Faith And Reason - 2024

മൂന്നാഴ്ചയ്ക്കിടെ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ കബറിടത്തിലെത്തിയത് 41,000 സന്ദര്‍ശകര്‍

പ്രവാചക ശബ്ദം 21-10-2020 - Wednesday

അസീസ്സി: പതിനഞ്ചാം വയസ്സില്‍ അന്തരിച്ച ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ 19 ദിവസത്തിനിടെ കാര്‍ളോയുടെ ശവകുടീരം സന്ദര്‍ശിച്ചത് 41,000-ത്തിലധികം ആളുകള്‍. ഇറ്റലിയിലെ അസീസ്സി രൂപതയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിനും 19നും ഇടയില്‍ കൊറോണ പകര്‍ച്ചവ്യാധിയെപ്പോലും വകക്കാതെ ദിനംപ്രതി ശരാശരി 2,170 പേര്‍ വീതം അസീസ്സി സെന്റ്‌ മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനില്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഭൗതീകശരീര ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന കബറിടം കാണുവാന്‍ എത്തിയെന്നാണ് രൂപതയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാര്‍ളോയുടെ ഭൗതീകശരീരം സന്ദര്‍ശകര്‍ക്ക് കാണുന്നതിനായി സുതാര്യമായ ചില്ലോടുകൂടിയ മാര്‍ബിള്‍ പെട്ടകത്തിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ കാർളോയുടെ ഏതാനും ശരീരഭാഗങ്ങൾ അഴുകിയിട്ടില്ലെന്നും എന്നാൽ ശരീരം പൂർണമായും അഴുകാത്ത നിലയിലാണെന്ന് പറയാൻ സാധിക്കില്ലെന്നും രൂപത വ്യക്തമാക്കിയിരിന്നു. ഇനിയുള്ള ദിവസങ്ങളില്‍ കാര്‍ളോയുടെ ഭൗതീകശരീരം സന്ദര്‍ശകര്‍ക്ക് കാണുവാന്‍ കഴിയില്ലെങ്കിലും കല്ലറക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമാണ് കാര്‍ളോ അക്യൂട്ടിസ്. ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »