Seasonal Reflections - 2024
ജോസഫ് - ദൈവീക പദ്ധതികളുടെ കാര്യസ്ഥൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 07-03-2021 - Sunday
ദൈവിക പദ്ധതികളുടെ കാര്യസ്ഥനായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ദൈവ പിതാവ് ഭൂമിയിൽ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിച്ച കാര്യസ്ഥൻ യൗസേപ്പിതാവായിരുന്നു. ദൈവ പിതാവിൻ്റെ ഏറ്റവും വിശിഷ്ട സമ്പത്തായിരുന്ന ഏക ജാതനായ ഈശോ മിശിഹായെ ലോക രക്ഷയ്ക്കായി ഭൂമിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചപ്പോൾ ആ പുത്രനു ഒരു വളർത്തു പിതാവിനെ നൽകി യൗസേപ്പിൻ്റെ കാര്യസ്ഥതയെ ഒരു ശ്രേഷ്ഠമായ പദവിയാക്കി ദൈവ പിതാവു മാറ്റി. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തോടു സഹകരിക്കാൻ സ്വർഗ്ഗീയ പിതാവ് കണ്ടെത്തിയ വിശ്വസ്തനും ഉത്തമനുമായ കാര്യസ്ഥനായിരുന്നു യൗസേപ്പിതാവ്.
കാര്യസ്ഥനു സ്വന്തമായി ഇഷ്ടാനിഷ്ടങ്ങളില്ല. യജമാനൻ്റെ ഹിതം സ്വന്തം ജീവിതത്തിലേക്കു പകർത്തിയെഴുതുക മാത്രമാണ് അവൻ്റെ ചുമതല. സാഹചര്യങ്ങൾ അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും മാർഗ്ഗങ്ങൾ സുഗമവും ദുർഘടവും ആയപ്പോഴും, ഭാവി പ്രശോഭിതവും ഇരുളടഞ്ഞതുമായിപ്പോഴും യൗസേപ്പിതാവ് തൻ്റെ ഉടയവനായ സ്വർഗ്ഗീയ പിതാവിൻ്റെ ഹിതം വിശ്വസ്തയോടെ നിറവേറ്റി.
യജമാനൻ്റെ ആഗ്രഹങ്ങളെ പിൻതുടരണമെങ്കിൽ നിരന്തരമായ ജാഗ്രതയും സന്നദ്ധതയും ആവശ്യമായിരുന്നു. വിശുദ്ധമായ നിശബ്ദതയിലൂടെ യൗസേപ്പ് അതു നിരന്തരം തിരിച്ചറിഞ്ഞിരുന്നു. അതിനാൽ കെടുകാര്യസ്ഥതയോ അലംഭാവമോ ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
യൗസേപ്പിതാവിനെപ്പോലെ ദൈവം നമ്മളെ ഭരമേല്പിച്ചിരിക്കുന്ന പദ്ധതികളുടെ വിശ്വസ്തരായ കാര്യസ്ഥരും/ കാര്യസ്ഥകളുമാകാൻ നമുക്കു പരിശ്രമിക്കാം. "കാര്യസ്ഥന്മാര്‍ക്കു വിശ്വസ്‌തതകൂടിയേ തീരൂ."(1 കോറി 4 : 2).