചലച്ചിത്രം ആഗസ്റ്റ് 23ന് റിലീസ് ചെയ്യും
പ്രവാചക ശബ്ദം 11-08-2020 - Tuesday
ലിമാ: അമേരിക്കയിലെ ആദ്യത്തെ വിശുദ്ധയായ ലിമായിലെ വിശുദ്ധ റോസിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന 'സാന്താ റോസ ഡി ലിമ' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വിശുദ്ധയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 23നു ഓൺലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. പെറു ആസ്ഥാനമായുള്ള അസുൽ കോർപറേഷനും, കത്തോലിക്ക മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വര്‍ക്കും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധ റോസ് പാവപ്പെട്ടവരുടെ ഇടയിൽ നടത്തിയ ശുശ്രൂഷകളും, അനീതിക്കെതിരെ നടത്തിയ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
1586ൽ തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിലാണ് റോസ് ജനിക്കുന്നത്. വിശുദ്ധയുടെ ചെറുപ്പത്തിലെ പേര് ഇസബെൽ ഫ്ലോറസ് ഡി ഒലീവിയ എന്നായിരുന്നു. സൗന്ദര്യവതിയായിരുന്ന ഇസബെല്ലിന് റോസ് എന്ന പേര് നിർദ്ദേശിച്ചത് വീട്ടുജോലിക്കാരിയാണ്. 1597ൽ ലിമയിലെ ആർച്ച് ബിഷപ്പാണ് അവൾക്ക് സ്ഥൈര്യലേപനം നൽകിയത്. ക്രിസ്തുവിനോടുള്ള അഗാധ സ്നേഹം മൂലം ചെറിയ പ്രായത്തിൽ തന്നെ റോസ് ബ്രഹ്മചര്യവ്രതമെടുത്തു. സൗന്ദര്യം ഒരു ഭീഷണിയാണെന്ന് മനസ്സിലാക്കിയ റോസ് അത് മറയ്ക്കാനായി ത്വക്കിൽ മുളക് തേക്കുമായിരുന്നു.
കര്‍ത്താവിന്റെ മുള്‍ക്കിരീടത്തിനോട് സമാനതയുള്ള ഒരു മുൾക്കിരീടവും വിശുദ്ധ റോസ് അണിഞ്ഞിരുന്നു. വിവാഹം ചെയ്യണമെന്ന വീട്ടുകാരുടെ നിർബന്ധത്തെ അതിജീവിച്ച് 1606ൽ റോസ് ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു. ഒരു വൈദികന്റെ നിർദ്ദേശപ്രകാരം അവൾ റോസ ഡി സാന്താ മരിയ എന്ന ഔദ്യോഗിക പേര് സ്വീകരിച്ചു. സ്വർഗീയ അനുഭവങ്ങൾ നിരന്തരമായി വിശുദ്ധയുടെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നു. സമയത്തിന്റെ വലിയൊരു പങ്ക് അടിമകളെയും, രോഗികളെയും ശുശ്രൂഷിക്കാൻ വേണ്ടിയാണ് വിശുദ്ധ റോസ് ചെലവഴിച്ചത്.
ഇതിനായി വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ സഹായവും വിശുദ്ധയ്ക്കു ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ, നിന്നും സുഹൃത്തുക്കളിൽ നിന്നും കുറ്റപ്പെടുത്തലുകളും, സഹനങ്ങളും റോസ് നേരിടേണ്ടിവന്നു. 1617ൽ മുപ്പത്തിയൊന്നാമത്തെ വയസ്സിൽ വിശുദ്ധ റോസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1671ൽ ക്ലെമന്റ് മാർപാപ്പയാണ് റോസിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. റോസിനെ അമേരിക്കയുടേയും, ഫിലിപ്പീൻസിന്റെയും, വെസ്റ്റ് ഇൻഡീസിന്റെയും മാധ്യസ്ഥയായി പ്രഖ്യാപിച്ചതും ക്ലെമന്റ് പാപ്പ തന്നെയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക