Faith And Reason - 2024

ഗ്വാഡലൂപ്പ ചിത്രം നമ്മെ ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 14-12-2020 - Monday

വത്തിക്കാന്‍ സിറ്റി: ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ ദൈവീക ദാനങ്ങളുടേയും, സമൃദ്ധിയുടേയും, അനുഗ്രഹങ്ങളുടേയും പ്രതിഫലനം നമുക്ക് കാണുവാന്‍ കഴിയുമെന്നും ഈ മൂന്ന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും പരിശുദ്ധ കന്യകാമാതാവ് നമ്മെ പഠിപ്പിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ 12 ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിനിടയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

രക്ഷകനായ ദൈവത്തിന്‍റെ പ്രഘോഷണത്തിലൂടെ മറിയം സുവിശേഷത്തിന്‍റെ അധ്യാപികയായി മാറി. ദൈവത്തിന്‍റെ കരുണ പ്രകീര്‍ത്തിക്കുകയെന്നത് ദൈവം പൂര്‍വ്വപിതാക്കള്‍ക്കു നല്കിയ വാഗ്ദാനവും ഇന്നും നമുക്കു നല്കുന്ന ക്ഷണവുമാണ്. മറിയം നമ്മെ പഠിപ്പിക്കുന്നത് പ്രത്യാശയുടെയും സമര്‍പ്പണത്തിന്‍റെയും ജീവിതത്തില്‍ പ്രഭാഷണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും പ്രസക്തിയില്ലെന്നാണ്. മറിയത്തിന്‍റെ മാതൃക വളരെ ലളിതമാണ്. മറിയം ദൈവികവഴികളില്‍ ചരിച്ചു, ദൈവത്തിന്‍റെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചു. രണ്ടും മറിയത്തിന്‍റെ ജീവിതത്തിലെ ശ്രേഷ്ഠതയാണ്.

മെക്സിക്കോയിലെ കുന്നിന്‍ ചരുവിലെ ജുവാന്‍ ഡിഗോ എന്ന പാവം കര്‍ഷകന്‍റെ പക്കലേയ്ക്കു നടന്നെത്തിയ മറിയം, പിന്നെ ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ജനതകള്‍ക്കൊപ്പം ഇന്നും ചരിക്കുന്നു. തന്‍റെ ചിത്രമുള്ളിടത്തും തന്‍റെ പേരില്‍ തിരി തെളിയുന്നിടത്തും, ഒരു കുരിശുരൂപമോ ജപമാലയോ കൈയ്യില്‍ ഏന്തുന്നവരുടെ പക്കലേയ്ക്കും മറിയം നടന്നുചെല്ലുന്നു. “നന്മ നിറഞ്ഞമറിയമേ...” എന്ന ജപം ചൊല്ലി തന്നെ വിളിച്ചപേക്ഷിക്കുന്ന ഭവനങ്ങളിലേയ്ക്കും, സമൂഹങ്ങളിലേയ്ക്കും, ജയില്‍ മുറികളിലേയ്ക്കും, ആശുപത്രി വാര്‍ഡുകളിലേയ്ക്കും, ആതുരാലയങ്ങളിലേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്കും മറിയം ഇന്നുമെന്നും ആത്മീയമായി നടന്നെത്തുന്നുണ്ട്. പാപ്പ പറഞ്ഞു.

1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.


Related Articles »