Faith And Reason - 2024

വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല, ഉപവാസം: ലോകത്തിനായി അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരത്തിന് ആരംഭം

പ്രവാചക ശബ്ദം 13-10-2020 - Tuesday

ഹേണ്‍ഡോണ്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ പ്രാര്‍ത്ഥനയിലൂടേയും ഉപവാസത്തിലൂടേയും ഒന്നിപ്പിക്കുന്ന ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ഉപവാസ പ്രാര്‍ത്ഥനാവാരം (ഇന്റര്‍നാഷ്ണല്‍ വീക്ക് ഓഫ് പ്രെയര്‍ ആന്‍ഡ്‌ ഫാസ്റ്റിംഗ്- ഐ.ഡബ്ല്യു.പി.എഫ്) ആരംഭിച്ചു. ഇന്നലെ ഒക്ടോബര്‍ 12ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥനാവാരം ഒക്ടോബര്‍ 20നാണ് അവസാനിക്കുക. 9 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസവാരത്തിന്റെ ഓരോ ദിവസവും വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും ജപമാലയും വചനപ്രഘോഷണങ്ങളും വിര്‍ച്വലായി ക്രമീകരിച്ചിട്ടുണ്ട്. മരിയന്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, ലീജിയണ്‍ മേരി, പ്രീസ്റ്റ്സ് ഫോര്‍ ലൈഫ് എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ഉപവാസ പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുന്നത്.

വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, ജപമാല, ഉപവാസം എന്നീ ആത്മീയ ആയുധങ്ങള്‍ കൊണ്ട് മാത്രമേ ലോകവും സഭയും ഇന്ന്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളുവെന്നും, ഈ ആത്മീയ ആയുധങ്ങള്‍ തിന്മയെ നശിപ്പിക്കുവാന്‍ കെല്‍പ്പുള്ളതാണെന്ന് കര്‍ത്താവും ദൈവമാതാവും വിശുദ്ധരും പറഞ്ഞിട്ടുണ്ടെന്നും ഐ.ഡബ്ല്യു.പി.എഫ് സംഘാടകര്‍ പറഞ്ഞു. അമേരിക്കയുടേയും ലോകത്തിന്റേയും മാനസാന്തരത്തിനായി ഒന്‍പതു ദിവസവും പ്രാര്‍ത്ഥനാപൂര്‍വ്വം എന്തെങ്കിലും ത്യജിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു. സാംസ്കാരിക അധഃപതനത്തിനെതിരേയും, മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും ഐ.ഡബ്ല്യു.പി.എഫ് ആഹ്വാനം നല്‍കി.

അമേരിക്കയിലെ ടെക്സാസ് ടൈലര്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ജോസഫ് സ്റ്റിക്ക്ലാന്‍ഡ്, ലിറ്റിൽ വർക്കേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസിനി സഭയിലെ അംഗമായ സിസ്റ്റര്‍ ഡയ്ഡ്രി ബർണി, ഫാ. ഫ്രാങ്ക് പാവോണെ, ഫാ. ഡൊണാള്‍ഡ് കാല്ലോവേ, ഫാ. റോബര്‍ട്ട് ആള്‍ട്ടിയര്‍, കടുത്ത കത്തോലിക്ക വിശ്വാസിയുമായ മെക്സിക്കന്‍ അഭിനേതാവും നിര്‍മ്മാതാവും മോഡലുമായ എഡുറാഡോ വേരാസ്റ്റെഗുയി, ഡീക്കന്‍ ഹാരോള്‍ഡ്‌ ബുര്‍ക്കെ-സിവേഴ്സ്, ജെസ്സെ റൊമേരോ, പാട്രീഷ്യ സാന്‍ഡോവല്‍, ഡോ. സെഗുണ്ടാ അക്കൊസ്റ്റാ, ജോവാന്‍, ഡേവ് മാരോണി തുടങ്ങിയവരാണ് ഇക്കൊല്ലത്തെ ഉപവാസ പ്രാര്‍ത്ഥനാവാരത്തിന്റെ മുഖ്യ പ്രഭാഷകര്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 43