News - 2025

ഫാദര്‍ ടോമിന്റെ മോചനം വൈകുന്നതില്‍ ആശങ്ക: കെസിബിസി

സ്വന്തം ലേഖകന്‍ 10-06-2016 - Friday

കൊച്ചി: യെമനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതില്‍ കേരള കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ആശങ്ക അറിയിച്ചു. എത്രയും വേഗം ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം ലഭ്യമാക്കുന്നതിനു വേണ്ട എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ ഭാഗത്തു നിന്നും കൈക്കൊള്ളണമെന്നും കെസിബി മെത്രാന്‍മാരുടെ യോഗം ആവശ്യപ്പെട്ടു.

"ഫാദര്‍ ടോം ഉഴുന്നാലിലിന്റെ ദീര്‍ഘനാളത്തെ തീരോധാനത്തില്‍ കെസിബിസിക്ക് അതിയായ ആശങ്കയുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വൈദികന്റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. യെമനിലെ തീവ്രവാദികളുടെ പിടിയിലായിരിക്കുന്ന വൈദികന്റെ മോചനം വേഗം തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു". കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രസ്താവിക്കുന്നു. കോട്ടയം പാലാ രാമപുരം സ്വദേശിയായ ഫാദര്‍ ടോം യെമനില്‍ മദര്‍തെരേസ ഹോമില്‍ വൈദികനായി സേവനം ചെയ്യുകയായിരുന്നു. മാര്‍ച്ച് ആദ്യവാരമാണ് വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

വൈദികനെ ഐഎസ് തീവ്രവാദികള്‍ ദുഃഖവെള്ളിയാഴ്ച ക്രൂശിലേറ്റിയെന്ന വാര്‍ത്ത ഇതിനിടയില്‍ പുറത്തു വന്നിരുന്നു. പിന്നീട് ഇത് തെറ്റാണെന്നു ബോധ്യമായി. മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഫാദര്‍ ടോം സുരക്ഷിതനാണെന്നും മോചനം ഉടന്‍ സാധ്യമാകുമെന്നും പറഞ്ഞിരുന്നു. ഫാദര്‍ ടോം സേവനം ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ആക്രമണം നടന്ന സമയത്ത് മലയാളിയായ കന്യാസ്ത്രീ സാലി രക്ഷപ്പെട്ടിരുന്നു. കേരളത്തില്‍ പിന്നീട് എത്തിയ സാലി സിസ്റ്റര്‍ ഫാദര്‍ ടോമിനെ ബന്ധികള്‍ തട്ടിക്കൊണ്ടു പോയതടക്കമുള്ള സംഭവങ്ങള്‍ വിവരിച്ചിരുന്നു.

More Archives >>

Page 1 of 47