Social Media - 2024
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ജസീന്താ മാർത്തോ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 15-03-2021 - Monday
"നമ്മുടെ കർത്താവിനെയും അവൻ്റെ പ്രിയപ്പെട്ട അമ്മയെയും എൻ്റെ ആശംസകൾ അറിയിക്കുക. പാപികളുടെ മാനസാന്തരത്തിനും അവളുടെ വിമലഹൃദയത്തിൻ്റെ പുകഴ്ചയ്ക്കും വേണ്ടിയാണ് ഞാൻ എല്ലാം സഹിക്കുന്നതെന്ന് അവരോടു പറയുക" - വിശുദ്ധ ജസീന്താ മാർത്തോ (1910–1920).
പരിശുദ്ധ കന്യകാമറിയം പോർച്ചുഗലിലെ ഫാത്തിമായിൽ ദർശനം നൽകിയ മൂന്നു ഇടയക്കുട്ടികളിൽ ഒരാളാണ് ജസീന്ത . 1910 ജനിച്ച ജസീന്താ ഫ്രാൻസിസ്കോയുടെ ഇളയ സഹോദരിയായിരുന്നു. മാതാവ് ആദ്യ ദർശനം നൽകുമ്പോൾ അവൾക്കു ഏഴു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. നരക ദർശനം കാണിച്ച ശേഷം ആത്മാക്കളുടെ രക്ഷയ്ക്കായി ജപമാല അർപ്പിക്കാൻ ആ ബാലിക തീക്ഷണമായി പരിശ്രമിച്ചു. ആത്മാക്കളെ നേടുന്നതിനായി ഉച്ചഭക്ഷണം ഉപേക്ഷിക്കുന്ന രീതിവരെ ചെറുപ്രായത്തിൽ അവൾ അവലംബിച്ചു. സഹോദരൻ്റെ മരണക്കിടക്കയിൽ അവൾ ഫ്രാൻസിസ്കോ യോടു ഇപ്രകാരം പറഞ്ഞു. " നമ്മുടെ കർത്താവിനെയും അവൻ്റെ പ്രിയപ്പെട്ട അമ്മയെയും എൻ്റെ ആശംസകൾ അറിയിക്കുക. പാപികളുടെ മാനസാന്തരത്തിനും അവളുടെ വിമലഹൃദയത്തിൻ്റെ പുകഴ്ചയ്ക്കും വേണ്ടിയാണ് ഞാൻ എല്ലാം സഹിക്കുന്നതെന്ന് അവരോടു പറയുക."
1918 ൽ ശ്വാസകോശ സംബന്ധമായ രോഗം അവൾക്കും പിടിപെട്ടു. 1920 ഫെബ്രുവരി ഇരുപതാം തീയതി സ്വർഗ്ഗ ഭവനത്തിലേക്കു യാത്രയായി. 2017ൽ ഫാത്തിമാ ദർശനങ്ങളുടെ നൂറാം വാർഷികത്തിൽ സഹോദരൻ ഫ്രാൻസിസ്കോയ്ക്കൊപ്പം ജസീന്തയെയും ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലേക്കു ഉയർത്തി.
വിശുദ്ധ ജസീന്താ മാർത്തോയോടൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ ജസീന്തയെ, സഹനങ്ങൾ സ്വാഗതം ചെയ്യുന്നതിൽ ഞാൻ പലപ്പോഴും മടി കാണിക്കാറുണ്ട്. ശാരീരികവും മാനസികവും ആത്മീയവുമായ സഹനങ്ങളെ ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി സമർപ്പിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.