News - 2025
ദയാവധം അനുവദിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം; എതിര്‍പ്പ് ശക്തമാക്കുമെന്നു കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 18-05-2016 - Wednesday
ന്യൂഡല്‍ഹി: ദയാവധം അനുവദിക്കുവാനുള്ള ഭാരത സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നു ഭാരത കത്തോലിക്ക സഭ. ഇന്ത്യന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ആരോഗ്യ വിഭാഗം സെക്രട്ടറിയായ ഫാദര്‍ മാത്യൂ പെരുമ്പില്‍ വിഷയത്തില്‍ സഭയ്ക്കുള്ള ശക്തമായ എതിര്‍പ്പ് വീണ്ടും പ്രകടിപ്പിച്ചു. രക്ഷപെടുവാന്‍ സാധ്യതയില്ലെന്നു ഡോക്ടറുമാര്‍ വിധിച്ചാല്‍ രോഗിയെ ദയാവധത്തിനു വിധേയമാക്കാമെന്ന തീരുമാനം നിയമം മൂലം ഉറപ്പിക്കുവാനാണു ഭാരത സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്.
'പാസീവ് യുത്തനേസിയ' എന്നാണു ഇത്തരത്തില്‍ രോഗികളെ വധിക്കുന്നതിനു പറയുന്നത്. ബന്ധുക്കളുടെ സമ്മതത്തോടെ രോഗിയെ ദയാവധം ചെയ്യുന്നതാണിത്. ക്രൈസ്തവ വിശ്വാസത്തിനു നിരക്കാത്തതാണെന്ന വാദം മാത്രമല്ല ഇതിനെ എതിര്‍ക്കുവാന്‍ സഭ നിരത്തുന്ന കാരണങ്ങള്‍. ഇത്തരം നടപടികള്‍ പലരുടെയും കൊലപാതകങ്ങള്‍ക്കുള്ള വഴികൂടിയാണു തെളിയിക്കുന്നതെന്നും സഭ പറയുന്നു. ഭാരത സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ ദയാവധം നിയമമാക്കണോ എന്ന കാര്യത്തില്‍ പൊതുജന അഭിപ്രായം ചോദിക്കുന്ന ലിങ്കും ഇതിനോടകം തന്നെ നല്‍കിയിട്ടുമുണ്ട്.
ജീവന്റെ സംരക്ഷണത്തിനായിട്ടാണു സഭ നിലനില്‍ക്കുന്നത്. ഇതിനാലാണ് പുതിയ നിയമത്തെ ശക്തമായി എതിര്‍ക്കുന്നതെന്നും ഫാദര്‍ മാത്യൂ പെരുമ്പില്‍ പറയുന്നു. "രോഗികളായവര്‍ക്കു ജീവിതത്തിലേക്കു മടങ്ങിവരുന്നതിനുള്ള സഹായവും കരുതലുമാണു മറ്റുള്ളവര്‍ നല്‍കേണ്ടത്. അല്ലാതെ ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളും അവര്‍ക്കു നല്‍കാതെ അവരില്‍ നിന്നും കരുണ പിന്‍വലിക്കുകയല്ല ചെയ്യേണ്ടത്". ഫാദര്‍ പെരുമ്പള്ളി കൂട്ടിച്ചേര്‍ത്തു.