Youth Zone - 2024
ഈജിപ്ഷ്യന്‍ അനാഥാലയത്തിലേക്കുള്ള കാര്‍ളോ അക്യൂട്ടിസിന്റെ രൂപം പാപ്പ ആശീര്‍വദിച്ചു
പ്രവാചക ശബ്ദം 21-03-2021 - Sunday
വത്തിക്കാന്‍ സിറ്റി: ഈജിപ്തിലെ കെയ്റോയിലെ അനാഥാലയത്തിലേക്ക് അയക്കുവാനുള്ള വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ പൂര്‍ണ്ണകായ രൂപം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. മാര്‍ച്ച് പതിനെട്ടിലെ പൊതു അഭിസംബോധനയ്ക്കു ശേഷം അപ്പസ്തോലിക മന്ദിരത്തില്‍ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍വെച്ചായിരുന്നു വെഞ്ചരിപ്പ്. സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോയുടെ മാതാപിതാക്കളായ അന്റോണിയയും ആന്‍ഡ്രിയും, ഇരട്ട സഹോദരങ്ങളായ ഫ്രാന്‍സെസ്കായും മിഷേലും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മരത്തില്‍ കൈകൊണ്ട് കുരിശുരൂപങ്ങള്‍ കൊത്തിയുണ്ടാക്കുന്നതില്‍ നിപുണരായ വടക്കന്‍ ഇറ്റലിയിലെ കലാകാരന്‍മാരായ മാറ്റിയോയും ഡാനിയേല പെരാത്തോണറുമാണ് ചുവന്ന പോളോ ഷര്‍ട്ടും ടെന്നീസ് ഷൂസും അണിഞ്ഞു നില്‍ക്കുന്ന കാര്‍ളോയുടെ പൂര്‍ണ്ണകായ പ്രതിമയുടെ ശില്‍പ്പികള്‍. രൂപത്തിന്റെ ഹൃദയഭാഗത്തു നിന്നും ദിവ്യകാരുണ്യം സ്ഫുരിച്ച് നില്‍ക്കുന്ന രീതിയിലാണ് രൂപത്തിന്റെ നിര്‍മ്മാണം.
ദൈവത്തിന് പ്രഥമസ്ഥാനം നല്‍കുകയും, എളിയ സഹോദരങ്ങളിലൂടെ ദൈവത്തെ സേവിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുവാന്‍ സാധിക്കൂ എന്ന യുവജനങ്ങള്‍ക്കുള്ള സൂചനയാണ് വാഴ്ത്തപ്പെട്ട കാര്‍ളോയുടെ സാക്ഷ്യമെന്നു പാപ്പ പറഞ്ഞു. ആശീര്‍വദിക്കപ്പെട്ട രൂപം കെയ്റോയിലെ ബാംബിനോ ഗെസു അസോസിയേഷന്റെ കീഴിലുള്ള ‘ഒയാസിസ് ഓഫ് ദി പിയറ്റാ’ എന്ന അനാഥാലയത്തിലേക്കാണ് അയക്കുന്നത്. അനാഥാലയത്തിനു പുറമേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രികളും ബാംബിനോ ഗെസു അസോസിയേഷന്‍ കെയ്റോയില്‍ നടത്തിവരുന്നുണ്ട്. വിശ്വവിഖ്യാത ചിത്രകാരനും ശില്‍പ്പിയുമായിരുന്ന മൈക്കേല്‍ ആഞ്ചെലോയുടെ പ്രശസ്തമായ ‘പിയാത്താ’ എന്ന ശില്‍പ്പത്തിന്റെ ഒരു പകര്‍പ്പ് 2019-ല്‍ ഫ്രാന്‍സിസ് പാപ്പ ഈ അനാഥാലയത്തിന് സംഭാവന ചെയ്തിരിന്നു.
ബാംബിനോ ഗെസു അസോസിയേഷന്റെ പ്രസിഡന്റും, പാപ്പയുടെ രണ്ടാം പേഴ്സണല്‍ സെക്രട്ടറിയുമായിരുന്ന മോണ്‍. യോവാന്നിസ് ലാഹ്സി ഗൈദും, രൂപം നിര്‍മ്മിച്ച കലാകാരന്‍മാരും, അസീസ്സി അതിരൂപതാ മെത്രാപ്പോലീത്ത ഡൊമെനിക്കോ സോറെന്റീനോയും വെഞ്ചരിപ്പ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. തന്റെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വൈദഗ്ദ്യം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രചരണത്തിനായി സമര്‍പ്പിച്ച കാര്‍ളോ 2006-ലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ വ്യക്തിത്വമാണ് കാര്‍ളോയുടേത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക