News
കുഴിബോംബുകള്‍ ഒളിഞ്ഞു കിടക്കുന്ന പ്രദേശത്തെ ദേവാലയങ്ങള്‍ തുറക്കുവാന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും
സ്വന്തം ലേഖകന്‍ 17-05-2016 - Tuesday
വെസ്റ്റ് ബാങ്ക്: ഇസ്രായേലിലെ വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കത്തോലിക്ക ദേവാലയം 'ഫ്രാന്‍സിസ്കന്‍ ചാപ്പല്‍' തുറക്കുവാന്‍ പുതിയ വഴികള്‍ തെളിയുന്നു. സ്‌നാപക യോഹന്നാനില്‍ നിന്നും യേശു ക്രിസ്തു മാമോദീസ സ്വീകരിച്ച സ്ഥലത്താണു ഫ്രാന്‍സിസ്കന്‍ ചാപ്പല്‍ പണിതിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷത്തോളമായി ഇവിടേക്കു വിശ്വാസികള്‍ക്കു പ്രവേശനമില്ല. ജോര്‍ദാന്‍ നദിയുടെ തീരത്തായി പണിതിരിക്കുന്ന ഈ ദേവാലയത്തിനു ചുറ്റും ഇസ്രായേല്‍ സൈന്യം ബോംബുകള്‍ കുഴിച്ചിട്ടിരിക്കുകയാണ്.
1967-ല്‍ ജോര്‍ദാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടുന്നതിനായിട്ടാണ് ഇസ്രായേല്‍ സൈന്യം മേഖലയില്‍ ബോംബുകള്‍ കുഴിച്ചിട്ടത്. പാലസ്തീന്‍ തീവ്രവാദികള്‍ വെസ്റ്റ് ബാങ്കിലൂടെ തങ്ങളുടെ രാജ്യത്തേക്കു നുഴഞ്ഞുകയറാതിരിക്കുവാനും ബോംബുകള്‍ ഗുണം ചെയ്യുമെന്നു സൈന്യം കരുതി. ഇതാണു വിശ്വാസികള്‍ക്കു പിന്നീട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഈ മേഖലയില്‍ പല സഭകളുടേയും ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്കൊന്നും നിലവില്‍ യാത്ര ചെയ്യുവാന്‍ കഴിയുകയില്ല. ഭൂമിക്കടിയില്‍ കിടക്കുന്ന ബോംബുകള്‍ മനുഷ്യന്റെ പാദസ്പര്‍ശമേല്‍ക്കുമ്പോള്‍ പൊട്ടിച്ചിതറുമെന്നതിനാലാണിത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശത്തെത്തിയ ഡയാനാ രാജകുമാരി ഇവിടം സന്ദര്‍ശിച്ചിരുന്നു. ബോംബുകള്‍ നിര്‍വീര്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്നുമുതലാണ് ആഗോള പ്രശസ്തി കൈവന്നത്. ഭൂമികുഴിച്ച് ബോംബുകള്‍ നിര്‍വീര്യമാക്കുവാന്‍ 'ദ ഹാളോ ട്രസ്റ്റ്' എന്ന സംഘടനയാണു മുന്‍കൈ എടുക്കുന്നത്. ഒരു ബ്രിട്ടീഷ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപിക്കുവാന്‍ ഒരുങ്ങുകയാണിവര്‍.
കോക്പിറ്റ്, ഈജിപ്ഷന്‍, എത്യോപ്യന്‍ റോമാനിയന്‍ തുടങ്ങിയ നിരവധി സഭകളുടെ സാനിധ്യമുള്ള സ്ഥലമാണിത്. സഭകളുടെ യോജിപ്പിലൂടെ മാത്രമേ ഇവിടെ ബോംബുകള്‍ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തുകയുള്ളു. ഇതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. 2017-ല്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുമെന്നും സംഘടന കരുതുന്നു.