India - 2024
മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പ്രവാചക ശബ്ദം 05-01-2021 - Tuesday
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് ഡിപ്ലോമ/പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സെല്‍ഫ് ഫിനാന്‍സിംഗ് നഴ്‌സിംഗ് കോളജുകളില്‍ മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. സ്‌റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
യോഗ്യത പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവര്‍ക്കും/ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ട. 50 ശതമാനം സ്‌കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കും.
http://www.minoritywelfare.kerala.gov.in/ ലൂടെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി 27. ഫോണ്‍: 0471 2302090, 2300524.