Faith And Reason

"താന്‍ വലിയ ദൈവ വിശ്വാസിയായിരുന്നില്ല, ആഴപ്പെടുത്തിയത് കാര്‍ളോ": മകന്റെ വാഴ്ത്തപ്പെട്ട പദവിയ്ക്കായി പ്രാര്‍ത്ഥനയോടെ അമ്മ

പ്രവാചക ശബ്ദം 25-09-2020 - Friday

ആധുനികമായ ജീവിതമാണ് നയിച്ചിരുന്നതെങ്കിലും കുരിശുമരണം വരിച്ച് ഉത്ഥിതനായ യേശു ക്രിസ്തുവിലുള്ള വിശ്വാസം മകനെ സംബന്ധിച്ചിടത്തോളം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന വിശ്വാസത്തിനു സമമായിരുന്നുവെന്നു ഒക്ടോബര്‍ പത്തിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന സൈബര്‍ അപ്പസ്തോലന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കാർളോ അക്യുറ്റിസിന്റെ അമ്മ അന്റോണിയോ സൽസാനോ. ഇ.ഡബ്യു.ടി.എന്നിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. താന്‍ വലിയ ദൈവ വിശ്വാസിയായിരുന്നില്ലായെന്നും വിശ്വാസത്തില്‍ ആഴപ്പെടുത്തിയത് കാര്‍ളോയുടെ സ്വാധീനമായിരിന്നുവെന്നും ഇന്റര്‍നെറ്റിന്റേയും, സോഷ്യല്‍ മീഡിയയുടേയും ചതിക്കുഴികളില്‍ വീഴാതെ ശരിയായവിധം സാങ്കേതികവിദ്യകളെ കാര്‍ളോ ആസ്വദിച്ചിരുന്നുവെന്നും അന്റോണിയോ പറഞ്ഞു.

മിലാനില്‍ ജനിച്ചു വളര്‍ന്ന കാര്‍ളോക്ക് പരിശുദ്ധ ദിവ്യകാരുണ്യത്തോട് ഒരു പ്രത്യേക ഭക്തി തന്നെയുണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ഒരുദിവസം പോലും ഒഴിവാക്കാത്ത അവന്‍ നിരന്തരം ജപമാല ചൊല്ലുകയും, ആഴ്ചതോറും കുമ്പസാരിക്കുകയും ചെയ്തിരുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സ് മുതലാണ് കാര്‍ളോ തന്റെ ഇടവകയിലെ കുട്ടികളെ വേദപാഠം പഠിപ്പിക്കുവാന്‍ തുടങ്ങിയത്. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു.

പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടി. ചെറിയ പ്രായത്തിൽ തന്നെ കാർളോ ലുക്കീമിയ ബാധിതനായി. തന്റെ വേദനകൾ അവൻ മാർപാപ്പയ്ക്കും, സഭയ്ക്കുമായാണ് സമർപ്പിച്ചിരുന്നത്. അയല്‍വക്കത്തുള്ള പാവങ്ങളേയും ഭവനരഹിതരേയും സഹായിക്കുന്നതിലും അവന്‍ ആനന്ദം കണ്ടെത്തിയിരുന്നു. തനിക്ക് വേണ്ടി ഗെയിമുകള്‍ വാങ്ങിക്കുന്നതിന് പകരം ലഭിച്ചിരുന്ന ചെറിയ സമ്പാദ്യം കൂട്ടിച്ചേര്‍ത്ത് ഭവനരഹിതര്‍ക്ക് വേണ്ടി സ്ലീപ്പിംഗ് ബാഗുകള്‍ വാങ്ങിക്കുകയായിരുന്നു കാര്‍ളോ ചെയ്തിരുന്നതെന്ന് അമ്മ സല്‍സാനോ പറയുന്നു.

ഇന്ന്‍ ജനങ്ങള്‍ക്ക് ആനന്ദം കണ്ടെത്തുന്നതിനുള്ള ഒരളവുകോല്‍ മാത്രമാണ് സാമൂഹ്യ മാധ്യമങ്ങള്‍. എന്നാല്‍ ജീവിതത്തില്‍ ദൈവമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നു കാര്‍ളോ പഠിപ്പിച്ചു. സ്വന്തം അയല്‍വക്കത്ത് തന്നെ നന്മ എങ്ങനെ ചെയ്യാമെന്നും കാര്‍ലോ കാണിച്ചുതന്നിരിന്നുവെന്നും പുതിയൊരു ജോടി ഷൂസ് വാങ്ങിക്കുവാന്‍ പറഞ്ഞപ്പോഴൊക്കെ, ആ പണം പാവങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നാണ് മകന്‍ പറഞ്ഞതെന്നും സല്‍സാനോ സ്മരിച്ചു. കാര്‍ളോ ജനിച്ച സമയത്ത് താന്‍ അത്ര വലിയ ദൈവ വിശ്വാസിയായിരുന്നില്ലെങ്കിലും മകന്റെ സ്വാധീനം തന്നെ ദൈവത്തോടു അടുപ്പിച്ചുവെന്ന്‍ പറഞ്ഞുകൊണ്ടാണ് സാല്‍സാനോ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിശ്വാസത്തിന് സാക്ഷ്യം നല്‍കി ജീവിച്ച് മരിച്ച ഈ കൗമാരക്കാരന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഒക്ടോബര്‍ പത്തിന് അസീസിയിൽവെച്ചാകും നടത്തപ്പെടുക. കഴിഞ്ഞ വർഷം കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 42