Faith And Reason - 2024
റഷ്യയിലെ ആദ്യത്തെ തദ്ദേശീയ കത്തോലിക്ക മെത്രാൻ അഭിഷിക്തനായി
പ്രവാചക ശബ്ദം 08-10-2020 - Thursday
മോസ്കോ: കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്കുശേഷം റഷ്യയില്‍ ആദ്യമായി നിയമിതനായ തദ്ദേശീയ കത്തോലിക്ക മെത്രാന്റെ അഭിഷേകം നടന്നു. മോസ്കോ അതിരൂപതാ സഹായമെത്രാനായി നിയമിതനായ നിക്കോളെയി ഡുബിനിന്റെ സ്ഥാനാരോഹണമാണ് ഒക്ടോബര്‍ നാല് ഞായറാഴ്ച നടന്നത്. അമലോത്ഭവ മാതാവിൻറെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ നടന്നത്. അതിരൂപതയുടെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് പൗലോ പെസി മുഖ്യകാർമ്മികനായിരുന്നു. മോൺസിഞ്ഞോർ ജോസഫ് വിർത്ത്, മോൺസിഞ്ഞോർ സിറിൽ ക്ലീമോവിക്സ് എന്നിവർ സഹകാർമികരായി.
ആര്‍ച്ച് ബിഷപ്പ് പെസി ഇറ്റാലിയൻ വംശജനാണ്. നാല് റഷ്യൻ രൂപതകളിൽ നിന്നുള്ള അമ്പതോളം വൈദികരും, സന്യസ്തരും സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ചു. സെന്റ് പീറ്റേഴ്സ്ബർഗ് കേന്ദ്രമാക്കിയായിരിക്കും പുതിയ മെത്രാൻ ശുശ്രൂഷ ചെയ്യുക. സ്ഥാനാരോഹണ ചടങ്ങുകൾക്ക് ശേഷം റഷ്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അംഗങ്ങൾ പരസ്പരം കൂടിക്കാഴ്ച നടത്തി. ആർച്ച് ബിഷപ്പ് പെസി, ഡുബിനിനെ മെത്രാൻസമിതിയിലേക്ക് സ്വാഗതം ചെയ്തു. സുവിശേഷ പ്രഘോഷണം, അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ, ക്രിസ്തുവിന് സാക്ഷ്യം നൽകുക തുടങ്ങിയവയായിരിക്കും പുതിയ മെത്രാന്റെ ദൗത്യങ്ങളെന്ന് പെസി പറഞ്ഞു.
മാധ്യമ ശ്രദ്ധ ലഭിച്ച നിയമനമാണ് ബിഷപ്പ് ഡുബിനിന്റെത്. ചടങ്ങുകൾ നടക്കാൻ പോകുന്നതിനു മുമ്പ് നിരവധി അഭിമുഖങ്ങൾ അദ്ദേഹം റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയിരുന്നു.റഷ്യയിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം ചെറുതാണെങ്കിലും സമൂഹത്തിന് നിരവധി സേവനങ്ങൾ സഭയ്ക്ക് നൽകാൻ സാധിച്ചുവെന്നും സുവിശേഷത്തിന്റെ ആനന്ദം ജനങ്ങളിൽ എത്തിക്കുക എന്ന ദൗത്യമാണ് സഭയ്ക്ക് റഷ്യയിൽ ഉള്ളതെന്നും ബിഷപ്പ് ഡുബിനിൻ പറഞ്ഞു. "നന്മ ചെയ്യുന്നതിൽ മടുപ്പ് തോന്നരുത്" എന്ന ബൈബിൾ വചനമാണ് അദ്ദേഹം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക