Faith And Reason - 2024

മഹാമാരിയുടെ കാലയളവ് ക്രൈസ്തവ വിശ്വാസം നവീകരിക്കുവാനുള്ള അവസരമെന്ന് ദക്ഷിണ സുഡാന്‍ ബിഷപ്പ്

പ്രവാചക ശബ്ദം 07-09-2020 - Monday

ജുബ: കൊറോണ മഹാമാരി ക്രിസ്തീയ വിശ്വാസം നവീകരിക്കുവാനുള്ള അവസരമാണെന്ന് ദക്ഷിണ സുഡാനിലെ ടോംബുറ-യാംബിയോ രൂപതയുടെ ബിഷപ്പ് ബരാനി എഡ്വേർഡോ ഹിബോറോ കുസ്സാല. രൂപതയ്ക്കു കീഴിലുള്ള വിശ്വാസികള്‍ക്ക് അയച്ച സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ദൈവം തന്നെയായ ദൈവപുത്രന്‍ വന്നത് ജീവൻ അതിന്റെ സമൃദ്ധിയിൽ നൽകുവാനാണ്‌ . ഈ ഉറപ്പു നമുക്കുള്ളതിനാൽ മഹാമാരിയുടെ പേരിൽ ക്രൈസ്തവര്‍ പ്രത്യാശയും വിശ്വാസവും കൈവെടിയരുത്. പകരം നമ്മുടെ രക്ഷകൻ നമുക്ക് രക്ഷ നൽകിയിരിക്കുന്നു എന്ന സത്യത്തില്‍ ശക്തരായി ഉറച്ചുനിൽക്കണമെന്നും ബിഷപ്പ് പറഞ്ഞു.

ആദ്യമായി നമുക്ക് നമ്മിൽ തന്നെ ഈ വിശ്വാസം നവീകരിക്കണം. അതുകൊണ്ടാണ് നമ്മോടു തന്നെയും നമ്മുടെ സൃഷ്ടാവിനോടുമുള്ള സംസർഗത്തിനുള്ള അവസരമായി കോവിഡ് കാലയളവിനെ കാണുന്നത്. ഈ ബോധ്യം തന്നെ നമ്മുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുവാൻ പര്യാപ്തമാണ്. ജീവൻ സമൃദ്ധമായി തന്ന ദൈവത്തിലുള്ള വിശ്വാസം നൽകുന്ന ബലത്തോടെയാവണം മറ്റുള്ളവരോടുള്ള നമ്മുടെ സംസാരവും ഇടപെടലുകളും. ക്രിസ്തു നൽകിയ രക്ഷയുടെ അവബോധത്തോടെ എല്ലാവരും തങ്ങളുടെ കടമകൾ നിർവഹിക്കണം. നമ്മുടെ ജോലി സ്ഥലങ്ങളിൽ സത്യസന്ധതയും ആധികാരികതയും പുലർത്തുന്നതിലൂടെ ദൈവം ഉറപ്പു നൽകിയ ജീവന്റെ സമൃദ്ധി മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാൻ നമുക്ക് സാധിക്കും.

ഗുരുതരമായ പ്രതിസന്ധികളുടെ സമയത്തു - ഉദാഹരണത്തിന്, മഹാമാരി നമ്മെയോ കുടുംബാംഗങ്ങളെയോ ബിസിനസിനെയോ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ നമുക്ക് ദൈവ വിശ്വാസത്തിൽ ഉറച്ചു നില്‍ക്കാൻ കഴിയണം. ജീവിതത്തിലെ ഈ കൊടുങ്കാറ്റിലും ദൈവം നമ്മെ കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവിടുന്നിലുള്ള പ്രത്യാശ നമുക്ക് നഷ്ടമാകാതിരിക്കട്ടെ. അവിശ്വാസികൾ ചെയ്യുന്നതുപോലെ നിരാശയിലും ആത്മനിന്ദയിലും നാം ജീവിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബിഷപ്പ് ബരാനി എഡ്വേർഡോ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »