News - 2024

പീഡനമേല്‍ക്കുന്ന ക്രൈസ്തവരെ സമര്‍പ്പിച്ച് ഇന്ന് മുതല്‍ ഫാത്തിമ നൊവേന ചൊല്ലുവാന്‍ ആഹ്വാനം

പ്രവാചകശബ്ദം 04-05-2024 - Saturday

ന്യൂയോര്‍ക്ക്: ലോകമെമ്പാടും ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്കായി ഫാത്തിമ മാതാവിനോടുള്ള നൊവേന ചൊല്ലുവാന്‍ ആഹ്വാനവുമായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13ന് ഒരുക്കമായി ഇന്ന്‍ മെയ് 4 ശനിയാഴ്ച മുതൽ 12 ഞായറാഴ്ച വരെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് സംഘടനയുടെ ആഹ്വാനം. വെല്ലുവിളികളും പീഡനങ്ങളും നിറഞ്ഞ ലോകത്ത്, ദൈവമാതാവ് സംരക്ഷണത്തിനായുള്ള മാധ്യസ്ഥം വാഗ്ദാനം ചെയ്യുകയാണെന്നും നൊവേന ചൊല്ലി പ്രാർത്ഥിക്കുന്നത് അവിടുത്തെ ദിവ്യകാരുണ്യത്തിലേക്ക് അടുക്കാനും അവിടുത്തെ സംരക്ഷണം തേടാനും പ്രയാസകരമായ സമയങ്ങളിൽ ആശ്വാസം കണ്ടെത്താനുമുള്ള അവസരമാണെന്നു സംഘടന പ്രസ്താവിച്ചു.

ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട മാതാവ്, പീഡിപ്പിക്കപ്പെടുന്ന സഭയുടെ പ്രത്യേക മധ്യസ്ഥയായി കണക്കാക്കപ്പെടുന്നു. കാരണം അവളുടെ സന്ദേശങ്ങളിൽ റഷ്യയുടെ പരിവർത്തനത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ലോകത്തിലെ ക്രിസ്ത്യാനികൾക്കായി അഴിച്ചുവിടാൻ പോകുന്ന വലിയ പീഡനം വെളിപ്പെടുത്തുകയും ചെയ്തിരിന്നു. 20-ാം നൂറ്റാണ്ടില്‍ ഉടനീളം ഇന്നും ലോകത്തിൻ്റെ പല ഭാഗങ്ങളിലും ക്രൈസ്തവ പീഡനം തുടരുകയാണെന്നും അതിനാല്‍ പ്രാര്‍ത്ഥന തുടരേണ്ടത് വളരെ അനിവാര്യമാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് പ്രസ്താവിച്ചു.

ആഗോള തലത്തില്‍ പീഡനമേല്‍ക്കുന്ന ക്രൈസ്തവര്‍ക്ക് വലിയ രീതിയില്‍ സഹായം ലഭ്യമാക്കുന്ന സംഘടനയാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. 1967 സെപ്റ്റംബർ 14-ന് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടനയുടെ മധ്യസ്ഥയും സംരക്ഷകയുമായി ഫാത്തിമ മാതാവിനെ അംഗീകരിച്ചിരിന്നു. 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഫാത്തിമയിൽ ആറു തവണയാണ് പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കു പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഓരോ വര്‍ഷവും ദശലക്ഷണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ലോകത്തെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഫാത്തിമ.


Related Articles »