Social Media - 2024
സൺഡേ സ്‌കൂൾ ക്യാമ്പിനിടെ മരണപ്പെട്ട പെൺകുട്ടി: ഓൺലൈൻ മാധ്യമങ്ങളുടെ വ്യാജ പ്രചരണത്തില്‍ മുങ്ങുന്ന സോഷ്യല്‍ മീഡിയ
വിജിലന്‍റ് കാത്തലിക് 09-03-2021 - Tuesday
2010 ഒക്ടോബർ 17ന് കൈതവന സൺഡേ സ്‌കൂൾ ക്യാമ്പിനിടെ പതിമൂന്ന് വയസുകാരിയായ ശ്രേയ എന്ന പെൺകുട്ടി മരണപ്പെടാനിടയായ സംഭവം വളരെ വർഷങ്ങൾക്ക് ശേഷം മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പത്തുവർഷങ്ങൾക്കിപ്പുറം മൂന്നാമത്തെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതോടെയാണ് അത്. വേണ്ടത്ര അന്വേഷണം പോലും കൂടാതെ പൊടിപ്പും തൊങ്ങലും, ഒപ്പം വാസ്തവവിരുദ്ധമായ പലതും ചേർത്താണ് ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ നൽകി തുടങ്ങിയിരിക്കുന്നത്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ചുപോലും ധാരണയില്ലാതെയാണ് ഈ മഞ്ഞമാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുന്നത് എന്നതാണ് വാസ്തവം. വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം ഇപ്പോൾ കുറ്റാരോപിതർക്കെതിരെ സിബിഐ ചാർജ് ചെയ്തിരിക്കുന്നത് മനപ്പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ്. എന്നാൽ, സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ മറ്റുചിലതും, അവഹേളനം ലക്ഷ്യംവച്ചുള്ളതുമാണ്.
പെൺകുട്ടിയുടെ മരണം സംബന്ധിച്ച വാസ്തവങ്ങൾ ഇങ്ങനെ:
ആറുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന അറുപതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് നടന്നത് കൈതവനയിൽ പ്രവർത്തിച്ചിരുന്ന മദ്യപാനികൾക്കുള്ള ഒരു പുനരധിവാസ കേന്ദ്രത്തിൽ വച്ചാണ്. കൈതവന ഇടവകയിലെ മതാധ്യാപകരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളായ കുട്ടികൾക്കായി ഒരുക്കിയ മൂന്നുദിവസം നീണ്ട താമസിച്ചുള്ള ക്യാമ്പായിരുന്നു അത്. ആ നാളുകളിൽ അവിടെ രണ്ട് അന്തേവാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലും, ക്യാംപിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാലുമാണ് അവിടെവച്ച് ക്യാമ്പ് നടത്താൻ തീരുമാനിച്ചത്. അത്തരം പരിപാടികൾ മുമ്പും അവിടെവച്ച് നടത്തപ്പെട്ടിരുന്നു.
കൂടുതൽ പേർക്ക് കിടക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല എന്നതിനാൽ, പെൺകുട്ടികൾ മാത്രം മൂന്ന് ഹാളുകളിലായി സെന്ററിലും ആൺകുട്ടികൾ പുറത്ത് മൂന്ന് വീടുകളിലുമായായിരുന്നു താമസം. ഒരു റൂമിലെ കുട്ടികൾക്കൊപ്പമാണ് കുറ്റാരോപിതയായ സന്യാസിനി ഉണ്ടായിരുന്നത്. മറ്റ് അധ്യാപകർ ആൺകുട്ടികൾക്കൊപ്പം ഓരോ വീടുകളിൽ ആയിരുന്നതിനാൽ, രാത്രിയിൽ പെൺകുട്ടികൾക്കൊപ്പം കൂട്ടിനുണ്ടായിരുന്നത് സിസ്റ്റർ മാത്രമായിരുന്നു. സെന്ററിലെ വേലക്കാരിയായ ഒരു സ്ത്രീ ക്യാമ്പ് നടക്കുന്ന ഹാളിൽ കിടന്നിരുന്നു. സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടറായ വൈദികനും, ഡയറക്ടറും അതേ കോമ്പൗണ്ടിന്റെ മറ്റു രണ്ടിടങ്ങളിലായാണ് വിശ്രമിച്ചിരുന്നത്. രാത്രി ഒന്നരയോടടുത്ത സമയത്ത് വേലക്കാരി സ്ത്രീ എന്തോ ഒരു ശബ്ദം കേട്ടതിനെ തുടർന്ന് അസി. ഡയറക്ടർ ആയ വൈദികനെ ഫോണിൽ വിളിക്കുകയും അദ്ദേഹം ഉടനെ അവിടേയ്ക്ക് എത്തുകയും ചെയ്തു.
ഒരു കുട്ടിയുടെ ശബ്ദം കേട്ടു എന്നാണ് ആ സ്ത്രീ വൈദികനോട് പറഞ്ഞത്. വൈദികൻ കുട്ടികൾ ഉറങ്ങിക്കിടന്ന മൂന്ന് ഹാളുകളിലും പരിശോധന നടത്തി. അതിൽ ഒരു ഹാളിലെ കുട്ടികൾ എല്ലാവരും ഉറക്കത്തിലായിരുന്നു. രണ്ടാമത്തെ ഹാളിൽ ചിലർ ഉണർന്നിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. മൂന്നാമത്തെ ഹാളിൽ എല്ലാവരും ഉറക്കത്തിലായിരുന്നെങ്കിലും അതിന്റെ വാതിൽ അൽപ്പം തുറന്നാണ് കിടന്നിരുന്നത്. ആ ഹാളിൽ കുട്ടികൾക്കൊപ്പമാണ് മേൽപ്പറഞ്ഞ സന്യാസിനിയും ഉറങ്ങിയിരുന്നത്. വാതിൽ തുറന്നു കിടന്നിരുന്നതായി കണ്ടതിനാൽ വൈദികൻ സിസ്റ്ററിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു.
തലേദിവസം മറ്റു ചില ഉത്തരവാദിത്തങ്ങളുമായി വെളിയിലായിരുന്ന സിസ്റ്റർ വൈകിയാണ് ക്യാംപ് നടക്കുന്ന സ്ഥലത്ത് എത്തുന്നതും അവിടത്തെ ഉത്തരവാദിത്തങ്ങൾക്ക് ശേഷം വളരെ താമസിച്ചാണ് ഉറങ്ങാൻ കിടക്കുന്നതും. അതിനാൽ, ക്ഷീണം മൂലം അവർ ഗാഢ നിദ്രയിലായിരുന്നു. ആ മുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിടാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ ഉറങ്ങും മുമ്പ് ബാഗുകളും മറ്റും വാതിലിന് തടസമായി വയ്ക്കുകയാണ് ചെയ്തിരുന്നത്.
സിസ്റ്റർ കിടന്നിരുന്ന മുറിയിൽ ചില കുട്ടികൾ തലേദിവസം വൈകിട്ട് എത്തിച്ചേർന്നവരായി ഉണ്ടായിരുന്നു. ടൂർ പോയിരുന്നതിനാൽ വെള്ളിയാഴ്ച ആരംഭിച്ച ക്യാംപിൽ ഒരു ദിവസം വൈകി ശനിയാഴ്ചയാണ് അവർ ജോയിൻ ചെയ്തത്. അത്തരമൊരു മാറ്റം കുട്ടികളുടെ എണ്ണത്തിൽ സംഭവിച്ചതിനാലും, നല്ല ഉറക്കത്തിൽനിന്ന് ഉണർന്നതിനാലും കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ സിസ്റ്ററിന് വ്യക്തതക്കുറവുണ്ടായിരുന്നു. എണ്ണിനോക്കിയപ്പോൾ കുട്ടികളിൽ എല്ലാവരും അകത്തുണ്ടെന്ന് അവർ കരുതുകയും, അപ്രകാരംതന്നെ വൈദികനോട് പറയുകയും ചെയ്തു. ഹാളിന് പുറത്തായിരുന്നതിനാൽ കുട്ടികളുടെ എണ്ണം വൈദികനും ശ്രദ്ധിച്ചില്ല. തുടർന്ന് ശബ്ദം കേട്ടതെന്താണെന്ന് പരിശോധിക്കാൻ വൈദികനും, വേലക്കാരിയും, സന്യാസിനിയും ആ പരിസരമാകെ നിരീക്ഷിക്കുകയുമുണ്ടായി.
അസ്വാഭാവികമായൊന്നും കണ്ടെത്താൻ കഴിയാതിരുന്നതിനാൽ കുട്ടികളെല്ലാം സുരക്ഷിതരാണെന്ന ധാരണയിൽ അവർ മുറികളിലേക്ക് മടങ്ങിപ്പോവുകയുണ്ടായി. തുടർന്ന്, തലേദിവസം ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്ന വേലക്കാരി സിസ്റ്ററും കുട്ടികളും കിടന്നിരുന്ന ഹാളിലാണ് കിടന്നത്. നാലരയോടെ അടുക്കളജോലികൾക്കായി അവർ എഴുന്നേറ്റ് പോവുകയും ചെയ്തു. അന്ന് ഞായറാഴ്ച ആയിരുന്നതിനാൽ വി. കുർബ്ബാനയ്ക്കുള്ള ഒരുക്കങ്ങൾക്കായി സിസ്റ്റർ ചാപ്പലിലേയ്ക്ക് പോയതിന് പിന്നാലെയാണ് രാവിലെ ഒരു കുട്ടിയെ കാണാനില്ല എന്ന് മറ്റു കുട്ടികൾ വന്നു പറയുന്നത്. അത് സ്വന്തം റൂമിലുണ്ടായിരുന്ന കുട്ടിയാണെന്ന് കേട്ടപ്പോൾ സിസ്റ്റർ വല്ലാതെ പരിഭ്രമിച്ചു. തലേ രാത്രി ശബ്ദം കേട്ടതിനെ തുടർന്ന് അന്വേഷിക്കാനിറങ്ങിയ അസി. ഡയറക്ടറായ വൈദികൻ ഒരു ഇടവക വികാരി കൂടി ആയിരുന്നതിനാൽ അദ്ദേഹം അതിരാവിലെ തന്നെ സ്വന്തം ഇടവകയിലേയ്ക്ക് പോയിരുന്നു. ഡയറക്ടറായ വൈദികനെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹവും പരിസരത്തുള്ള ചിലരും ചേർന്ന് കുട്ടിയെ അന്വേഷിക്കാൻ ആരംഭിച്ചു.
കുട്ടിയുടെ വീട് അവിടെ അടുത്ത് തന്നെയായിരുന്നതിനാൽ രാവിലെ വീട്ടിലേയ്ക്ക് പോയിട്ടുണ്ടാവുമോ എന്ന സംശയത്തെ തുടർന്ന് ചിലർ വീട്ടിലെത്തി അന്വേഷിച്ചു. വീട്ടിൽ വന്നിട്ടില്ലെന്നും, ഉറക്കത്തിൽ ഇറങ്ങി നടക്കുന്ന സ്വഭാവമുള്ളതിനാൽ ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാവുമെന്നുമുള്ള പ്രതികരണമാണ് അന്വേഷിച്ചു ചെന്നവർക്ക് ആദ്യം ലഭിച്ചത്. തുടർന്ന് വീട്ടുകാരും സെന്ററിന്റെ പരിസരത്തെത്തി അന്വേഷണത്തിൽ പങ്കുചേർന്നു.
അന്വേഷണങ്ങൾ പുരോഗമിക്കുകയായിരുന്നു. പോലീസിനെയും, സമീപത്ത് വെള്ളക്കെട്ട് ഉള്ളതിനാൽ ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഏറെ താമസിയാതെ ഫയർഫോഴ്‌സ് സഥലത്തെത്തുകയുമുണ്ടായി. നീന്തൽ വിദഗ്ദരായ ചിലർ അതിനിടയിൽ തന്നെ എട്ടുമണിയോടെ വെള്ളത്തിലിറങ്ങി തിരച്ചിൽ ആരംഭിച്ചിരുന്നു. ഏറെ വൈകാതെതന്നെ കുട്ടി വെള്ളത്തിനടിയിലുണ്ടെന്ന് അവരിലൊരാൾ മനസിലാക്കുകയും ഉടനെ പുറത്തെടുക്കുകയും ചെയ്തു. കുട്ടി എപ്പോഴാണ് വെള്ളത്തിൽ പോയതെന്ന് തീർച്ചയില്ലാത്തവരായിരുന്നു അന്വേഷിച്ചിറങ്ങിയവരിൽ പലരും. കുട്ടിയുടെ മരണം ഉറപ്പുവരുത്താൻ കഴിയാത്തതിനാൽ തിടുക്കത്തിൽ ഫയർഫോഴ്‌സിന്റെ വാഹനത്തിൽ കയറ്റി ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു. നടപടിക്രമങ്ങളിലൊന്നും സെന്ററിലെ ഉത്തരവദിത്തപ്പെട്ടവർക്കോ സിസ്റ്ററിനോ കാര്യമായ പങ്കുണ്ടായിരുന്നില്ല. പിന്നാലെയാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. വീട്ടുകാരെയും പോലീസിനെയും അറിയിച്ചില്ല എന്ന വാദവും വെള്ളത്തിൽനിന്നെടുത്ത കുട്ടിയുടെ ദേഹത്ത് രക്തമുണ്ടായിരുന്നെന്ന വാദവും പൂർണ്ണമായും വാസ്തവ വിരുദ്ധമാണ്.
മരണത്തിന് ശേഷം...!
സ്വാഭാവികമായും മരണവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിക്കുകയും ക്യാമ്പുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളിലുണ്ടായിരുന്നവർ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. എന്നാൽ, പോലീസ് അന്വേഷണത്തിൽ മരണത്തിൽ ദുരൂഹമായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒന്നുകിൽ അപകടം അല്ലെങ്കിൽ ആത്മഹത്യ എന്ന കണക്കുകൂട്ടലിലേക്കാണ് അന്വേഷണോദ്യോഗസ്ഥർ എത്തിച്ചേർന്നത്. മറ്റാർക്കും കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകളൊന്നും അവർക്ക് കണ്ടെത്താനായില്ല.
ഏതാനും ആഴ്ചകൾക്ക് ഉള്ളിൽത്തന്നെ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു. ചില മുൻധാരണകളുമായി അന്വേഷിക്കാനിറങ്ങിയ ആദ്യ ക്രൈംബ്രാഞ്ച് സംഘത്തിനും വൈദികനെയും സന്യാസിനിയെയും പ്രതിചേർക്കാൻ തക്ക തെളിവുകളോ സൂചനകളോ ലഭിച്ചില്ല. കുറ്റാരോപിതരായ വൈദികനും കന്യാസ്ത്രീയ്ക്കുമൊപ്പം സാക്ഷിയായി ആരംഭം മുതൽ ഒരു വേലക്കാരിയുമുണ്ടായിരുന്നത് അവർക്ക് കീറാമുട്ടിയായി മാറി. കുട്ടി മിസ്സിംഗ് ആയ സമയത്ത് സിസ്റ്റർ ഉറക്കത്തിലായിരുന്നു എന്നതിന് വേലക്കാരിയും, തലേദിവസം യാത്ര കഴിഞ്ഞെത്തി ഉറങ്ങാൻ വളരെ വൈകിയ ഒരു പെൺകുട്ടിയും സാക്ഷികളായുണ്ടായിരുന്നു.
ആദ്യ അന്വേഷണ സംഘത്തിന്റെ കേസന്വേഷണം ശരിയായ ദിശയിലൂടെയല്ല നീങ്ങുന്നതെന്ന് വ്യക്തമായപ്പോൾ രണ്ടാമത്തെ അന്വേഷണ സംഘം രംഗപ്രവേശം ചെയ്യുകയുണ്ടായി. 2016ൽ അവർ റിപ്പോർട്ട് സമർപ്പിച്ചു. പെൺകുട്ടിയുടെ മരണത്തിൽ പ്രത്യക്ഷത്തിൽ ആരെയും കുറ്റക്കാരായി കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. അവരും അപകടമരണം അഥവാ ആത്മഹത്യ എന്ന നിഗമനത്തിലേക്കാണ് എത്തിയത്. എന്നാൽ, മനഃപൂർവമല്ലാത്ത നരഹത്യ (304A) യിലേക്ക് നയിച്ച അശ്രദ്ധ അവർ ആരോപിച്ചിരുന്നു.
ആ സാഹചര്യത്തിലാണ് കളർകോട് വേണുഗോപാൽ എന്ന വ്യക്തി രംഗപ്രവേശം ചെയ്യുന്നത്. ക്രൈസ്തവർക്കും വൈദികർക്കും എതിരായി കേസുകൊടുക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത ആ വ്യക്തിയാണ് ഡിവൈൻ ധ്യാന കേന്ദ്രത്തിനെതിരെ തുടർച്ചയായി കേസുകൾ കൊടുത്ത് സുപ്രീം കോടതിയുടെ ശാസന ഏറ്റുവാങ്ങിയത്. അതേ വ്യക്തിയാണ് ഫാ. തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തി എന്ന വ്യാജ മൊഴി പറഞ്ഞ് അഭയ കേസിൽ സാക്ഷിപ്പട്ടികയിൽ ഇടം നേടിയത്. തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ലാത്ത ഇത്തരം ചെറുതും വലുതുമായ ധാരാളം കേസുകൾ ഇന്നും കളർകോട് വേണുഗോപാൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിലൊന്നാണ് കൈതവനയിലെ മരണം.
അഭയ കേസിൽ എന്നതുപോലെ ദുരൂഹതയുടെ വലിയ ഒരു പുകമറ സൃഷ്ടിക്കുവാനാണ് ആരംഭം മുതൽ അയാൾ ശ്രമിച്ചിരിക്കുന്നത്. അഭയ കേസുമായി ബന്ധപ്പെട്ട് കളർകോട് വേണുഗോപാലിന്റെ സാക്ഷിമൊഴിയുടെ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടുകയും, നിഷ്പക്ഷമായി ചിന്തിച്ച ബഹുഭൂരിപക്ഷവും അയാൾ കള്ളം പറഞ്ഞതാണ് എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ആ പേര് ഈ കേസിനൊപ്പം ചർച്ച ചെയ്യപ്പെട്ടാൽ ഗുണകരമാവില്ല എന്ന ചിന്തയിൽനിന്നാവണം ഇതുവരെ ഈ വിഷയം റിപ്പോർട്ട് ചെയ്ത ആരുംതന്നെ കളർകോട് വേണുഗോപാൽ എന്ന പേര് വെളിപ്പെടുത്താത്തത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് വേണുഗോപാൽ ഉയർത്തിയിരിക്കുന്നത്. തെളിവുകളും സാക്ഷിമൊഴികളും എല്ലാം എതിരായിട്ടും മഞ്ഞപ്പത്രങ്ങളുടെയും കത്തോലിക്കാ വിരുദ്ധ മാധ്യമങ്ങളുടെയും സഭാവിരുദ്ധരുടെയും പിന്തുണയും മുമ്പെന്നത്തേയും പോലെ തനിക്ക് ലഭിക്കുമെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നുണ്ടാകണം. എന്നാൽ, ഇത്തരമൊരാളാണ് ഈ കേസിന് പിന്നിൽ എന്ന് വ്യക്തമായും അറിയാമായിരുന്നിട്ടും മറുനാടൻ ഉൾപ്പെടെയുള്ള മഞ്ഞ മാധ്യമങ്ങൾ അക്കാര്യം മറച്ചുവയ്ക്കുകയും, വ്യാജപ്രചാരണങ്ങൾ നടത്തുകയുമാണ് ചെയ്തുവരുന്നത്. അഭയ കേസിൽ എന്നതുപോലെ ഒരു പൊതുബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാമെന്നും വരും നാളുകളിൽ ഈ കേസും സഭയെയും വൈദികരെയും സന്യസ്തരെയും ആക്രമിക്കാൻ ഉപയോഗിക്കാമെന്നും അത്തരക്കാർ കരുതുന്നുണ്ടാവണം.
ഈ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന അനേകർ കൈതവനയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. കുടുംബാംഗങ്ങളും നാട്ടുകാരും തീരാ ദുഃഖത്തിൽ അകപ്പെട്ടിരുന്ന നാളുകൾക്ക് ശേഷം വിവേകത്തോടെ ചിന്തിച്ചു തുടങ്ങിയപ്പോൾ യാഥാർത്ഥ്യം ഉൾക്കൊള്ളുകയും തെറ്റിദ്ധാരണകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പിന്നീട് കുറ്റാരോപിതയായ സന്യാസിനി ഉൾപ്പെടെയുള്ളവരോട് സൗഹൃദത്തിലാണ് കഴിഞ്ഞുപോന്നിട്ടുള്ളത്. ഇപ്പോഴും അവർതമ്മിൽ നല്ല ബന്ധമാണുള്ളത്. കുറ്റാരോപിതയായ സന്യാസിനി പെൺകുട്ടിയുടെ വീട്ടിൽ പോവുകയുമുണ്ടായിട്ടുള്ളതാണ്.
ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന സിബിഐ ഉൾപ്പെടെ ഇതുവരെയുള്ള അന്വേഷണ സംഘങ്ങൾക്കൊന്നും പെൺകുട്ടിയുടെ മരണ സമയത്ത് സെന്ററിൽ ഉണ്ടായിരുന്ന വൈദികർക്കും കന്യാസ്‌ത്രീയ്‌ക്കും എതിരെ കൂടുതൽ കുറ്റാരോപണങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടി കിടന്നിരുന്ന റൂം ഉള്ളിൽനിന്ന് പൂട്ടാനുള്ള സൗകര്യമുണ്ടായിരുന്നില്ല, അപകടം സംഭവിച്ച സ്ഥലത്ത് ആൾമറയുണ്ടായിരുന്നില്ല എന്നീ സാഹചര്യങ്ങൾ പരിഗണിച്ച്, അശ്രദ്ധ സംഭവിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആരോപണങ്ങൾ. മറ്റുള്ളതെല്ലാം കാര്യങ്ങൾ മനസിലാക്കാത്ത ചിലരുയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമാണ്. വാസ്തവങ്ങൾ തിരിച്ചറിയാൻ ശ്രമിക്കാതെ കള്ളങ്ങൾ പറയുന്ന മഞ്ഞപ്പത്രങ്ങളും സഭാവിരുദ്ധരും പ്രചരിപ്പിക്കുന്നത് സത്യമാണെന്ന് കരുതും മുമ്പ് ഈ സംഭവത്തിന് ഒരു മറുവശംകൂടിയുണ്ടെന്ന് മനസ്സിലാക്കണമെന്ന് ഏവരോടും ഓർമ്മിപ്പിക്കുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക