India - 2024
മുരിങ്ങൂരില്‍ കുളിക്കാനിറങ്ങിയ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു
27-03-2021 - Saturday
ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ കുളിക്കാനിറങ്ങിയ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ പരേതരായ ജോര്‍ജിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ ഫാ. സെബാസ്റ്റ്യന്‍ പടയാട്ടില്‍ (54) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മുരിങ്ങൂരിലുള്ള സഹോദരി ആനിയുടെ വീട്ടില്‍ വന്നതായിരുന്നു. ബന്ധുക്കളോടൊപ്പം ആറങ്ങാലിക്കടവില്‍ കുളിക്കാനിറങ്ങിയ വൈദികന്‍ പുഴയുടെ മറുകരയിലേക്കു നീന്തിയതായിരുന്നു.
പുഴയില്‍നിന്നു കരയ്ക്കു കയറിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്ത് ഒസിഡി ആശ്രമത്തിലെ വൈദികനാണ്. ഇറ്റലിയിലായിരുന്ന ഇദ്ദേഹം, കാന്‍സര്‍ ബാധിച്ചതിനെതുടര്‍ന്ന് കിടങ്ങൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സഹോദരങ്ങള്‍: ജോസ് (റിട്ട. ജീവനക്കാരന്‍, അപ്പോളോ ടയേഴ്‌സ്), തോമസ്, സേവ്യര്‍ (ഇരുവരും ബിസിനസ്), സൈമണ്‍, ആനി, മേഴ്‌സി, ലിസി.