Faith And Reason - 2024

വിശ്വാസികളുടെ എണ്ണത്തില്‍ പത്തു മടങ്ങ് വര്‍ദ്ധനവ്: പുതിയ സെമിനാരി തുറന്ന് അമേരിക്കന്‍ രൂപത

പ്രവാചക ശബ്ദം 18-09-2020 - Friday

നോര്‍ത്ത് കരോളിന: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കത്തോലിക്ക സമൂഹത്തിന്റെ സേവനത്തിനായി കൂടുതല്‍ വൈദികരെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ സംസ്ഥാനമായ നോര്‍ത്ത് കരോളിനയിലെ ചാര്‍ലോട്ടെ രൂപത പുതിയ സെമിനാരി തുറന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ചാര്‍ലോട്ടെ രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ ജൂഗിസാണ് മൗണ്ട് ഹോള്ളിയില്‍ പോപ്ലാര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട 86 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച സെന്റ്‌ ജോസഫ് കോളേജ് സെമിനാരിയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്. ഇതോടെ 2018ല്‍ തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ടം ഔദ്യോഗികമായി പൂര്‍ത്തിയായി. സെമിനാരിയുടെ നിര്‍മ്മാണത്തിന് ചിലവായ രണ്ടു കോടിയില്‍ ഒന്നര കോടി ഡോളര്‍ സംഭാവനയായി ലഭിച്ചതാണ്.

ചാര്‍ലോട്ടെ രൂപതയിലെ കത്തോലിക്കരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് സെമിനാരി പണിയുവാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് നാല് ലക്ഷത്തോളം കത്തോലിക്കരാണ് ഇപ്പോള്‍ രൂപതയിലുള്ളത്. 1972ല്‍ രൂപത രൂപീകരിച്ചപ്പോള്‍ ഉണ്ടായതിന്റെ പത്തു മടങ്ങ് വര്‍ദ്ധനവാണിത്. സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഈ വര്‍ദ്ധനവ് പ്രകടമാണ്. 2016-ല്‍ സെന്റ്‌ ആന്‍സ് കത്തോലിക്കാ ദേവാലയത്തില്‍ സെമിനാരി ആരംഭിക്കുന്ന സമയത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ മൂന്നു മടങ്ങ് കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോഴുള്ളത്. ചാര്‍ലോട്ടെ രൂപതയുടെ ചരിത്രത്തിലെ പ്രധാന നാഴികകല്ലെന്നാണ് സെന്റ്‌ ജോസഫ് സെമിനാരിയെ ബിഷപ്പ് ജുഗിസ് വിശേഷിപ്പിച്ചത്.

ഉദ്ഘാടനത്തിന് ശേഷം സെമിനാരി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് തിരുക്കുടുംബത്തിന്റെ സ്നേഹത്തെക്കുറിച്ച് പറയുന്ന സാല്‍വെ പാറ്റര്‍ എന്ന ലാറ്റിന്‍ സ്തുതിഗീതം ആലപിച്ചു. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന മനോഹര നിര്‍മ്മിതി പടിഞ്ഞാറന്‍ കരോളിനയിലെ കത്തോലിക്ക തലമുറകള്‍ക്ക് സുവിശേഷം പകരുവാനുള്ള തങ്ങളുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നു സെന്റ്‌ ജോസഫ് സെമിനാരിയുടെ റെക്ടര്‍ ഫാ. മാത്യു കോത്ത് പറഞ്ഞു. ഗോത്തിക്ക് ശില്‍പ്പചാരുതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സെമിനാരിയില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുവാനുള്ള സൗകര്യമുണ്ട്. കോണ്‍ഫറന്‍സ് റൂം, ഊട്ടുപുര, അടുക്കള, ക്ലാസ് മുറികള്‍, ഭരണനിര്‍വഹണ കാര്യാലയം, അതിഥി മുറികള്‍, താല്‍ക്കാലിക ചാപ്പല്‍, പ്രാര്‍ത്ഥനാ ഹാള്‍ എന്നിവയും സെമിനാരിയുടെ ഭാഗമായുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 42