News - 2025

നൂറ്റാണ്ടുകൾക്കിടെ ആദ്യമായി പീഡാനുഭവ സ്മരണ പുതുക്കുന്ന വാര്‍ഷിക പ്രദിക്ഷണം പോര്‍ച്ചുഗൽ റദ്ദാക്കി

പ്രവാചക ശബ്ദം 27-02-2021 - Saturday

ലിസ്ബണ്‍: യൂറോപ്യൻ രാജ്യമായ പോര്‍ച്ചുഗലിന്റെ തലസ്ഥാന നഗരമായ ലിസ്ബണില്‍ നൂറ്റാണ്ടുകൾക്കിടെ ആദ്യമായി യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന വാര്‍ഷിക പ്രദിക്ഷണം റദ്ദാക്കി. 1587 മുതല്‍ വര്‍ഷംതോറും മുടക്കം വരാതെ നടത്തി വന്നിരുന്ന ‘സെന്‍ഹോര്‍ ദോസ് പാസ്സോസ് ഗ്രാക്കാ’ എന്ന പ്രശസ്തമായ പ്രദിക്ഷണം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. 435 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രദിക്ഷണം റദ്ദാക്കപ്പെടുന്നത്. ‘ദി റിയല്‍ ഇര്‍മാന്‍ഡാഡെ ഡാ സാന്റാ ക്രൂസ് ആന്‍ഡ്‌ പാസ്സോസ് ഡാ ഗ്രാക്കാ’ (റോയല്‍ ബ്രദര്‍ഹുഡ് ഓഫ് ദി സ്റ്റെപ്സ് ഓഫ് ഗ്രേസ്) എന്ന വിശുദ്ധ കുരിശിന്റെ ഭക്തരുടെ സംഘടനയാണ് നോമ്പിന്റെ രണ്ടാം ഞായറാഴ്ച (ഇത്തവണ ഫെബ്രുവരി 28) പ്രദിക്ഷണം സംഘടിപ്പിക്കാറുള്ളത്.

‘പീഡകള്‍ സഹിച്ച് കുരിശും വഹിച്ചുകൊണ്ട് നീങ്ങുന്ന ക്രിസ്തുവിന്റെ രൂപം ലിസ്ബണിന്റെ തെരുവുകളില്‍ പ്രത്യക്ഷപ്പെടാത്ത വര്‍ഷമാണിതെന്നും, ഇത് തങ്ങളെ സംബന്ധിച്ചിടത്തോടം അത്യന്തം ഖേദകരമാണെന്നും സംഘടനയുടെ പ്രതിനിധിയായ ഫ്രാന്‍സിസ്കോ മെന്‍ഡിയ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രഞ്ച് അധിനിവേശക്കാലത്തും, പോര്‍ച്ചുഗല്‍ റിപ്പബ്ലിക്കായ കാലത്തും, ഇരുപതാം നൂറ്റാണ്ടിലെ സ്പാനിഷ് ഫ്ലൂ’വിന്റെ കാലത്തും പ്രദിക്ഷിണം മുടങ്ങിയിട്ടില്ലെന്ന കാര്യം ‘ആര്‍.ടി.പി.2’വിന് നല്‍കിയ അഭിമുഖത്തില്‍ മെന്‍ഡിയ ചൂണ്ടിക്കാട്ടി. ലിസ്ബണിലെ ക്രിസ്തീയ ഭക്തിയുടെ ഈ മഹാ പ്രകടനം പോര്‍ച്ചുഗലിലെ തന്നെ ഏറ്റവും വലിയ പ്രക്ഷിണമായിരിക്കാമെന്നും, ഭാരതവും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍ക്ക് ഈ പ്രദിക്ഷിണം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്ഥാന നഗരിയിലെ നിവാസികളുടെ മതവികാരം ഉണര്‍ത്തുന്നതും, ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയുടെ രഹസ്യങ്ങളിലേക്ക് ക്രൈസ്തവരെ ക്ഷണിക്കുകയും ചെയ്യുന്ന ഒരനുഭവമാണ് സെന്‍ഹോര്‍ ദോസ് പാസ്സോസ് ഗ്രാക്കാ പ്രദിക്ഷണമെന്നു ഗ്രാക്കാ ഇടവക വികാരിയും സംഘാടക സംഘടനയുടെ ചാപ്ലൈനുമായ ഫാ. ജോര്‍ജ്ജ് ദിയാസ് പറഞ്ഞു. പ്രദിക്ഷണം നടക്കുന്നില്ലെങ്കിലും ദിവസത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുന്ന മറ്റ് ആഘോഷങ്ങള്‍ക്ക് യാതൊരു മുടക്കവുമുണ്ടായിരിക്കുകയില്ല. ഫെബ്രുവരി 28-ന് ലിസ്ബണിലെ സഹായ മെത്രാനായ മോണ്‍. അമേരിക്കോ അഗ്വൈറിന്റെമുഖ്യ കാര്‍മ്മികത്വത്തില്‍ പ്രാദേശിക സമയം രാവിലെ 11:00 മണിക്ക് വിശുദ്ധ കുര്‍ബാന അർപ്പിക്കും. ഇത് ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം ചെയ്യും. കുര്‍ബാനയുടെ അവസാനം പതിവ് തെറ്റിക്കാതെ ബിഷപ്പ് ലിസ്ബണ്‍ നഗരത്തെ ആശീര്‍വദിക്കുന്നതായിരിക്കുമെന്നും മെന്‍ഡിയ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »