Seasonal Reflections - 2024

ജോസഫ് - വിമല ഹൃദയത്തിന്റെ ഏറ്റവും വലിയ സമാശ്വാസകൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 01-03-2021 - Monday

1917 ഒക്ടോബർ പതിമൂന്നാം തീയതിയിലെ സൂര്യാത്ഭുതത്തിലൂടെ ഫാത്തിമാ ദർശനങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള പങ്ക് വെളിപ്പെട്ടിരുന്നു. ഈ ദർശനത്തിൽ ഉണ്ണിയേശുവും യൗസേപ്പിതാവും ലോകത്തെ കുരിശാകൃതിയിൽ ആശീർവദിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തോടനുബന്ധിച്ച് അമേരിക്കയിലെ The World Apostolate of Fatima എന്ന ഭക്തകൂട്ടായ്മ ഒരു ഐക്കൺ രചിക്കുകയുണ്ടായി. ഈ ഐക്കണിൻ്റെ പേര് വിശുദ്ധ ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ (St. Joseph, the Greatest Consoler of the immaculate Heart) എന്നായിരുന്നു.

സൗത്ത് കാലിഫോർണിയിൽ നിന്നുള്ള വിവിയൻ ഇംബ്രുഗ്ലിയ ( Vivian Imbruglia) എന്ന കലാകാരിയാണ് ഈ ഐക്കണിൻ്റെ രചിതാവ്. ഐക്കണിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വസ്ത്രത്തിൻ്റെ നിറങ്ങൾ പച്ചയും തവിട്ടുമാണ് പുതിയ ജീവനും എളിമയുമാണ് ഇവ സൂചിപ്പിക്കുക. ഈശോയെയും മറിയത്തെയും ചുവപ്പ്, നീല, വെള്ള എന്നീ നിറങ്ങളാൽ രചിച്ചിരിക്കുന്നു. രാജത്വം, സ്വർഗ്ഗം വിശുദ്ധി ഇവയാണ് ഈ നിറങ്ങൾ സൂചിപ്പിക്കുന്നത്. യൗസേപ്പിതാവിൻ്റെ പിതാവും സംരക്ഷകനും സമാശ്വാസനും എന്ന നിലയിലുള്ള പങ്ക് വ്യക്തമാക്കുന്നതിനോടൊപ്പം ഫാത്തിമാ ദർശനങ്ങളിൽ തിരുക്കുടുംബത്തിൻ്റെ സാമിപ്യവും ഉണ്ടെന്ന് ഈ ഐക്കൺ വ്യക്തതമാക്കുന്നു.

ഈ ഐക്കണിൽ മറിയത്തിൻ്റെ കരം ജോസഫിന്റെ കൈയ്യിലാണ് പിടിച്ചിരിക്കുന്നത്. മറിയം യൗസേപ്പിനെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്നതു പോലെയാണ് ചിത്രീകരണം. അവൾ യൗസേപ്പിനു പിന്നിലായാണ് നിൽക്കുന്നത് കാരണം യൗസേപ്പ് മറിയത്തിൻ്റെ സംരക്ഷകനാണ്. യൗസേപ്പിതാവിന്റെ പച്ച മേലങ്കി വിവാഹത്തിനും കുടുംബത്തിനും അവൻ സമ്മാനിക്കുന്ന പുതു ജീവനെയാണ് അർത്ഥമാക്കുക.മുഖഭാവങ്ങളിലും വലിയ അർത്ഥങ്ങൾ ഈ ഐക്കണിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് . നീണ്ട മൂക്ക് കുലീനത്വവും വലിയ നേത്രങ്ങൾ സ്വർഗ്ഗീയ ദർശനം കണ്ടതിൻ്റെ അതിശയോക്തിയും സൂചിപ്പിക്കുമ്പോൾ വലിയ ചെവികൾ ദൈവവചനം ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നതിൻ്റെയും പ്രതീകങ്ങളാണ്.

ഈശോയുടെയും മാതാവിന്റെയും യൗസേപ്പിതാവിൻ്റെയും ഹൃദയങ്ങൾ ദൃശ്യമായ രീതിയിലാണ് വിവിയൻ ചിത്രീകരിച്ചിരിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തോടും മറിയത്തിൻ്റെ വിമലഹൃദയത്തോടും യൗസേപ്പിതാവിൻ്റെ കന്യകാത്വ ഹൃദയത്തോടുമുള്ള ഭക്തിയിലേക്കാണ് യൗസേപ്പിതാവിന്റെ വർഷം നമ്മളെ ക്ഷണിക്കുക.

More Archives >>

Page 1 of 9