Social Media

ഞാൻ സേവ്യർ ജോസഫ് പുരക്കൽ- രക്ഷകനാൽ രക്ഷിക്കപ്പെട്ടവൻ: വൈറല്‍ കുറിപ്പ്

സേവ്യർ ജോസഫ് പുരയ്ക്കൽ S/o റോബിൻ സക്കറിയാസ് 29-12-2020 - Tuesday

അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു. ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ അമ്മയുടെ അഞ്ചാമത്തെ കുഞ്ഞായി ഉരുവായിട്ട് 28 ആഴ്ച (7മാസം) കഴിഞ്ഞിരുന്നു. എന്റെ അമ്മ സാധാരണപോലെ ഓഫീസിലേക്ക് പോയി, യാത്രയിൽ എന്തോ അസ്വസ്ഥത തോന്നിയതിനാൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഓഫീസിൽ എത്തി അമ്മ ബാത്‌റൂമിൽ പോയപ്പോൾ ബ്ലഡ്‌ കണ്ടു. പുറത്തു വന്ന ഉടനെ അപ്പനെ വിളിച്ചു. അപ്പൻ പറഞ്ഞത് പ്രകാരം അമ്മ വീട്ടിലേക്ക് മടങ്ങി. ഡ്യൂട്ടിയിലായിരുന്ന അപ്പൻ ലീവ് എടുത്ത് വീട്ടിലേക്ക് വന്നു. അമ്മയെയും കൂട്ടി വേഗം ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് കാര്യങ്ങളുടെ ഗുരുതരാവസ്‌ഥ ഡോക്ടർ പറയുന്നത്. അമ്മയുടെ ഗർഭപാത്രവും പ്ലാസന്റയും താഴേക്ക് ഇറങ്ങി വന്നു എന്നും, നല്ല ബ്ലീഡിങ് ഉണ്ട്‌ എന്നും. വലിയ ആശുപത്രിയിലേക്ക് ഉടനെ പോകണമെന്നും പറഞ്ഞു. ഉടനെ തന്നെ ആംബുലൻസ് വരികയും ഞങ്ങൾ വലിയ ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. യാത്രയിൽ അമ്മ കരയുന്നുണ്ടായിരുന്നു.

അപ്പൻ അമ്മയോട് പറയുന്നുണ്ടായിരുന്നു, ഈശോ അറിയാതെ നമുക്ക് ഒന്നും സംഭവിക്കുകയില്ല, ധൈര്യമായിരിക്ക്. വലിയ ഹോസ്പിറ്റലിലെ ചെക്കപ്പിന് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഒന്നുകിൽ ആശുപത്രിയിൽ രണ്ടു മാസം അഡ്മിറ്റ്‌ ആയി നോർമൽ ഡെലിവറി അല്ലെങ്കിൽ ഒരു എമർജൻസി ഓപ്പറേഷനിലൂടെ എന്നെ പുറത്തെടുക്കണം. രണ്ടു തരത്തിൽ ആണെങ്കിലും ഒരുപാട് നാൾ ആശുപത്രി വാസം വേണ്ടി വരും അതു മാത്രമല്ല വീട്ടിലുള്ള എന്റെ നാല് സഹോദരങ്ങളുടെ കാര്യമോർത്തപ്പോൾ അപ്പനും അമ്മയ്ക്കും കരച്ചിൽ വന്നു, എങ്കിലും അവർ ഈശോയോട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

ആശുപത്രിയുടെ പുറത്ത് വന്ന് വണ്ടിയിൽ കയറി അപ്പൻ ഒത്തിരി കരഞ്ഞു. കാരണം ഞാൻ ഉടനെ ജനിച്ചാൽ എനിക്ക് ആകെ ഒരു കിലോയുടെ അടുത്തുമാത്രമേ തൂക്കം ഉണ്ടാകൂ എന്നും അതിനോട് അനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അപ്പൻ കൂട്ടുകാരൻ ഷുബിൻ ചേട്ടനെ വിളിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ഷുബിൻ ചേട്ടൻ അപ്പനെ ധൈര്യപ്പെടുത്തി. അപ്പൻ വീട്ടിലേക്ക് മടങ്ങി. എന്റെ ചേച്ചിമാരെയും ചേട്ടന്മാരെയും നോക്കുന്ന ജെൻസി ആന്റി വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. അവരും പ്രാർത്ഥനയിൽ ആയിരുന്നു.

ഈശോയുടെ സ്നേഹവും സംരക്ഷണവും ജീസസ് യൂത്ത് എന്ന വലിയ വട വൃക്ഷത്തിലൂടെ ഞങ്ങളുടെ കുടുംബത്തിന് കൂടുതലായി ലഭിച്ച സമയമായിരുന്നു അത്. എല്ലാവരും വീട്ടിൽ വരികയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സിനിൽ അങ്കിളും, ബിക്കി അങ്കിളും, ജെട്സൺ അങ്കിളും, രാജീവ്‌ അങ്കിളും... അങ്ങനെ ഒത്തിരിപ്പേർ. ജീസസ് യൂത്ത് ഫാമിലി ടീമിന്റെയും, നാഷണൽ കൗൺസിലിന്റയും അറിയുന്ന എല്ലാ വൈദികരുടെയും കുടുംബങ്ങളുടെയും പ്രാർത്ഥനകളും എനിക്ക് കിട്ടുന്നുണ്ടായിരുന്നു.

അന്ന് രാത്രി അപ്പന് ആശുപത്രിയിൽ നിന്നും ഒരു ഫോൺ കോൾ കിട്ടി. ഉടനെ വരിക അമ്മയെ ഓപ്പറേഷന് കയറ്റാൻ പോവുകയാണ്, ബ്ലീഡിങ് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നും പറഞ്ഞുകൊണ്ടായിരുന്നു ആ കോൾ. അപ്പന്റെ സകല പ്രതീക്ഷയും അസ്തമിച്ച സമയമായിരുന്നു അത്. തകർന്ന ഹൃദയത്തോടെ, സിനിൽ അങ്കിളിനെയും കൂട്ടി അപ്പൻ പ്രാർഥനയോടെ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. ആശുപത്രിയിൽ ഈശോ ഒരു അത്ഭുതം കാത്തുവെച്ചിട്ടുണ്ടായിരുന്നു, കാരണം ദൈവത്തിന് ഒന്നും അസാധ്യമല്ല (ലൂക്കാ 1: 37 ).

ഓപ്പറേഷൻ തിയറ്ററിൽ അമ്മയെ കയറ്റിയപ്പോൾ ഒരു നഴ്സ് അമ്മയോട് പറഞ്ഞു ഒന്ന് കൂടി ട്രൈ ചെയ്തു നോക്ക് ചിലപ്പോൾ ഞാൻ പുറത്തേക്ക് പോന്നാലോ. അമ്മ പറഞ്ഞു വന്നില്ലെങ്കിൽ അതിന്റ വേദനയും ഓപ്പറേഷന്റ വേദനയും ഞാൻ സഹിക്കേണ്ടേ? നിർബന്ധത്തിന് വഴങ്ങി അമ്മ വീണ്ടും ശ്രമിച്ചു. അത്ഭുതകരമായി ഞാൻ പുറത്തേക്ക് പോരുകയും ചെയ്തു.

അങ്ങനെ മുപ്പതാം തീയതി രാത്രി 10.30ന് റോബിന്റെയും രമ്യയുടെയും അഞ്ചാമത്തെ മകനായി ഞാൻ ഈ ഭൂമിയിലേക്ക് പിറന്നു വീണു.

ജനിച്ച ഉടനെ എന്നെ ഐ സി യു വിലേക്ക് മാറ്റി കാരണം എനിക്ക് സ്വയമേ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നെ കൃത്രിമ ശ്വാസോശ്വാസം നൽകി ഒരു വെന്റിലേറ്ററിലേക്ക് മാറ്റി. അതുപോലെ തന്നെ കൃത്യമായി ചൂട് ലഭിക്കാനും, ഹൃദയമിടിപ്പ് അറിയുന്ന മെഷീനും, ഭക്ഷണത്തിനു മൂക്കിൽ കൂടി ട്യൂബും മരുന്നിന് കയ്യിൽ സൂചികളും എന്നുവേണ്ട ആകെക്കൂടി കെട്ടിയിടപ്പെട്ട അവസ്ഥ.

അപ്പനും അമ്മയും എന്നും എന്നെ കാണാൻ വരുമായിരുന്നു. എന്റെ അടുത്ത് വന്ന് ഇൻക്യൂബേറ്ററിന്റെ മുകളിൽ കൈകൾ വച്ച് പ്രാർത്ഥിക്കുമായിരുന്നു. ചിലപ്പോഴൊക്കെ അവർ കരയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അമ്മ അവിടെ നിന്നുകൊണ്ട് പറയുമായിരുന്നു ഞാനിവനെ ഈശോയ്ക്കും മാതാവിനും കൊടുത്തിരിക്കുകയാ, അവർ നോക്കിക്കൊള്ളുമെന്ന്.

രണ്ടു മാസത്തോളം ഞാൻ ഐസിയുവിൽ ആയിരുന്നു. ഇതിനിടയിൽ എനിക്ക് ഇൻഫെക്ഷൻ വന്നു. ട്യൂബുകൾ മാറ്റി ഇടേണ്ടതായി വന്നു. അനേകം തവണ സൂചികൾ കുത്തി. ഒരിക്കൽ മാറ്റിയ വെന്റിലേറ്റർ വീണ്ടും തരേണ്ടതായി വന്നു. അങ്ങനെ നിരവധി കടമ്പകൾ. ഇവിടെയെല്ലാം അനേകരുടെ പ്രാർത്ഥനകൾ എനിക്കും ഞങ്ങളുടെ കുടുംബത്തിനും ശക്തി പകർന്നുകൊണ്ടേയിരുന്നു. അവസാനം മാർച്ച്‌ 26ന് ഞാൻ വീട്ടിലേക്ക് അമ്മയുടെയും അപ്പന്റയും കൈകളിലേക്ക് എത്തിച്ചേർന്നു. എന്റെ സഹോദരങ്ങൾ ഒത്തിരി സന്തോഷത്തോടെ എന്നെ വീട്ടിലേക്ക് സ്വീകരിച്ചു. ഈ കഴിഞ്ഞ നവംബർ 12 ന് ഞാൻ മാമോദിസ സ്വീകരിച്ചുകൊണ്ട് ഈശോയെ കൈക്കൊണ്ട് സഭയുടെ ഭാഗമായി ക്രിസ്ത്യാനിയായി.

ഇതാ ഈ 2020 ലെ ക്രിസ്തുമസിന് എനിക്ക് 11 മാസം തികയുന്നു. ഞാൻ നല്ല ആരോഗ്യവാനാണ്. ഞങ്ങളൊന്നു ചേർന്ന് ഒത്തിരി സന്തോഷത്തോടെ ഈശോയ്ക്ക് നന്ദി പറയുന്നു. കഴിഞ്ഞുപോയ ഡിസംബറിൽ ഞങ്ങൾ ഒത്തിരി വേദനയിലൂടെയും കണ്ണുനീരിലൂടെയും കടന്നുപോയെങ്കിലും ഈശോ ആ സങ്കടങ്ങളെയെല്ലാം സന്തോഷമാക്കി തീർത്തിരിക്കുന്നു. ഈശോ പറയുന്നുണ്ടല്ലോ. നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും (യോഹന്നാന്‍ 16 : 20) എന്ന്, ഈ വചനം അങ്ങനെ ഞങ്ങളുടെ കുടുംബത്തിലും നിറവേറി.

രക്ഷകനായ ഈശോയിലൂടെ ഞാൻ രക്ഷിക്കപ്പെട്ടതിനാൽ എന്റെ അപ്പനും അമ്മയും എനിക്ക് രക്ഷകൻ എന്ന അർത്ഥമുള്ള സേവ്യർ (saviour ) എന്ന പേര് നൽകി. ദൈവം എന്നോട് കാണിച്ച കരുണയും സ്നേഹവും അവന്റെ ജനനത്തിന്റ സന്തോഷത്തോടു ചേർന്ന് ഈ എഴുത്തിലൂടെ ഞാൻ നിങ്ങളുമായും പങ്കുവെക്കുന്നു.

ഈശോയുടെ ജനനത്തിന്റ എല്ലാ സന്തോഷവും സമാധാനവും ആശംസകളും സ്നേഹവും പ്രാർത്ഥനകളും നേർന്നുകൊള്ളുന്നു.

(സേവ്യർ ജോസഫ് പുരയ്ക്കൽ S/o റോബിൻ സക്കറിയാസ്)

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »